സര്‍വകലാശാല അസിസ്റ്റന്റ്: പി എസ് സി ലിസ്റ്റ് 30നകം

Posted on: June 7, 2016 6:00 am | Last updated: June 7, 2016 at 12:46 am
SHARE

തിരുവനന്തപുരം: കഴിഞ്ഞ 24ന് പി എസ് സി നടത്തിയ സര്‍വകലാശാല അസിസ്റ്റന്റ് പരീക്ഷയുടെ സാധ്യതാപട്ടിക ഈ മാസം 30നകം പ്രസിദ്ധീകരിക്കാന്‍ കമ്മീഷന്‍ യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. മെയിന്‍ ലിസ്റ്റില്‍ 5,000 പേരെയും അനുബന്ധ സപ്ലിമെന്ററി പട്ടികയും ഉള്‍പ്പെടുത്തിയുള്ള പട്ടിക പ്രസിദ്ധീകരിക്കാനാണ് തീരുമാനം. 13 സര്‍വകലാശാലകളിലെ ഒഴിവുകളിലേക്കാണ് പരീക്ഷ നടത്തിയത്. സംസ്ഥാനത്ത് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷന്‍ നടത്താനും യോഗം തീരുമാനിച്ചു.
ഉദ്യോഗാര്‍ഥികള്‍ തിരുവനന്തപുരത്തെ പി എസ് സി ആസ്ഥാനത്ത് നേരിട്ടെത്തി വേരിഫിക്കേഷന്‍ നടത്തുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാലാണ് അതത് ജില്ലകളില്‍ വേരിഫിക്കേഷന് സൗകര്യമൊരുക്കിയതെന്ന് പി എസ് സി അറിയിച്ചു.
എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റില്‍ ക്രമക്കേട് നടത്തിയ ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുപ്പ് നടപടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തി.
മാനന്തവാടി സ്വദേശി എം സി ചന്ദ്രന്‍, വയനാട് കല്‍പ്പറ്റ സ്വദേശി വി വിനോദ്, വെള്ളമുണ്ട സ്വദേശി പ്രദോഷ്‌കുമാര്‍, തിരുവനന്തപുരം വെള്ളറ സ്വദേശി എം എസ് ബൈജു മോഹനന്‍, കോട്ടയം എരുമേലി കെ ആര്‍ സുരേഷ്, ആലപ്പുഴ കൈനകരി സ്വദേശി പി അനില്‍കുമാര്‍, കൊല്ലം കിടങ്ങയം നോര്‍ത്ത് സ്വദേശി എസ് അനുരാഗ്, കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഇ ഷറഫുദ്ദീന്‍, കോഴിക്കോട് കുറ്റ്യാടി സ്വദേശി ഒ മോഹനന്‍ എന്നീ ഉദ്യോഗാര്‍ഥികള്‍ക്കാണ് സ്ഥിരം വിലക്കേര്‍പ്പെടുത്താന്‍ പി എസ് സി തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here