ഭക്ഷണ ക്രമത്തിലെ ആസൂത്രണം വഴി പ്രമേഹ രോഗികള്‍ക്ക് സുരക്ഷിതരാകാം

Posted on: June 8, 2016 7:55 pm | Last updated: June 8, 2016 at 7:55 pm

ദോഹ: ഭക്ഷണ ക്രമത്തിലെ മികച്ച ആസൂത്രണവും അവബോധവും റമസാന്‍ വ്രതകാലത്ത് പ്രമേഹ രോഗികള്‍ക്ക് സുരക്ഷിതരാകാനുള്ള മാര്‍ഗമാണെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മുഹ്മൂദ് അലി സിരീ. വ്രതകാലത്തുണ്ടാകുന്ന ആരോഗ്യ രംഗത്തെ സങ്കീര്‍ണതകക്കെതിരെ ജാഗ്രത പാലിക്കണം.
നോമ്പെടുക്കുന്ന പ്രമേഹരോഗികളില്‍ ഹൈപ്പോഗ്ലൈസീമിയ വികസിക്കാനുള്ള സാധ്യത കൂടുതലാണ്. 15 മണിക്കൂറോളം സമയം ഒരു ഭക്ഷണവും കഴിക്കാതിരിക്കുക എന്ന സാഹചര്യം രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ഗണ്യാമായി കുറയാന്‍ കാരണമാകും. പ്രമേഹര രോഗികള്‍ക്ക് പതിവുദിനചര്യകളിലേര്‍പ്പെടാന്‍ ആവശ്യമായ ഊര്‍ജം ഇല്ലാതെ വരാമെന്നും എച്ച് എം സി എന്‍ഡോ ക്രൈനോളജി ആന്‍ഡ് ഡയബറ്റിക് ഡിവിഷന്‍ മേധാവികൂടിയായ ഡോ. മഹ്മൂദ് പറഞ്ഞു. സാധാരണയായി പ്രമേഹം രണ്ടു വിഭാഗങ്ങളായാണ് വിഭജിക്കപ്പെട്ടിരിക്കുന്നത്. ടൈപ്പ് വണ്‍ പ്രധാനമായും കുട്ടികളിലാണ് കണ്ടു വരുന്നത്. ഇന്‍സുലിന്റെ കുറവു കൊണ്ടുണ്ടാകുന്ന ഈ പ്രശ്‌നം പ്രകടമാകുന്നവര്‍ നോമ്പെടുക്കുന്നത് ഒഴിവാക്കണം. ടൈപ്പ് ടു പൊതുവായി കണ്ടു വരുന്ന പ്രമേഹമാണ്. ഇതു ഇന്‍സുലിനെ ആശ്രയിച്ച് രൂപപ്പെടുന്നതല്ല.
ഭക്ഷണം വേണ്ടത്ര അളവില്‍ ശരീരത്തിന് ലഭിക്കാതെ വരുമ്പോഴാണ് ഹൈപ്പോഗ്ലൈസോമിയ സംഭവിക്കുന്നത്. ഇത് ശരീരത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നിതിനും മറ്റു അസുഖങ്ങള്‍ പിടിപെടുന്നതിനും കാരണമാകും. ഹൃദയമിടിപ്പില്‍ മാറ്റം വരാന്‍ വരെ കാരണമായേക്കാം. ഇത്തരം ഘട്ടങ്ങളില്‍ അടിയന്തര ചികിത്സക്കുവിധേയമാക്കണം. ചികിത്സ കിട്ടാതെ വന്നാല്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകുമെന്ന് അദ്ദേഹം പറയുന്നു. ബോധം നഷ്ടപ്പെടാന്‍ വരെ ഇടയാക്കിയേക്കാം. പ്രമേഹം പ്രശ്‌നം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നവര്‍ ഷുഗറിന്റെയും ഗ്ലൂക്കോസിന്റെയും സ്ഥിതി പരിശോധിച്ച് ഉറപ്പു വരുത്തണം.