ബംഗാളില്‍ എം എല്‍ എമാരുടെ കൂറുമാറ്റം തടയാന്‍ കോണ്‍ഗ്രസ് സത്യവാങ്മൂലം വാങ്ങുന്നു

Posted on: May 26, 2016 6:00 am | Last updated: May 25, 2016 at 11:39 pm

കൊല്‍ക്കത്ത: ഭരണപക്ഷ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് കൂറുമാറ്റം നടത്താതിരിക്കാന്‍ പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസിന്റെ തന്ത്രപരമായ ഇടപെടല്‍. സോണിയാ ഗാന്ധിയും രാഹൂല്‍ ഗാന്ധിയും നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ പ്രതിനിധിയായി ബംഗാള്‍ നിയമസഭയിലുണ്ടാകുമെന്ന സത്യവാങ്മൂലം മുഴുവന്‍ അംഗങ്ങളോളും ഒപ്പിട്ടുവാങ്ങാനാണ് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. സംസ്ഥാന അധ്യക്ഷന്‍ ആദിര്‍ ചൗധരിക്കുള്ള സത്യവാങ്മൂലം നൂറ് രൂപയുടെ മുദ്രപത്രത്തിലാണ് എഴുതി വാങ്ങിക്കുന്നത്.
പാര്‍ട്ടിയില്‍ നിന് വ്യാപകമായ തോതില്‍ കൂറുമാറ്റം ഉണ്ടാകുമെന്ന സൂചനയെ തുടര്‍ന്നാണ് പുതിയ തീരുമാനമെന്ന് കരുതുന്നു. ശക്തമായ പ്രതിപക്ഷമായി ഭരണപക്ഷത്തിനെതിരെ നിലയുറപ്പിക്കാന്‍ നിലവിലെ 44 എം എല്‍ എമാരുടേയും പിന്‍ബലം ആവശ്യമായതോടെയാണ് സത്യവാങ്മൂലം എഴുതി വാങ്ങിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.
ഇടത് പാര്‍ട്ടികളുമായി സഖ്യത്തിലേര്‍പ്പെട്ട് തിരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസിന് നില മെച്ചപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. 15 വര്‍ഷത്തിന് ശേഷം ബംഗാളില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായി മാറാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവും കോണ്‍ഗ്രസില്‍ നിന്നാകും. കോണ്‍ഗ്രസിന്റെ വോട്ട് ഷെയര്‍ 9.6ല്‍ നിന്ന് 12 ശതമാനമായി ഉയരുകയും ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെട്ട ഇടത്പക്ഷത്തിന് മൂന്നാം സ്ഥാനമാണ് ലഭിച്ചത്.
എന്നാല്‍, എല്ലാ എം എല്‍ എമാരെയും ഒരുമിച്ച് നിര്‍ത്താന്‍ പാര്‍ട്ടി പ്രയാസപ്പെടുകയാണെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ ലേബലില്‍ മത്സരിച്ചവര്‍ പാര്‍ട്ടിയേയും ഇടത് – കോണ്‍ഗ്രസ് മുന്നണിയേയും തള്ളിപ്പറായനുള്ള സാധ്യത മുന്നില്‍കണ്ടാണ് പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. 2012ല്‍ തൃണമൂലുമായുള്ള സഖ്യം ഒഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് നിരവധി എം എല്‍ എമാര്‍ തൃണമൂലിനൊപ്പം കൂടിയിരുന്നു. ഇതുപോലെ ഇടത് പാര്‍ട്ടികളുമായുള്ള സ്വരച്ചേര്‍ച്ചയുണ്ടായാല്‍ പാര്‍ട്ടിയെ ബാധിക്കുമെന്നും കൂടുതല്‍ പേര്‍ കൊഴിഞ്ഞുപോയാല്‍ അത് തങ്ങളുടെ പ്രതിപക്ഷ പാര്‍ട്ടി പദവി നഷ്ടപ്പെടുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ കണക്കുകൂട്ടുന്നു.
കോണ്‍ഗ്രസുമായുള്ള സഖ്യം ആവശ്യമില്ലായിരുന്നുവെന്ന് ഇടത്പക്ഷ പാര്‍ട്ടികള്‍ക്ക് തോന്നിതുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ സീറ്റുകള്‍ പോലും നിലനിര്‍ത്താന്‍ സി പി എം അടക്കമുള്ള ഇടത് പാര്‍ട്ടികള്‍ക്ക് സാധിച്ചിട്ടില്ല. സി പി എമ്മിന് കനത്ത തിരിച്ചടിയാണ് പുതിയ സഖ്യമുണ്ടാക്കിയതെന്നും പാര്‍ട്ടി വിലയിരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ സഖ്യം പൊട്ടിത്തെറിയിലേക്കെത്തുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.