മികവിന്റെ വഴിതേടി ഖത്വര്‍ റയിലിന് യൂറോപ്യന്‍ ക്വാളിറ്റി ഫൗണ്ടേഷന്‍ അംഗത്വം

Posted on: June 1, 2016 6:45 pm | Last updated: June 1, 2016 at 6:45 pm

quatar railദോഹ: യൂറോപ്യന്‍ ഫൗണ്ടേഷന്‍ ഫോര്‍ ക്വാളിറ്റി മാനേജ്‌മെന്റില്‍ ഖത്വര്‍ റയില്‍ സമ്പൂര്‍ണ അംഗത്വം നേടി. മികവു പരിശോധിക്കുന്നതിനും ഉറപ്പു വരുത്തുന്നതിലും ആഗോളതലത്തില്‍ അംഗീകാരമുള്ള ലാഭരഹിത ഏജന്‍സിയാണ് യൂറോപ്യന്‍ ഫൗണ്ടേഷന്‍. മികവ് ഉറപ്പു വരുത്തുന്നതിനു ഖത്വര്‍ റയില്‍ നടത്തുന്ന തുടര്‍ച്ചയായ പരിശ്രമത്തിന്റെ ഭാഗമായാണ് ഈ അംഗത്വമെന്ന് അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ലോകതലത്തില്‍ അംഗീകാരം നേടിയ സംരംഭവുമായി സഹകരിക്കുന്നതു വഴി അന്താരാഷ്ട്ര തലത്തില്‍ ഉപയോഗികക്കപ്പെട്ട മികച്ച മാതൃകകള്‍ മനസ്സിലാക്കുന്നതിനും ഉപയോഗിക്കുന്നതിനും സാധിക്കുമെന്ന് ഖത്വര്‍ റയില്‍ ഡെപ്യൂട്ടി സിഇഒ എന്‍ജിനീയര്‍ ഹമദ് അല്‍ ബിശ്‌രി പറഞ്ഞു. രാജ്യാന്തരതലത്തില്‍ മികച്ച സേവനം നടത്തുന്ന ഒരു സ്ഥാപനത്തില്‍ അംഗത്വമെടുക്കാന്‍ കഴിഞ്ഞത് ഒരു ചുവടുവെപ്പാണ്. ഫൗണ്ടേഷന്റെ സമഗ്രമായ മാനേജ്‌മെന്റ് ചട്ടക്കൂട് ഉപയോഗിക്കുന്നതിലൂടെ ഖത്വര്‍ റയിലിന് പ്രവര്‍ത്തന മികവില്‍ ഏറെ മുകളില്‍ നില്‍ക്കാന്‍ കഴിയും. ഖത്വര്‍ റയിലിന്റെ ക്വാളിറ്റി, ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി, എന്‍വിയോണ്‍മെന്റ്, സെക്യൂരിറ്റി ആന്‍ഡ് എമര്‍ജന്‍സി വിഭാഗങ്ങളുടെ പരിശ്രമത്തിലൂടെയാണ് ഈ മെമ്പര്‍ഷിപ്പ് നേടിയെടുക്കാനായത്.
1989ല്‍ സ്ഥാപിതമായ ഏജന്‍സിയാണ് യൂറോപ്യന്‍ ക്വാളിറ്റി മാനേജ്‌മെന്റ് ഫൗണ്ടേഷന്‍. അവരുടെ എക്‌സലന്‍സ് മോഡലിലൂടെ സ്ഥാപനങ്ങളെ മികവുവത്കരിക്കാന്‍ സഹിയാക്കുകയാണ് സ്ഥാപനം നല്‍കുന്ന സേവനം. ലോകവ്യാപമകായി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 30,000ലധികം സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന മികച്ച മാതൃകകളുടെ അടിസ്ഥാനത്തിലാണ് ഫൗണ്ടേഷന്‍ ആശയം തയാറാക്കുക. ലോകവ്യാപകമായി സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കു നല്‍കുന്ന മെമ്പര്‍ഷിപ്പിലൂടെയാണ് ഫൗണ്ടേഷന്‍ ശൃംഖല വികസിപ്പിച്ചിരിക്കുന്നത്.
2011ല്‍ സ്ഥാപിതമായ ഖത്വര്‍ റയില്‍ കമ്പനി ഇന്ന് ലോകത്തെ തന്നെ മുന്‍നിര റയില്‍ കമ്പനികളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ്. രാജ്യത്ത് വര്‍ധിച്ചു വരുന്ന ജനങ്ങള്‍ക്ക് സുസ്ഥിരമായ യാത്രാ സൗകര്യം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഖത്വര്‍ റയില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. രൂപകല്പന, നിര്‍മാണം, പ്രവര്‍ത്തിപ്പിക്കുക, അറ്റകുറ്റപ്പണികള്‍ നടത്തുക എന്നിവയാണ് കമ്പനിയുടെ ചുമതലകള്‍. അത്യാധുനിക റയില്‍ കമ്പനിയായി മാറിക്കൊണ്ടിരിക്കുന്ന ഖത്വര്‍ റയിലിന്റെ നേതൃത്വത്തില്‍ ദോഹ മെട്രോ, ലുസൈല്‍ ലൈറ്റ് റയില്‍ ട്രാന്‍സിറ്റ്, ദീര്‍ഘദൂര യാത്ര, ചരക്കു റയില്‍ പദ്ധതികള്‍ നടന്നു വരുന്നു. ദോഹ മെട്രോയുടെ ഒന്നാംഘട്ടം 2020ല്‍ പൂര്‍ത്തീകരണം പ്രതീക്ഷിക്കുന്നു.