രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായേക്കും

Posted on: June 1, 2016 11:59 am | Last updated: June 1, 2016 at 11:59 am

rahul gandhiന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് ഉടന്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാഹുലിനെ അധ്യക്ഷനായി തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഉടന്‍ ചേരുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ദീര്‍ഘകാലമായി രാഹുല്‍ പാര്‍ട്ടി അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് പല കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ അധ്യക്ഷ പദം ഏല്‍ക്കാതെ അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ രാഹുലിന് മടിയാണെന്ന തരത്തില്‍ പലരും വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു.

നിലവില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷ പദവി രാഹുല്‍ വഹിക്കുന്നുണ്ടെങ്കിലും ഇങ്ങനെ ഇരട്ട അധികാര കേന്ദ്രങ്ങളുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് നേതൃത്വത്തിലെ ചിലരുടെ നിലപാട്. അധ്യക്ഷ പദവി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി തന്റെ ടീമിനെ സജ്ജമാക്കാനും രാഹുല്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.