Connect with us

National

ത്രിപുരയില്‍ പാഠപുസ്തകത്തില്‍ നിന്ന് ചരിത്ര പുരുഷന്മാരെ വെട്ടിനിരത്തി

Published

|

Last Updated

അഗര്‍ത്തല: രാജസ്ഥാനിലെ എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പുറത്താക്കപ്പെട്ടതിന് സമാനമായി ത്രിപുരയിലും ചരിത്ര പുരുഷന്മാരെ വെട്ടിനിരത്തി. ഇടത് സര്‍ക്കാര്‍ ഭരിക്കുന്ന ത്രിപുരയിലെ ഒമ്പതാം ക്ലാസ് സാമൂഹികപാഠത്തില്‍ നിന്നാണ് സ്വാതന്ത്ര്യ സമരവും സേനാനികളും കൂട്ടത്തോടെ പുറത്താക്കപ്പെട്ടത്. മഹാത്മാ ഗാന്ധിയുടെ പേര് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ടെങ്കിലും അത് സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടല്ല. മറിച്ച്, ക്രിക്കറ്റ് കളിയെ കുറിച്ചുള്ള ഗാന്ധിജിയുടെ അഭിപ്രായങ്ങളിലൂടെയാണ്. റഷ്യന്‍, ഫ്രഞ്ച് വിപ്ലവങ്ങളെ കുറിച്ച് വിസ്തരിച്ച് പരാമര്‍ശം ഉള്‍പ്പെടുന്ന ചരിത്രഭാഗം തയ്യാറാക്കിയത് കൊല്‍ക്കത്ത മഹാരാജ മനിന്ദ്ര ചന്ദ്ര കോളജിലെ മുന്‍ ചരിത്രവിഭാഗം മേധാവി കല്യാണ്‍ ചൗധരിയാണ്. ഇംഗ്ലണ്ടില്‍ ക്രിക്കറ്റിന്റെ ആവിര്‍ഭാവം, നാസിസം, ഹിറ്റ്‌ലര്‍, കാര്‍ഷിക ചരിത്രം എന്നിവക്കും പുസ്തകത്തില്‍ താളുകള്‍ നീക്കിവെച്ചിട്ടുണ്ട്. അതേസമയം, ഇത്തരത്തില്‍ ഒരു പുസ്തകം തയ്യാറാക്കാന്‍ തങ്ങള്‍ക്ക് മേല്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാറിന്റെ നേതൃത്വത്തിലുള്ള ഇടത് ഗവണ്‍മെന്റ് സമ്മര്‍ദം ചെലുത്തിയിരുന്നുവെന്ന ആരോപണങ്ങള്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ ബോര്‍ഡ് നിഷേധിച്ചു. എന്‍ സി ഇ ആര്‍ ടിയുടെ നിര്‍ദേശമനുസരിച്ചാണ് ചരിത്ര പുസ്തകത്തിന്റെ സിലബസ് തയ്യാറാക്കിയത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ ഇന്ത്യന്‍ ചരിത്രം നേരത്തെ പഠിച്ചതാണെന്നും ബോര്‍ഡ് പ്രസിഡന്റ് ബിപാല്‍ബ് മിഹിര്‍ ദേബ് പറഞ്ഞു.

---- facebook comment plugin here -----

Latest