കേള്‍ക്കാത്ത മറുപടികള്‍

ഗോധ്രയിലുണ്ടായ ദാരുണമായ തീവെപ്പിനോടുള്ള ഉടന്‍ പ്രതികരണമാണോ അതോ, നിഷ്ഠൂരമായ ഗൂഢാലോചനയാണോ ഗുല്‍ബര്‍ഗും നരോദപാട്ടിയയും സര്‍ദാര്‍പുരയും ബെസ്റ്റ് ബേക്കറിയുമടക്കം നിരവധി കൊലപാതകങ്ങളിലേക്കും ആക്രമണങ്ങളിലേക്കും നയിച്ചത് എന്ന നിര്‍ണായകമായ ചോദ്യം ഈ വിധിയിലൂടെ എന്നെന്നേക്കുമായി അവസാനിക്കാന്‍ പോകുന്നില്ല. സംസ്ഥാന സര്‍ക്കാറിന്റെ സമീപനം, നിസ്സംഗതയായിരുന്നോ അതോ ബോധപൂര്‍വമുള്ള മാറി നില്‍ക്കലായിരുന്നോ എന്ന ചോദ്യവും നീതിന്യായ വ്യവസ്ഥയുടെ തീര്‍പ്പിനായി ബാക്കി നില്‍ക്കുന്നു.
Posted on: June 7, 2016 6:00 am | Last updated: June 7, 2016 at 12:18 am
SHARE

gulberg_society480പതിനാലു വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു. എന്തിനാണതിനിയും വെറുതേ ഓര്‍ത്തെടുക്കുന്നത്. കഴിഞ്ഞത് കഴിഞ്ഞു. മറക്കാന്‍ കഴിയുന്നതു കൂടിയല്ലേ മനുഷ്യത്വം? നടുക്കുന്ന ഓര്‍മകള്‍ക്കും വലിച്ചിഴക്കപ്പെട്ട നീതിനിര്‍വഹണപ്രക്രിയക്കും ഇടയില്‍ ഇനിയും ജീവനൊടുങ്ങിയിട്ടില്ലാത്ത കുറെപ്പേര്‍ അവിടെ ശേഷിക്കുന്നുണ്ട്. അവരുടെയും പ്രിയപ്പെട്ടവരുടെയും ജീവിതങ്ങള്‍ ചുട്ടുകരിച്ചിട്ടു മാത്രമല്ല, വികസനത്തിന്റെ പുതിയ കൊട്ടകൊത്തളങ്ങള്‍ പണിതുയര്‍ത്തിയിട്ടുള്ളത്. ഈ രാഷ്ട്രത്തിന്മേലും സംസ്‌കാരത്തിന്മേലും അതിന്റെ ജനാധിപത്യ- മതനിരപേക്ഷ അടിത്തറയിന്മേലും ഏല്‍പ്പിച്ചിട്ടുള്ള മാരകമായ വിള്ളല്‍ അടക്കുന്നതിനുള്ള ഒരു സമീപനവും ഉണ്ടായിട്ടില്ല എന്ന കാര്യമാണ് അവരെയും നമ്മളെയും ഉത്കണ്ഠാകുലരാക്കുന്നത്. 