Connect with us

Editorial

മുസ്‌ലിം ലീഗ് അക്രമം ഉേപക്ഷിക്കണം

Published

|

Last Updated

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഇത്തവണ ഏറെക്കുറെ സമാധാനപരമായിരുന്നു. ഒറ്റപ്പെട്ട ചില ചെറിയ സംഭവങ്ങള്‍ ഒഴിച്ചാല്‍ കാര്യമായ അക്രമസംഭവങ്ങളില്ലാതെയാണ് തിരഞ്ഞെടുപ്പ് അവസാനിച്ചത്. എന്നാല്‍ ഫലപ്രഖ്യാപനത്തിന് ശേഷം നടന്ന വിജയാഹ്ലാദ പ്രകടനങ്ങള്‍ പലയിടങ്ങളിലും അക്രമത്തിലേക്ക് വഴിമാറി. ഇതേതുടര്‍ന്ന് തിരൂരില്‍ ഒരു സുന്നി പ്രവര്‍ത്തകനും കണ്ണൂരില്‍ സി പി എം പ്രവര്‍ത്തകനും തൃശൂരില്‍ ബി ജെ പിക്കാരനും മരണപ്പെട്ടു. തിരൂര്‍ പുത്തനത്താണിയില്‍ ലീഗുകാരുടെ ഗുണ്ടായിസത്തിനിടെ എസ് വൈ എസ് ടി കെ പാറ യൂനിറ്റ് പ്രസിഡന്റ് കുഞ്ഞിപ്പ എന്ന ഹംസക്കുട്ടിയാണ് മരിച്ചത്. താനൂരും കൊടുവള്ളിയും തിരുവമ്പാടിയും ഉള്‍പ്പടെ ലീഗിന്റെ പല കുത്തക സീറ്റുകള്‍ നഷ്ടമായതും മറ്റു സീറ്റുകളില്‍ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞതും ഈ പരാജയങ്ങളില്‍ സുന്നിപ്രസ്ഥാനത്തിനുളള നിര്‍ണായക പങ്കുമായിരിക്കണം ലീഗ് പ്രവര്‍ത്തകരെ പ്രകോപിതരാക്കിയത്.
സുന്നിപ്രസ്ഥാനം രാഷ്ട്രീയമായി എല്ലാ കക്ഷികളോടും സമദൂരമാണ് പാലിക്കുന്നത്. ആരോടും പ്രത്യേക വിധേയത്വമോ വിരോധമോ ഇല്ല. ഇത്തവണ സുന്നികള്‍ ഇടതുപക്ഷത്തെ തുണച്ചത് അവരോടുള്ള അന്ധമായ രാഷ്ട്രീയ വിധേയത്വത്തിന്റെ പേരിലല്ല. മറിച്ചു കഴിഞ്ഞ ഭരണത്തില്‍ സുന്നികള്‍ക്ക് ഏല്‍ക്കേണ്ടി വന്ന കയ്‌പേറിയതും തീഷ്ണവുമായ അനുഭവങ്ങളെ തുടര്‍ന്ന് ആവിഷ്‌കരിച്ച നയനിലപാടുകളുടെ ഭാഗമായാണ്. സംഘടനക്ക് രാജ്യത്തെ കക്ഷിരാഷ്ട്രീയ ബന്ധങ്ങളില്‍ സ്ഥായിയായ ഒരു നിലപാടില്ല. അതാത് കാലത്തെ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളുടെയും ഭരണരംഗത്തെ സമീപനങ്ങളെയും ആശ്രയിച്ചും, പ്രസ്ഥാനത്തിന്റെ താത്പര്യവും പരിഗണിച്ചുമാണ് നയങ്ങളും നിലപാടുകളും രൂപപ്പെടുത്തുന്നത്.
പ്രതിയോഗികളെ അക്രമത്തിലൂടെയല്ല, ജനാധിപത്യപരമായ മാര്‍ഗത്തിലൂടെ നേരിടുകയെന്നതാണ് സുന്നിപ്രസ്ഥാനത്തിന്റെ നയം. അതാണ് നേതൃത്വം അണികളെ പഠിപ്പിച്ചത്. സമസ്തയിലുണ്ടായ ദൗര്‍ഭാഗ്യരമായ പിളര്‍പ്പിന് ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എട്ട് സുന്നി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഒരു സംഭവത്തിലും സുന്നികള്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുകയോ, കുറ്റവാളികളെ നിയമത്തിന്റെ വഴികള്‍ക്കപ്പുറം കൈകാര്യം ചെയ്യുകയോ ഉണ്ടായിട്ടില്ല. അറിയാത്തത് കൊണ്ടല്ല, നേതൃത്വത്തിന്റ വാക്കുകള്‍ മാനിക്കുന്നത് കൊണ്ടാണ്. പ്രതിയോഗികളെ ആശയ സംവാദത്തിലൂടെ നേരിടുന്നതാണ് ഇസ്‌ലാമിന്റെ, സുന്നത്ത് ജമാഅത്തിന്റെ ശൈലി. സുന്നി പ്രസ്ഥാനം ഇതപര്യന്തം അത്തരമൊരു ശൈലി മാത്രമേ സ്വീകരിച്ചിട്ടുള്ളു. അതേസമയം നാട്ടില്‍ സമാധാനവും സ്വസ്ഥമായ അന്തരീക്ഷവും നിലനില്‍ക്കണമെങ്കില്‍ അക്രമികളെയും കൊലപാതകികളെയും നിയമത്തിന്റ മുന്നില്‍ കൊണ്ട് വരികയും അര്‍ഹമായ ശിക്ഷ ഉറപ്പ് വരുത്തുകയും ചെയ്യേണ്ടതുണ്ട്. മണ്ണാര്‍ക്കാട്ടെയും പുത്തനത്താണിയിലെയും സുന്നിപ്രവര്‍ത്തകരുടെ കൊലക്കുത്തരവാദികള്‍ക്കും മതിയായ ശിക്ഷ ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇതിനായി നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്ന് കൊണ്ട് ഏതറ്റം വരെയും പോകുമെന്ന് നേതാക്കള്‍ വ്യക്തമാക്കിയതാണ്.
ജനാധിപത്യ വ്യവസ്ഥ നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്ത് അണികള്‍ അക്രമത്തിലേക്ക് നീങ്ങുമ്പോള്‍ അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കേണ്ട ബാധ്യത നേതൃത്വത്തിനുണ്ട്. സമാധാനത്തിന്റെ മതമായ ഇസ്‌ലാമിന്റെ ലേബലില്‍ രൂപവത്കൃതമായ മുസ്‌ലിംലീഗിന് വിശേഷിച്ചും. എന്നിട്ടും എന്ത് കൊണ്ടാണ് ലീഗ് അണികള്‍ ഈ വിധം അക്രമത്തിന്റെ മാര്‍ഗത്തിലേക്ക് വഴിതെറ്റുന്നത്? ദിശാബോധം നല്‍കേണ്ട ലീഗ് നേതൃത്വം ഇവിടെ കേവലം കാഴ്ചക്കാരാകുന്നത് എന്തുകൊണ്ടാണ്? അണികള്‍ തനി ഗുണ്ടായിസത്തിലേക്ക് തിരിയുമ്പോള്‍ മൗനം പാലിക്കുന്നത് മഹാനായ ബാഫഖിതങ്ങളുടെയും പൂക്കോയ തങ്ങളുടെയും പിന്‍മുറക്കാര്‍ക്ക് ഭൂഷണമോ?
ജനാധിപത്യ മാര്‍ഗത്തിലൂടെ ജനം നല്‍കിയ തിരിച്ചടിക്ക് ഗുണ്ടായിസം കൊണ്ട് പ്രതികരിക്കുന്ന വിവേകശൂന്യരായ അണികളെ നിയന്ത്രിക്കാതെ കയറൂരി വിടുന്നത് വിപരീത ഫലമേ സൃഷ്ടിക്കുകയുള്ളു. ജനവിധിയുടെ അന്തസ്സത്ത ഉള്‍ക്കൊണ്ട് കഴിഞ്ഞ കാലങ്ങളില്‍ സംഭവിച്ച തെറ്റുകളും പാളിച്ചകളും തിരുത്താനുള്ള വിവേകം നേതൃത്വം കാണിക്കണം. ലീഗ് സമുദായത്തിന്റെ പൊതു പ്ലാറ്റ്‌ഫോമാണ്. അതിനെ ആരുടെയും സ്വാധീന വലയത്തില്‍ തളച്ചിടാന്‍ അനുവദിക്കരുത്. ലീഗിന് കേരള രാഷ്ട്രീയത്തില്‍ മികച്ച ഒരിടമുണ്ട്. നിര്‍വഹിക്കാന്‍ ഉത്തരവാദിത്വങ്ങള്‍ ഏറെയുണ്ട്. ആദ്യ കാലങ്ങളില്‍ അത് നിറവേറ്റിയതിന്റെ പരിണതിയാണ് പാര്‍ട്ടിയുടെ പില്‍ക്കാലത്തുണ്ടായ വളര്‍ച്ച. ആ വഴിയില്‍ നിന്ന് വ്യതിചലിച്ച് അധികാര സ്ഥാനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും സുദായത്തിന്റെ പ്രശ്‌നങ്ങള്‍ നേടിയെടുക്കുന്നതില്‍ ഉദാസീനത കാണിക്കുകയും സമുദായത്തിലെ വിഭാഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നയം കൈക്കൊള്ളുകയും ചെയ്തതാണ് തിരിച്ചടിക്ക് ഇടയാക്കിയത്. തിരഞ്ഞെടുപ്പ് പരാജയം സൃഷ്ടിച്ച വൈകാരികതയില്‍ നിന്ന് മുക്തമായി, പരാജയ കാരണങ്ങള്‍ അവധാനതയോടെ പഠിക്കുകയും അക്രമമാര്‍ഗങ്ങള്‍ വെടിഞ്ഞു ക്രിയാത്മക പ്രവര്‍ത്തനത്തിലൂടെ പാര്‍ട്ടിയുടെ ക്ഷയിച്ച ശക്തി വീണ്ടെടുക്കാന്‍ അണികളെ ഉപദേശിക്കുകയുമാണ് നേതൃത്വം ഈ ഘട്ടത്തില്‍ ചെയ്യേണ്ടത്.