തമിഴ്‌നാട്ടിലെ വോട്ട് കച്ചവടം

Posted on: June 1, 2016 6:00 am | Last updated: June 1, 2016 at 6:00 am
SHARE

SIRAJതമിഴ്‌നാട്ടിലെ അരവാക്കുറിച്ചി, തഞ്ചാവൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് വിജ്ഞാപനം റദ്ദാക്കിയിരിക്കുകയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. വിജ്ഞാപനം ഇറക്കിയ വോട്ടെടുപ്പ് റദ്ദാക്കുന്നത് രാജ്യത്ത് ഇതാദ്യമാണ്. മേയ് 16ന് നടക്കേണ്ടതായിരുന്നു ഈ രണ്ട്, മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ്. പാര്‍ട്ടിക്കാരും സ്ഥാനാര്‍ഥിയും വോട്ടര്‍മാരെ പണവും പാരിതോഷികവും നല്‍കി സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയില്‍ ഇത് മെയ് 23 ലേക്കും പിന്നീട് തമിഴ്‌നാട് ഗവര്‍ണര്‍ കെ റോസയ്യയുടെ ശിപാര്‍ശ പ്രകാരം ജൂണ്‍ 13 ലേക്കും മാറ്റിവെച്ചു. തീയതി മാറ്റി വിജ്ഞാപനം ഇറക്കിയ ശേഷവും മണ്ഡലങ്ങളില്‍ കോടിക്കണക്കിനു രൂപയുടെ കൈക്കൂലിയും സമ്മാനങ്ങളും ഒഴുക്കുന്നതായി പരാതി ലഭിച്ചതോടെയാണ് ഇപ്പോള്‍ വിജ്ഞാപനം തന്നെ റദ്ദാക്കിയത്. സുതാര്യവും സ്വതന്ത്രവുമായ അന്തരീക്ഷം സംജാതമായതിന് ശേഷം മതി ഇനി തിരഞ്ഞെടുപ്പെന്നാണ് കമ്മീഷന്റെ തീരുമാനം.
തിരഞ്ഞെടുപ്പുകളില്‍ കള്ളപ്പണത്തിന്റെ ഒഴുക്കും വോട്ട് വിലക്ക് വാങ്ങുന്ന പ്രവണതയും എല്ലാ സംസ്ഥാനങ്ങളിലുമുണ്ടെങ്കിലും തമിഴ്‌നാട്ടിലെ ദ്രാവിഡ കക്ഷികള്‍ വിശിഷ്യാ എ ഐ ഡി എം കെയും ഡി എം കെയുമാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍. തിരഞ്ഞെടുപ്പിനടുത്ത ദിവസങ്ങളില്‍ പണക്കെട്ടുമായി വോട്ടര്‍മാരെ സമീപിച്ചു വശത്താക്കുകയാണ് ചെയ്യാറ്. പണത്തിന് പുറമെ മുണ്ട്, സാരി, മദ്യം കഞ്ചാവ് തുടങ്ങിയ സാധനങ്ങളും വിതരണം ചെയ്യാറുണ്ട്. എല്ലാ കാലത്തും ഇത് പതിവാണെങ്കിലും മുന്‍കാലങ്ങളില്‍ കമ്മീഷന്‍ ശക്തമായ നടപടി സ്വീകരിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ പണമൊഴുക്ക് നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തുകയും കര്‍ശന പരിശോധനകള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഏപ്രില്‍ 22നും മേയ് 10നും അരവാക്കുറിച്ചിയിലും തഞ്ചാവൂറിലും നടത്തതിയ റെയ്ഡില്‍ എ ഐഎ ഡി എം കെ അംഗമായ അരവാക്കുറിച്ചി അംബുനാഥന്റെ വീട്ടില്‍ നിന്ന് 4.77 കോടിരൂപയും പണം എണ്ണുന്ന ഒരു മെഷീനും കണ്ടെടുത്തിരുന്നു. ഡി എം കെ സ്ഥാനാര്‍ഥിയായ കെ സി പളനിസ്വാമിയുടെ വീട്ടിലും മകന്റെ ബിസിനസ് സ്ഥാപനങ്ങളിലുമായി നടന്ന പരിശോധനകളില്‍ 1.98 കോടിയും പിടിച്ചു.