2016 ജൂണ്‍ രണ്ടിനാണ് അഹമ്മദാബാദിലെ പ്രത്യേക ട്രയല്‍ കോടതി ആ വിധി പ്രഖ്യാപിച്ചത്. ട്രയല്‍ കോടതിക്കു മുകളില്‍, മുന്‍സിഫ് കോടതികളും ഹൈക്കോടതിയിലെ സിംഗിള്‍ ബഞ്ചുകളും ഫുള്‍ ബഞ്ചുകളും ചീഫ് ജസ്റ്റിസും അതിനും മുകളില്‍ സുപ്രീം കോടതിയും എല്ലാമുണ്ട്. അവിടെയൊക്കെ നിങ്ങള്‍ക്ക് നീതി അന്വേഷിച്ചും പ്രതീക്ഷിച്ചും നിരങ്ങാം. ഇന്ത്യ അവശേഷിക്കുന്നുണ്ട്. നീതി മുഴുവനായി കെട്ടുപോയിട്ടില്ല. ഇരുപത്തി നാലു പേരെയാണ് കുറ്റക്കാരെന്നു കണ്ടെത്തിയിരിക്കുന്നത്. അതില്‍ തന്നെ പതിനൊന്നു പേരാണ്, കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. ബാക്കിയുള്ളവര്‍ കലാപവും കവര്‍ച്ചയും നടത്തിയവര്‍ മാത്രം. അതൊന്നുമല്ല, വിചിത്രം. ഈ മാരകമായ കൂട്ടക്കൊലക്കു പിന്നില്‍ ഗൂഢാലോചനയൊന്നും നടന്നതായി, ലഭ്യമായ തെളിവുകള്‍ വെച്ച് കരുതാന്‍ കഴിയില്ലെന്നും അതുകൊണ്ട് ആ ചാര്‍ജ് നിലനില്‍ക്കുന്നില്ലെന്നും കോടതി കണ്ടെത്തി. അതുകൊണ്ടു തന്നെ ഭരണകക്ഷി നേതാക്കളും പൊലീസുദ്യോഗസ്ഥരുമടക്കമുള്ള മുപ്പത്തിയാറു പേരെ സംശയത്തിന്റെ ആനുകൂല്യത്തില്‍ കോടതി വെറുതെ വിട്ടു.
2002 ഫെബ്രുവരി അവസാനം നടന്ന ഗോധ്രാനന്തര ഗുജറാത്ത് കലാപത്തില്‍(വംശഹത്യ എന്നു വിളിക്കരുതെന്നാണ് സൈദ്ധാന്തികര്‍ കല്‍പ്പിച്ചിരിക്കുന്നത്!) അഹമ്മദാബാദിലെ സമ്പന്നരായ മുസ്‌ലിംകള്‍ താമസിക്കുന്ന ഗുല്‍ബര്‍ഗ് സൊസൈറ്റിയിലെ ബംഗ്ലാവുകളും അപ്പാര്‍ടുമെന്റുകളും അതിനുള്ളില്‍ കുടുങ്ങിപ്പോയ മനുഷ്യരും ആക്രമിക്കപ്പെട്ട ദാരുണമായ സംഭവത്തിനോട് ഇന്ത്യന്‍ നീതിന്യായവ്യവസ്ഥ നടത്തിയ ആദ്യത്തെ പ്രധാനപ്പെട്ട പ്രതികരണമായിരുന്നു ഈ വിധി. സാധാരണ വര്‍ഗീയ ലഹളകളില്‍ ചേരിനിവാസികളും തെരുവില്‍ കിടന്നുറങ്ങുന്നവരുമായ ഏറ്റവും ദരിദ്രരായവരാണ് പെട്ടെന്ന് ആക്രമിക്കപ്പെടാറുള്ളത്. അവര്‍ക്ക് ഒളിക്കാന്‍ മറ്റിടങ്ങളൊന്നുമില്ലല്ലോ. ഗൂജറാത്ത് കലാപത്തിലും ഈ പ്രവണതക്കു കുറവൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍, ശ്രദ്ധേയമായ ഒരു സംഗതി സമൂഹത്തില്‍ വന്‍ സ്വാധീനമുള്ളവരും ധനികരും ആയ ന്യൂനപക്ഷ സമുദായാംഗങ്ങളും അതിനിഷ്ഠൂരമായി ആക്രമിക്കപ്പെട്ടു എന്നതാണ് ഗുല്‍ബര്‍ഗ് സംഭവത്തിന്റെ സവിശേഷത. അഹമ്മദാബാദിലെ മുന്‍ കോണ്‍ഗ്രസ് എം പി യായിരുന്ന ഇഹ്‌സാന്‍ ജാഫ്രിയുടെ വീടും ഓഫീസും ആക്രമിക്കപ്പെട്ടതും അദ്ദേഹത്തെയും കുടുംബാംഗങ്ങളെയുമടക്കം 69 പേരെ കൊലപ്പെടുത്തിയതും ലോകവ്യാപകമായി മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. സമൂഹത്തില്‍ ഇത്തരക്കാര്‍ക്കുള്ള സ്വാധീനത്തെയും അവരുടെ സാമ്പത്തിക ശേഷിയെയും വെല്ലുവിളിക്കുകയും തുടച്ചുമാറ്റുകയും ചെയ്യുക എന്ന’ശാസ്ത്രീയ ഉദ്ദേശ്യം തന്നെയാണ് ഈ ആക്രമണങ്ങള്‍ക്കു പുറകിലുള്ള ചോദന. രാകേശ് ശര്‍മയുടെ പ്രസിദ്ധ ഡോക്കുമെന്ററിയായ ‘ഫൈനല്‍ സൊല്യൂഷന്‍’ രണ്ടാം ഭാഗമായ ‘ഭീകരതയുടെ വ്യാപനം’ (The Terror Trail) തുടങ്ങുന്നത് ഇഹ്‌സാന്‍ ജാഫ്രിയുടെ അപാര്‍ട്‌മെന്റിന്റെ തകര്‍ച്ചയുടെ വിശദാംശങ്ങള്‍ കാണിച്ചുകൊണ്ടാണ്. തന്റെ വീടിനു പുറത്ത് ആയിരക്കണക്കിന് അക്രമികള്‍ തമ്പടിച്ചപ്പോള്‍ അദ്ദേഹം സഹായം അഭ്യര്‍ഥിച്ച് എ ഐ സി സി നേതാവായ അഹമ്മദ് പട്ടേലിനെയും സംസ്ഥാന പ്രതിപക്ഷനേതാവായ അമര്‍സിംഗ് ചൗധരിയെയും ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. എന്തിന്, അദ്ദേഹം ഏറ്റവും വലിയ നേതാവിനെയും വിളിച്ചു. പക്ഷേ, ആ വിളിക്കു ശേഷമാണ് അദ്ദേഹത്തിന് എല്ലാ ആശയും അറ്റുപോയതെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. ആ നേതാവില്‍ നിന്നു ലഭിച്ച മറുപടി എന്തെന്ന് ഒരു പക്ഷേ ഒരു കാലത്തും ആരും അറിയാന്‍ പോകുന്നില്ല. എന്നാല്‍ ആ കേള്‍ക്കാത്ത മറുപടിയുടെ മുഴക്കമാകട്ടെ ചിത്രം അവസാനിച്ച് ദിവസങ്ങള്‍ കഴിഞ്ഞാലും കാണിയുടെ ഹൃത്തടത്തില്‍ നിന്ന് വിട്ടുമാറുകയുമില്ല.
