അപ്രതീക്ഷിത മന്ത്രികസേരയില്‍ കെ രാജു

Posted on: May 26, 2016 10:17 am | Last updated: May 26, 2016 at 10:17 am

k rajuകൊല്ലം:പുനലൂര്‍ മണ്ഡലത്തില്‍ നിന്നും മൂന്നാംതവണ നേടിയ വിജയം അഡ്വ. കെ രാജുവിനെ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത് മന്ത്രിപദവിയിലേക്കാണ്. ജില്ലയില്‍ നിന്നും സി പി ഐ മന്ത്രിമാരുടെ പട്ടികയില്‍ മുല്ലക്കര രത്‌നാകരന്‍ ഇടംപിടിക്കുമെന്ന പ്രതീക്ഷകള്‍ അസ്ഥാനത്താക്കിയാണ് രാജുവിനെ മന്ത്രിപദവിയിലേക്ക് പാര്‍ട്ടി നിയോഗിച്ചിരിക്കുന്നത്. പുനലൂരില്‍ അട്ടിമറികള്‍ക്കിട നല്‍കാതെ വിജയിച്ച രാജു രാഷ്ട്രീയ അട്ടിമറിയിലൂടെയാണ് മന്ത്രിപദവി കൈപ്പിടിയിലൊതുക്കിയതെന്നാണ് പാര്‍ട്ടിയിലെ തന്നെ ശത്രുക്കള്‍ പറയുന്നത്.
യു ഡി എഫ് സ്ഥാനാര്‍ഥിയായ മുസ്‌ലിംലീഗിലെ എ യൂനുസ് കുഞ്ഞിനെ 33,582 ഓളം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കെ രാജു തുടര്‍ച്ചയായ മൂന്നാം തവണയും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. കന്നിയങ്കത്തില്‍ കേരള രാഷ്ട്രീയത്തിലെ അതികായനായ എം വി രാഘവനെ അട്ടിമറിച്ച് നിയമസഭയില്‍ എത്തിയ കെ രാജു തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ പ്രമുഖനായ ജോണ്‍സണ്‍ എബ്രഹാമിനെയും പരാജയപ്പെടുത്തി. ആകെ പോള്‍ ചെയ്ത വോട്ടുകളുടെ പകുതിയിലധികം നേടിയായിരുന്നു ആ മിന്നും വിജയം. പരേതനായ ജി കരുണാകരന്റെ മകനാണ് കെ രാജു, സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. എ ഐ എസ് എഫ് പ്രവര്‍ത്തകനായിട്ടാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജില്‍ നിന്ന് രാഷ്ട്രമീമാംസയില്‍ ബിരുദം നേടിയശേഷം തിരുവനന്തപുരം ഗവ. ലോ കോളജില്‍ നിന്ന് നിയമബിരുദവും നേടി.
പുനലൂര്‍ ബാറില്‍ പ്രാക്ടീസ് തുടങ്ങി. 35 വര്‍ഷമായി അഭിഭാഷകവൃത്തി ചെയ്യുന്നു. എ ഐ വൈ എഫ്. ഭാരവാഹിയായിരുന്ന അദ്ദേഹം പിന്നീട് 12 വര്‍ഷം പാര്‍ട്ടിയുടെ മണ്ഡലം സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 25ാമത്തെ വയസ്സില്‍ ഏരൂര്‍ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് ജില്ലാ പഞ്ചായത്തില്‍ കുളത്തൂപ്പുഴ ഡിവിഷനില്‍നിന്ന് വിജയിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാനായി അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചു.
ഭാര്യ ഡി ഷീബ (റിട്ട. സൂപ്രണ്ടിംഗ് എന്‍ജിനീയര്‍). മക്കള്‍: ഋത്വിക് രാജ്, നിഥിന്‍ രാജ്.