ഇന്ത്യയുടെ ആകാശപ്പാത തുറപ്പിക്കാന്‍ സമ്മര്‍ദവുമായി ഖത്വര്‍

Posted on: June 2, 2016 8:17 pm | Last updated: June 2, 2016 at 8:17 pm

qatarദോഹ:ഇന്ത്യന്‍ നഗരങ്ങളിലേക്ക് നിയന്ത്രണങ്ങളില്ലാതെ വിമാന സര്‍വീസ് നടത്താന്‍ സാധിക്കുന്ന ഓപണ്‍ സ്‌കൈ പോളിസിക്കായി ഖത്വറിന്റെ കൊണ്ടുപിടിച്ച ശ്രമം. മറ്റന്നാള്‍ ആരംഭിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശന വേളയില്‍ തന്നെ കരാറില്‍ ഒപ്പു വെക്കുന്നതിനു വേണ്ടി ഖത്വര്‍ ഡല്‍ഹിയില്‍ ഉന്നതതല സമ്മര്‍ദം ചെലുത്തുന്നതായി എകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയിലേക്ക് കൂടുതല്‍ വിമാന സീറ്റുകള്‍ ലഭിക്കുന്നിന് ഖത്വര്‍ വര്‍ഷങ്ങളായി ശ്രമിച്ചു വരുന്നുണ്ട്. 2009ലാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഒടുവില്‍ വ്യോമയാന സീറ്റുകള്‍ സംബന്ധിച്ച് ധാരണയിലെത്തിയത്. ഇതനുസരിച്ച് ആഴ്ചയില്‍ 24,000 സീറ്റുകളാണ് ഖത്വറിന് ഇന്ത്യയിലേക്കും ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ഖത്വറിലേക്കും സര്‍വീസ് നടത്താവുന്നത്. ഇത് അയല്‍രാജ്യ നഗരങ്ങളായ ദുബൈ, അബുദാബി എന്നിവിടങ്ങളിലേക്കുള്ളതിന്റെ പകുതി മാത്രമാണ്. ഇതു ചൂണ്ടിക്കാട്ടിയാണ് ഖത്വര്‍ വര്‍ഷങ്ങളായി സമ്മര്‍ദം തുടരുന്നത്. ആവശ്യം ഉന്നയിച്ച് രാജ്യം ഇന്ത്യാ ഗവണ്‍മെന്റിന് ഔദ്യോഗിക കത്ത് നല്‍കിയിട്ടുണ്ട്. ഖത്വറിന്റെ ആവശ്യം പരിശോധിച്ചു വരികയാണെന്നും നടപടികള്‍ സ്വീകരിക്കുമെന്നും വ്യോമയാന മന്ത്രാലയം വക്താവ് പറഞ്ഞു. ഖത്വറിനു പുറമേ ഇതര ഗള്‍ഫ് നാടുകളും കൂടുതല്‍ സീറ്റുകള്‍ ലഭിക്കുന്നതിനായി രംഗത്തുണ്ട്.

ഖത്വറിന്റെ ആവശ്യമായതിനാല്‍ പ്രധാനമന്ത്രിക്കു മുന്നില്‍ മന്ത്രിതലത്തില്‍ തന്നെ ആവശ്യം മുന്നോട്ടുവെക്കുമെന്നാണ് കരുതുന്നത്. ഇതു സംബന്ധിച്ച് പ്രതികരിക്കാന്‍ ഖത്വര്‍ എയര്‍വേയ്‌സ് അധികൃതര്‍ സന്നദ്ധമായില്ല. മന്ത്രാലയം തലത്തില്‍ നടക്കുന്ന ചര്‍ച്ചകളാണിതെന്ന് കമ്പനിവൃത്തങ്ങള്‍ പറഞ്ഞു. ഇന്ത്യയിലേക്കു ലഭിക്കുന്ന സീറ്റുകളില്‍ ഖത്വര്‍ എയര്‍വേയ്‌സ് മാത്രമാണ് സര്‍വീസ് നടത്താനുള്ളത്. എന്നാല്‍ തിരിച്ച് എയര്‍ഇന്ത്യക്കു പുറമേ സ്വകാര്യ വിമാനങ്ങളും സര്‍വീസ് നടത്തും. ഇന്ത്യയില്‍നിന്ന് ഇങ്ങോട്ട് മുഴുവന്‍ സീറ്റുകളും ഉപയോഗപ്പെടുത്തുന്നില്ലെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുന്നത് സെക്ടറില്‍ ഖത്വര്‍ എയര്‍വേയ്‌സ് ഏകപക്ഷീയമായി സര്‍വീസ് നടത്തുന്ന സാഹചര്യമുണ്ടാക്കുമെന്ന ഇന്ത്യന്‍ വിമാന കമ്പനികളുടെ വിമര്‍ശത്തെത്തുടര്‍ന്നാണ് അനുമതിക്ക് ഗവണ്‍മെന്റ് സന്നദ്ധമാകാത്തത്.