ഇഹ്‌സാന്‍ ജാഫ്രിയുടെ പത്‌നി സാക്കിയയും മകള്‍ നിഷ്‌റിനും മകന്‍ തന്‍വീറും അടക്കമുള്ളവര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. കണ്ണീരാണോ നിശ്ചയദാര്‍ഢ്യമാണോ പ്രതീക്ഷയാണോ, എന്താണവരുടെ മുഖഭാവം എന്ന് ബോധ്യപ്പെടാന്‍ ബുദ്ധിമുട്ടാണ്. കവിയും (1996ലാണ് ഖന്ദീല്‍(റാന്തല്‍) എന്നു ശീര്‍ഷകമുള്ള ഉര്‍ദു കാവ്യസമാഹാരം അദ്ദേഹം പ്രസിദ്ധീകരിച്ചത്) ആദര്‍ശവാദിയും തൊഴിലാളി യൂനിയന്‍ നേതാവും പ്രോഗ്രസ്സീവ് എഡിറ്റേഴ്‌സ് യൂനിയന്റെ ജനറല്‍ സെക്രട്ടറിയും മതനിരപേക്ഷ – ദേശീയവാദിയും ആയിരുന്ന ജാഫ്രി, കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവും എം പിയും ഗുജറാത്ത് രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിവുള്ള വ്യക്തിത്വവുമായിരുന്നു. ഇന്ത്യന്‍ പ്രസിഡന്റ് മുതല്‍ ഗുല്‍ബര്‍ഗ് സൊസൈറ്റിക്കു തൊട്ടടുത്തുള്ള പൊലീസ് ചൗക്കിയിലെ കോണ്‍സ്റ്റബിളിനെ വരെ ഫോണിലോ നേരിട്ടോ ബന്ധപ്പെടാനും സംസാരിക്കാനുമുള്ള കമ്യൂണിക്കേഷന്‍ ചാനലുകള്‍ കൈവശമുള്ള ഒരു മുതിര്‍ന്ന, പക്വതയുള്ള നേതാവായിരുന്നു അദ്ദേഹം. അതുകൊണ്ടു തന്നെ, അദ്ദേഹത്തിന്റെ വീട്ടിലും വീട് ഉള്‍ക്കൊള്ളുന്ന ഭവനസമുച്ചയത്തിലുമെത്തിപ്പെട്ടാല്‍ തങ്ങളുടെ ജീവന്‍ സുരക്ഷിതമായിരിക്കും എന്നു ധരിച്ച് അവിടെയെത്തിയ കുറെയധികം നിസ്സഹായരായ ആളുകളുമുണ്ടായിരുന്നു. അവര്‍ കൂടിയാണ് കൊല ചെയ്യപ്പെട്ടതും കവര്‍ച്ച ചെയ്യപ്പെട്ടതും നിത്യ ദുരിതത്തിലേക്ക് തള്ളിവിടപ്പെട്ടതും. ഫാസിസ്റ്റുകള്‍ നടത്തിയ മാരകമായ ആക്രമണത്തിന്റെ കുന്തമുന; സമ്പത്തും സ്വാധീനവും ഭരണകേന്ദ്രങ്ങളിലെ പദവിയും ബന്ധങ്ങളും വരെ അടങ്ങുന്ന ജാഫ്രിയുടേതു പോലെ ഒരാളുടെ ധൈര്യവും അദ്ദേഹത്തില്‍ അനുയായികളും പരിചയക്കാരും അര്‍പ്പിച്ച വിശ്വാസവും തകര്‍ക്കുക എന്നതായിരുന്നു. അത് യാഥാര്‍ത്ഥ്യമാകുകയും ചെയ്തു.
ജാഫ്രിയുടെ കൊലപാതകത്തിലൂടെ നഷ്ടമായത്, സാമൂഹികബോധവും ആത്മീയ നൈര്‍മല്യവുമുള്ള ഒരു ദേശീയ രാഷ്ട്രീയ നേതാവിനെ മാത്രമായിരുന്നില്ല. സാഹോദര്യം, ആധുനികതക്കും നവീകരണത്തിനും വേണ്ടിയുള്ള നിരന്തരമായ വെമ്പല്‍ എന്നിങ്ങനെയുള്ള ഇന്ത്യന്‍ പാരമ്പര്യത്തിന്റെ നേരായ ഒരു പ്രതീകം കൂടിയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മകള്‍ നിഷ്‌റിന്റെ സുഹൃത്തിന്റെ ഇന്‍ബോക്‌സില്‍ അജ്ഞാതനായ ഒരനുയായി നിക്ഷേപിച്ച, വൈകിയെഴുതിയതെന്ന് വിശേഷിപ്പിക്കപ്പെട്ട അനുസ്മരണക്കുറിപ്പില്‍ അവലോകനം ചെയ്യപ്പെടുന്നു. ഈ കലുഷിത കാലത്ത്, വൈവിധ്യം കൊണ്ട് സമ്പന്നമായ ഇന്ത്യയുടെ സംസ്‌കാരത്തിന് അദ്ദേഹത്തെ പോലുള്ള ഒരു വ്യക്തിത്വത്തിന് ഏറെ സംഭാവനകള്‍ ചെയ്യാനാകുമായിരുന്നു. പ്രിയങ്കരനായ രാജകുമാരാ വിട; മാലാഖമാരുടെ കൂട്ടങ്ങള്‍ അങ്ങയെ വിശ്രാന്തിയിലേക്ക് നയിക്കട്ടെ(ഷെക്‌സ്പിയറുടെ ഹാംലറ്റില്‍ നിന്ന്).
