പാഠപുസ്തക വിതരണം ഈ ആഴ്ച പൂര്‍ത്തിയാകും

Posted on: June 8, 2016 6:16 am | Last updated: June 8, 2016 at 12:17 am

കണ്ണൂര്‍: അധ്യയനവര്‍ഷത്തിന്റെ ആദ്യ ആഴ്ചയില്‍ തന്നെ പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കുമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ പ്രഖ്യാപനം ലക്ഷ്യം കാണുന്നു. പാഠപുസ്തകങ്ങളുടെ അച്ചടി നടക്കുന്ന കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റിയില്‍ നിന്ന് (കെ ബി പി എസ്) എണ്‍പത് ശതമാനത്തിലധികം പുസ്തകങ്ങള്‍ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞതായാണ് ഏകദേശ കണക്ക്. രണ്ടോ മൂന്നോ ദിവസത്തിനകം പാഠപുസ്തകങ്ങളുടെ വിതരണം പൂര്‍ത്തിയാക്കാനാകുമെന്നാണ് വിലയിരുത്തല്‍. 2,87,90,361 പുസ്തകങ്ങളാണ് ഇത്തവണ ആകെ ആവശ്യമുള്ളത്. കഴിഞ്ഞ നവംബര്‍ 15ന് തന്നെ പുസ്തകങ്ങളുടെ അച്ചടി തുടങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം പാഠപുസ്തക വിതരണത്തിലുണ്ടായ ക്രമക്കേടുകള്‍ പരിഹരിക്കാനായിരുന്നു ഇത്. പാഠപുസ്തകത്തിന്റെ ആദ്യ വിതരണം മാര്‍ച്ച് ആദ്യവാരം ആരംഭിച്ചിരുന്നു. ഏപ്രില്‍ മാസത്തില്‍ വിതരണം പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം. എന്നാല്‍ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം എല്ലായിടത്തും പുസ്തകങ്ങള്‍ എത്തിക്കാനായില്ല. അവധിക്കാലത്ത് പല സ്‌കൂളുകളിലും പുസ്തകം എത്തിയെങ്കിലും വില നിശ്ചയിക്കാത്തതു കൊണ്ട് സ്‌കൂള്‍ അധികൃതര്‍ വിതരണം നടത്തിയിരുന്നില്ല.
ഒന്ന് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പുസ്തകങ്ങള്‍ സൗജന്യമാണ്. ഒന്‍പത്, പത്ത് ക്ലാസുകളിലെ പുസ്തകത്തിനാണ് വില നല്‍കേണ്ടത്. ഒരു റൂട്ടില്‍ വിതരണം നടത്തുമ്പോള്‍ ചില സ്‌കൂളുകളില്‍ ഏറ്റുവാങ്ങാന്‍ ആളില്ലാതെ വരുന്നതു പോലെയുള്ള പ്രശ്‌നങ്ങള്‍ ചിലയിടത്തെങ്കിലും പുസ്‌കമെത്തിക്കുന്നതിനു തുടക്കത്തില്‍ തടസ്സമായി. എന്നാല്‍ പിന്നീട് ഇത്തരം കാര്യങ്ങള്‍ പൂര്‍ണമായുംപരിഹരിക്കപ്പെട്ടു. ഒമ്പത്, പത്ത് ക്ലാസുകളിലേക്കുള്ള പുസ്തകങ്ങളുടെ വിതരണം പൂര്‍ണമായും ഏപ്രിലില്‍ തന്നെ പൂര്‍ത്തിയാക്കാനുമായി. അവധിക്കാല ക്ലാസുകള്‍ തുടങ്ങുന്നതിന് മുന്‍പായി സ്‌കൂളുകളില്‍ ഇതെത്തിക്കേണ്ടതിനാലാണ് ഇക്കുറി അച്ചടി കൂടുതല്‍ വേഗത്തിലാക്കിയത്. പത്താം ക്ലാസിലെ ഐ ടി പുസ്തകത്തിന്റെ അച്ചടിയും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പൂര്‍ത്തിയാക്കി. ഈ ക്ലാസുകളിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പിന്റെ അച്ചടി മാത്രമായിരുന്നു നീണ്ടത്. ഹെസ്‌കൂള്‍ ക്ലാസുകളിലേക്കുള്ള പുസ്തകങ്ങളുടെ വിതരണമാണ് ആദ്യഘട്ടത്തില്‍ പ്രധാനമായും നടത്തിയിരുന്നത്.
വിതരണത്തില്‍ പത്താം ക്ലാസിന് പ്രത്യേക പരിഗണന നല്‍കാനും കെ ബി പി എസ് ശ്രദ്ധിച്ചിരുന്നു. 54,18,286 പുസ്തകങ്ങള്‍ ആവശ്യമുള്ള മലപ്പുറത്താണ് ഇതിനകം ഏറ്റവുമധികം പുസ്തകങ്ങള്‍ വിതരണം ചെയ്തത്. 80 ശതമാനത്തോളം പുസ്തകങ്ങള്‍ ഇവിടെ വിതരണം ചെയ്തുകഴിഞ്ഞു.കോട്ടയം ,ആലപ്പുഴ,എറണാകുളം,കണ്ണൂര്‍,പാലക്കാട് എന്നീ ജില്ലകളിലും എണ്‍പത് ശതമാനത്തിലധികം പുസ്തകങ്ങള്‍ വിതരണം ചെയ്തു കഴിഞ്ഞു.
പത്തനംതിട്ടയിലാണ് പുസ്തക വിതരണം വൈകിത്തുടങ്ങിയത്. എന്നാല്‍ ഇവിടെയും പുസ്തകവിതരണം സജീവമായി. ഈ മാസം 15നകം പുസ്‌ക വിതരണം പൂര്‍ത്തിയാക്കണമെന്നായിരുന്നു വിദ്യഭ്യാസ മന്ത്രിയുടെ നിര്‍ദേശം. ഇതിന്റെയടിസ്ഥാനത്തില്‍ വിതരണം കുറേക്കൂടി കാര്യക്ഷമമാക്കാന്‍ അധികൃതര്‍ കെ ബി പി എസിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈമാസം പത്തിനകം തന്നെ പുസ്തക വിതരണം പൂര്‍ത്തിയാക്കാനാകുമെന്നാണ് ടെക്സ്റ്റ് ബുക്ക് വിതരണ അധികൃതര്‍ പറയുന്നത്. മുന്‍ വര്‍ഷം അധ്യയന വര്‍ഷം തുടങ്ങി മാസങ്ങള്‍ക്കു ശേഷമാണ് പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്.