Connect with us

Kerala

ജിഷവധക്കേസ്: എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ പുതിയ അന്വഷണ സംഘം

Published

|

Last Updated

തിരുവനന്തപുരം: പെരുമ്പാവൂര്‍ ജിഷവധക്കേസ് അന്വേഷിക്കാന്‍ എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ പുതിയ സംഘത്തെ നിയോഗിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യമറിയിച്ചത്. ആദ്യ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ജിഷയുടെ സഹോദരിക്ക് ഉടന്‍ ജോലി നല്‍കും. ജിഷയുടെ അമ്മക്ക് പ്രതിമാസം 5000 രൂപ പെന്‍ഷന്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനുവരി ഒന്ന് മുതല്‍ യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ വിവാദ ഉത്തരവുകള്‍ പരിശോധിക്കും. ഇതിനായി എകെ ബാലന്റെ നേതൃത്വത്തില്‍ ഉപസമിതിയെ നിയോഗിച്ചു. ക്ഷേമപെന്‍ഷനുകള്‍ 1000 രൂപയാക്കി ഉയര്‍ത്തി. പെന്‍ഷന്‍ വീട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് അപ്രഖ്യാപിത നിയമന നിരോധനമാണ് നിലനില്‍ക്കുന്നത്. ഇതിനെതിരെ യുവജനരോഷം ശക്തമാണ്. ഇത് തുടരാന്‍ കഴിയില്ല. സര്‍ക്കാര്‍ വകുപ്പുകളിലെ ഒഴിവുകള്‍ 10 ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് സെക്രട്ടറി ഇത് വിലയിരുത്തും. പിഎസ്‌സിയുടെ പ്രവര്‍ത്തനത്തിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും പിണറായി പറഞ്ഞു.

വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ശക്തമായ നടപടി സ്വീകരിക്കും. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. സംസ്ഥാനത്ത് പതിമൂന്നാം പഞ്ചവല്‍സര പദ്ധതിക്ക് തുടക്കം കുറിക്കും. സംസ്ഥാനത്ത് പ്ലാനിംഗ് കമ്മീഷന്റെ പ്രവര്‍ത്തനം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Latest