വര്‍ഗീയ ലഹളകളില്‍ കുറ്റാരോപിതരായവര്‍, നീണ്ടു പോകുന്ന നീതിന്യായ പ്രക്രിയക്കിടയില്‍ രക്ഷപ്പെട്ടു പോകുന്നതാണ് ഇന്ത്യയിലെ പതിവ്. 2002ലെ ഗുജറാത്ത് ഇതിന് വലിയ ഒരപവാദമൊന്നുമല്ല. എന്നാല്‍, ടീസ്റ്റ സെറ്റല്‍വാദ് അടക്കമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സംഘടനകളുടെയും നിരന്തരമായ പരിശ്രമത്തെ തുടര്‍ന്ന് ബെസ്റ്റ് ബേക്കറി കേസും ബില്‍ക്കിസ് ബാനു കേസും ഗുജറാത്തിനു പുറത്തുള്ള കോടതികളിലേക്ക് മാറ്റപ്പെടുകയും വിധിപ്രസ്താവങ്ങളിലേക്ക് നയിക്കപ്പെടുകയും ചെയ്തു. ഇതിന്റെയെല്ലാം പേരില്‍ ടീസ്റ്റ അടക്കമുള്ള ഫാസിസ്റ്റ്‌വിരുദ്ധ ആക്ടിവിസ്റ്റുകള്‍ നേരിടുന്ന ഭീഷണികളും സമ്മര്‍ദങ്ങളും ഇന്ത്യയുടെ സമകാലിക ചരിത്രത്തെ കൂടുതല്‍ സംഘര്‍ഷഭരിതമാക്കുന്നുണ്ട്. ചരിത്രപരമായ വിധി ഉണ്ടായത് നരോദ പാട്ടിയ കേസിലാണ്. തൊണ്ണൂറ്റേഴ് മുസ്‌ലിംകളാണ് അവിടെ കൊല്ലപ്പെട്ടത്. ഗൂഢാലോചന അവിടെ തെളിയിക്കപ്പെടുകയും, മുന്‍ സംസ്ഥാന മന്ത്രിയും ബജ്‌രംഗ്ദള്‍ നേതാവുമടക്കം കുറ്റാരോപിതരെ ജീവപര്യന്തമടക്കമുള്ള ശിക്ഷകള്‍ക്ക് വിധിക്കപ്പെടുകയും ചെയ്തു. മുപ്പത്തിമൂന്നു പേര്‍ കൊല്ലപ്പെട്ട സര്‍ദാര്‍പുരയിലാകട്ടെ, മുപ്പത്തിയൊന്ന് കുറ്റവാളികളെ ശിക്ഷിക്കുകയും നാല്‍പ്പത്തിരണ്ട് പേരെ വെറുതെ വിടുകയും ചെയ്തു.
കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേഷ് അഭിപ്രായപ്പെട്ടതു പോലെ, ഇതൊരു അര്‍ധ വിജയമാണ്. കൊലപാതകങ്ങളും ആക്രമണങ്ങളും പ്രത്യക്ഷത്തില്‍ നടത്തിയവരില്‍ ഒരു വിഭാഗം ശിക്ഷിക്കപ്പെട്ടു. എന്നാല്‍, അതിനവരെ ഏല്‍പ്പിച്ച ഗൂഢാലോചനക്കാരായ ‘ബുദ്ധികേന്ദ്രങ്ങള്‍’ രക്ഷപ്പെട്ടിരിക്കുന്നു. വെറുതെ വിടപ്പെട്ടവരുടെ എണ്ണം മുപ്പത്താറാണ് എന്നത് ഒരധിക സംഖ്യയാണ് എന്നാണ് സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായിരുന്ന ആര്‍ കെ രാഘവന്റെ പ്രതികരണം. എങ്ങനെയാണ് വെറും പതിനൊന്ന് പേര്‍ക്ക് അറുപത്തിയൊമ്പത് നിസ്സഹായരെ കൊലപ്പെടുത്താനും സമാനതകളില്ലാത്ത വിധത്തിലുള്ള ആക്രമണങ്ങള്‍ നടത്താനും സാധിക്കുന്നത് എന്ന് ഇരകളാക്കപ്പെട്ടവരുടെ കുടുംബാംഗങ്ങളടക്കമുള്ളവര്‍ ചോദിക്കുന്നുണ്ട് എന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകനായ ഫാദര്‍ സെദ്രിക് പ്രകാശ് സാക്ഷ്യപ്പെടുത്തുന്നത്.
ഗോധ്രയിലുണ്ടായ ദാരുണമായ തീവെപ്പിനോടുള്ള ഉടന്‍ പ്രതികരണമാണോ അതോ, നിഷ്ഠൂരമായ ഗൂഢാലോചനയാണോ ഗുല്‍ബര്‍ഗും നരോദപാട്ടിയയും സര്‍ദാര്‍പുരയും ബെസ്റ്റ് ബേക്കറിയുമടക്കം നിരവധി കൊലപാതകങ്ങളിലേക്കും ആക്രമണങ്ങളിലേക്കും നയിച്ചത് എന്ന നിര്‍ണായകമായ ചോദ്യം ഈ വിധിയിലൂടെ എന്നെന്നേക്കുമായി അവസാനിക്കാന്‍ പോകുന്നില്ല. സംസ്ഥാന സര്‍ക്കാറിന്റെ സമീപനം, നിസ്സംഗതയായിരുന്നോ അതോ ബോധപൂര്‍വമുള്ള മാറി നില്‍ക്കലായിരുന്നോ എന്ന ചോദ്യവും നീതിന്യായ വ്യവസ്ഥയുടെ തീര്‍പ്പിനായി ബാക്കി നില്‍ക്കുന്നു.
ഈ കുറിപ്പവസാനിപ്പിക്കട്ടെ. ഗുജറാത്ത് വംശഹത്യ നടന്നതിന്റെ തൊട്ടു പുറകെ, കോഴിക്കോട്ട് നടന്ന ഒരു ചര്‍ച്ചാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ശബ്‌നം ഹാശ്മി ഇവിടത്തെ പ്രവര്‍ത്തകരോട് ഇപ്രകാരം പറഞ്ഞതായി ആ യോഗത്തില്‍ പങ്കെടുത്ത എഴുത്തുകാരനും കവിയുമായ ഫസല്‍ റഹ്മാന്‍ ഓര്‍മിച്ചെടുക്കുന്നു: നിങ്ങളിവിടെ ചര്‍ച്ച ചെയ്ത് സമയം കൊല്ലുന്നതിനു പകരം, ഗുജറാത്തിലേക്ക് വരൂ. മറ്റൊന്നും ചെയ്യേണ്ട, ഇരകളുടെ വിരലറ്റങ്ങളില്‍ ഒന്നു സ്പര്‍ശിച്ചാല്‍ മതിയാകും. അവര്‍ക്കത് അനല്‍പമായ ആശ്വാസമാണ് ഏകുക.

LEAVE A REPLY

Please enter your comment!
Please enter your name here