ജിദ്ദയില്‍ ‘കോഴിക്കോട് ജില്ലാ ഫോറം’ രൂപീകരിച്ചു

Posted on: June 7, 2016 7:59 pm | Last updated: June 7, 2016 at 7:59 pm
SHARE

calicut forum jidhaജിദ്ദ: സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ കൂട്ടായ പ്രവര്‍ത്തനത്തിനു കോഴിക്കോട് ജില്ലക്കാര്‍ക്ക് വേണ്ടി ഒരു പുതിയ കൂട്ടായ്മ കോഴിക്കോട് ഡിസ്ട്രിക്റ്റ് ഫോറം (കെ ഡി എഫ്) പിറവി കൊണ്ടു. ജിദ്ദയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളാണു കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്നത്.
കോഴിക്കോട് ജില്ലക്കാരായ ഏതൊരാള്‍ക്കും സംഘടനയില്‍ അംഗമാവാം. പ്രവര്‍ത്തന സൗകര്യാര്‍ത്ഥം വടകര, എലത്തൂര്‍, തിരുവമ്പാടി, കോഴിക്കോട് എന്നീ നാല് മേഖലകളാക്കി തിരിച്ചാണു സംഘടന പ്രവര്‍ത്തിക്കുക. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങളും മേഖല അടിസ്ഥാനത്തില്‍ ആയിരിക്കും. ഓരോ മേഖലക്കും വെവ്വേറെ ആളുകള്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.

ജീവകാരുണ്യ മേഖലയ്ക്കാണ് സംഘടന പ്രാമുഖ്യം നല്‍കുകയെന്നു സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാര്‍പ്പിടമില്ലാത്ത നിരാലംബര്‍ക്ക് വര്‍ഷന്തോറും ഓരോ വീടുകള്‍ നിര്‍മ്മിച്ചു കൊടുക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. പ്രവാസികളുടെ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിവിധ വിഷയങ്ങളില്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുക, പ്രവാസികള്‍ക്കിടയില്‍ ആരോഗ്യ ബോധവല്ക്കരണം നടത്തുക, കഷ്ടതയനുഭവിക്കുന്ന പ്രവാസികള്‍ക്ക് സാധ്യമാകുന്ന സഹായങ്ങള്‍ നല്കുക എന്നിവയാണു ലക്ഷ്യമാക്കുന്ന പരിപാടികള്‍. ജില്ലാ ആസ്ഥാനത്ത് സംഘടനയുടെ കീഴില്‍ സാംസ്‌കാരിക കേന്ദ്രം തുടങ്ങുകയും സംഘടന ലക്ഷ്യമാക്കുന്നു.
ഹിഫ്‌സുറഹ്മാന്‍ വി പി (പ്രസിഡന്റ്), റഷീദ് കൊളത്തറ (ജന. സെക്രട്ടറി), നാസര്‍ ഫറോക്ക് (ട്രഷറര്‍) എന്നിവരാണ് ഫോറത്തിന്റെ മുഖ്യ ഭാരവാഹികള്‍. സംഘത്തിന്റെ വിപുലമായ സംഗമം ഒക്ടോബര്‍ 21 നു ജിദ്ദയില്‍ വെച്ചു നടക്കും. ഈ വര്‍ഷം ലീഗ് അടിസ്ഥാനത്തില്‍ അഖില സൗദി വോളീബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാനും തീരുമാനിച്ചതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here