അരവാക്കുറിച്ചിയില്‍ ഒരിടത്ത്1.4 കോടി ക്കൊപ്പം പണം കൊടുക്കേണ്ടവരുടെ പേരുകള്‍ എഴുതിയ കുറിപ്പും ലഭിക്കുകയുണ്ടായി. 2000 രൂപ മുതല്‍ 5000 രൂപവരെ ഒരു വോട്ടിന് നല്‍കിയതിന്റെ തെളിവുകള്‍ ഇതില്‍ നിന്ന് കണ്ടെത്താനായി. ഈ രണ്ട് മണ്ഡലങ്ങളില്‍ നിന്ന് മാത്രമായി പിടിച്ചെടുത്തത് 150 കോടി രൂപയാണ്. മാഹി ചൂടികൊട്ടയില്‍ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്യുന്നതിനിടെ രണ്ട് മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു സ്‌കൂളിനടുത്തുള്ള ലൈന്‍ മുറിയില്‍ വോട്ടര്‍മാര്‍ക്ക് സ്ലിപ്പിനോടൊപ്പം 500 രൂപയും വിതരണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. റെയ്ഡ് ശക്തമായപ്പോള്‍ പണത്തിന് പകരം സാധനങ്ങള്‍ക്കുള്ള ടോക്കന്‍ വിതരണം ചെയ്യുന്ന സമ്പ്രദായം സ്വീകരിച്ചിരുന്നു ചില ഭാഗങ്ങളില്‍. അവ ഉപയോഗിച്ച് വോട്ടര്‍മാര്‍ക്ക് അതാത് പ്രദേശത്തെ കടകളില്‍ നിന്നും ഇഷ്ടമുള്ള സാധനങ്ങള്‍ വാങ്ങാം. തിരഞ്ഞെടുപ്പിന് ശേഷം സ്ഥാനാര്‍ഥികളൊ പാര്‍ട്ടികളൊ കടകളിലെത്തി കണക്ക് തീര്‍ക്കും. ഇത് കണ്ടെത്തി തടയാന്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രയാസമാണ്.
തമിഴ്‌നാടിനോളം വ്യാപകമല്ലെങ്കിലും കേരളത്തിലും നടക്കുന്നുണ്ട് വോട്ട് കച്ചവടം. പണം കൊടുത്തു വോട്ട് വാങ്ങുന്നതിന് പകരം ഇവിടെ ഏറെയും വോട്ടിന് വോട്ട് വാങ്ങുകയാണ് ചെയ്യുന്നത്. കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, ബി ജെ പി എന്നീ കക്ഷികള്‍ക്കിടയിലാണ് ഇത്. ബി ജെ പി സ്ഥാനാര്‍ഥി ഒ രാജഗോപാല്‍ വിജയിച്ച തിരുവനന്തപുരം നേമത്ത് കോണ്‍ഗ്രസ് നേതൃത്വം വോട്ടുകള്‍ വിറ്റതായി ആരോപണമുന്നയിച്ചത് യൂത്ത് കോണ്‍ഗ്രസ് തന്നെയാണ്. കാസര്‍ക്കോട്ടെ ഉദുമയിലും മഞ്ചേശ്വരത്തും കോണ്‍ഗ്രസും ബി ജെ പിയും പരസ്പരം വോട്ടുകള്‍ മറിച്ചുവെന്ന് ലീഗ് നേതാക്കളും പറയുന്നു. കോഴിക്കോട് രണ്ടിലും മണ്ണാര്‍ക്കാട്ടും അഴീക്കോട്ടും ബി ജെ പി വോട്ടുകള്‍ ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് മറിഞ്ഞതായി ആ മണ്ഡലങ്ങളിലെ ബി ജെ പിയുടെ വോട്ടിംഗ് നില സൂചിപ്പിക്കുന്നുണ്ട്.
നിഷ്പക്ഷവും സ്വതന്ത്രവുമായ തിരഞ്ഞെടുപ്പിന് ഭീഷണിയാണ് ഇത്തരം പ്രവണതകള്‍. ജനാധിപത്യത്തോടുള്ള അവഹേളനമാണ്. ആരുടെയും സമ്മര്‍ദത്തിനോ, സ്വാധീനത്തിനോ വഴങ്ങാതെ പൗരന്മാര്‍ സ്വന്തമായ തീരുമാന പ്രകാരം വോട്ട് രേഖപ്പെടുത്തുമ്പോഴാണ് ജനാധിപത്യത്തിന്റെ അന്തസ്സത്ത സംരക്ഷിക്കപ്പെടുന്നത്. പണത്തിന്റെ ഒഴുക്ക് വിശിഷ്യാ വോട്ടര്‍മാര്‍ക്ക് പണവും സാധനങ്ങളും വിതരണം ചെയ്യുന്ന രീതി കര്‍ശനമായി തടഞ്ഞെങ്കില്‍ മാത്രമേ ഇത് സാധ്യമാകുകയുള്ളു. വോട്ടുകള്‍ മൊത്തമായി മറിച്ചു കൊടുക്കുന്ന പ്രവണതക്കും പരിഹാരം കാണേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here