നാല് വര്‍ഷത്തിനകം 1,500 കോടി ദിര്‍ഹമിന്റെ പദ്ധതികള്‍

Posted on: June 1, 2016 6:14 pm | Last updated: June 1, 2016 at 6:14 pm

uaeഅബുദാബി: അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ 1,500 കോടി ദിര്‍ഹമില്‍ അബുദാബിയില്‍ 100 വികസന പദ്ധതികള്‍ നടപ്പിലാക്കും.
അബുദാബി നഗരസഭയും ഗതാഗത വകുപ്പും അബുദാബി സാമ്പത്തികകാര്യ വകുപ്പിന്റെയും ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച ബിസിനസ് ഫോറത്തിലാണ് ഇക്കാര്യം അറിയിച്ചത്. ശൈഖ് ത്വയ്യിബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ബിസിനസ് ഫോറത്തില്‍ പങ്കെടുത്തു.
400 നിക്ഷേപകരും, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും പങ്കെടുത്ത ഫോറത്തില്‍ സ്വകാര്യ മേഖലയില്‍ 100 ബിസിനസ് അവസരങ്ങളാണ് സൃഷ്ടിച്ചതെന്ന് മുന്‍സിപ്പല്‍ അഫയേഴ്‌സ് അംഗങ്ങള്‍ സെക്രട്ടറി ഖലീഫ മുഹമ്മദ് അല്‍ മസ്‌റൂഈ വ്യക്തമാക്കി.
അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ അബുദാബി, അല്‍ ഐന്‍, പടിഞ്ഞാറന്‍ മേഖല എന്നീ നഗരസഭ പരിധിയിലാണ് വികസന പദ്ധതികള്‍ നടപ്പിലാക്കുക. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്.
അടിസ്ഥാന സൗകര്യ നവീകരണം ആവശ്യമായ അല്‍ മിര്‍ഫ, അല്‍ മഫ്‌റഖ്, മദീന സായിദ്, ഡല്‍മ, ബനിയാസ്, തുടങ്ങിയ ചെറുപട്ടണങ്ങളില്‍ ഷോപ്പിംഗ് മാളുകള്‍, ഭക്ഷണശാലകള്‍, സിനിമാ ശാലകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവ നിര്‍മിക്കും.
അല്‍ ഐനില്‍ ആധുനിക രീതിയിലുള്ള ചെരിപ്പുകള്‍, ആഭരണങ്ങള്‍ എന്നിവ വില്‍പന നടത്തുന്ന കടകള്‍, ഹോട്ടലുകള്‍ അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ എന്നിവ നിര്‍മിക്കും. തലസ്ഥാന നഗരിയില്‍ ആധുനിക രീതിയിലുള്ള കാര്‍ പാര്‍ക്കിംഗുകളാണ് വാഗ്ദാനം ചെയ്യുന്നത്.
നാലാമത്തെ വര്‍ഷം അല്‍ ഐനില്‍ 100 കോടി ദിര്‍ഹമില്‍ ഫണ്‍സിറ്റി അമ്യൂസ്‌മെന്റ് പാര്‍ക്ക് നിര്‍മിക്കും. അബുദാബി നഗരസഭ വിശ്വപ്രസിദ്ധമായ ടൂറിസ്റ്റ് കേന്ദ്രമായ ശൈഖ് സായിദ് ഗ്രാന്റ് മസ്ജിദിന്റെ എതിര്‍വശത്തായി സ്ഥിതിചെയ്യുന്ന മഖ്ത്ത കനാല്‍ തീരത്ത് അല്‍ ഖനാ അറബിക് സൂക്ക് നിര്‍മിക്കും. കൂടാതെ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുവാന്‍ പുതിയ ഷോപ്പിംഗ് മാളുകള്‍, ഭക്ഷണ മുറികള്‍, കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം സമയം ചിലവഴിക്കുവാന്‍ പരമ്പരാഗത സൂക്കുകള്‍ 70 കോടി ദിര്‍ഹമില്‍ വര്‍ഷാവസനത്തോടെ നിര്‍മാണം തുടങ്ങും. മഖ്ത്ത കനാലിന് സമീപത്ത് അല്‍ ഖനാ സൂക്ക് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ നഗര മുഖച്ഛായ മാറും. മഖ്ത്ത കനാലിന് സമീപത്ത് നിര്‍മിക്കുന്ന അല്‍ ഖനാ പരമ്പരാഗത സൂക്ക് അല്‍ ബറക്കാ അന്താരാഷ്ട്ര നിക്ഷേപകരുമായി ചേര്‍ന്ന് നിര്‍മിക്കുന്ന ആദ്യത്തെ ബി ഒ ടി പദ്ധതിയാണ്. 150,000 ചതുരശ്ര മീറ്ററില്‍ നിര്‍മിക്കുന്ന അല്‍ ഖനാ പരമ്പരാഗത സൂക്കിന് 85 കോടി ദിര്‍ഹമാണ് ചിലവ് കണക്കാക്കുന്നത്. പ്രതിവര്‍ഷം 60 ലക്ഷം ദിര്‍ഹമിന്റെ വരവ് പ്രതീക്ഷിക്കുന്നു.