സംരംഭകരുടെ വളരുന്ന ഹബ്ബ് ആയി യു എ ഇ

Posted on: May 23, 2016 3:41 pm | Last updated: May 25, 2016 at 7:33 pm

UAEദുബൈ: സംരംഭകരുടെ വളര്‍ന്നുവരുന്ന ഹബ്ബ് ആയി രാജ്യം മാറുന്നു. സംരംഭകരുടെ നിര്‍വഹണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയായതായി വാണിജ്യാധിഷ്ഠിത സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ലിങ്ക്ട് ഇന്‍ മെമ്പര്‍മാരുടെ ഇടയില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. മിഡില്‍ ഈസ്റ്റിലെ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ സംരംഭകരുള്ളത് യു എ ഇയിലാണ്. 2015 മാര്‍ച്ച് മുതല്‍ 2016 മാര്‍ച്ച് വരെ നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്. 43.3 കോടിയാണ് ലിങ്ക്ഡ് ഇന്‍ അംഗങ്ങളുടെ എണ്ണം.
98.3 ശതമാനമാണ് യു എ ഇയിലെ ലിങ്ക്ഡ് ഇന്‍ അംഗങ്ങളായ സംരംഭകരുടെ വാര്‍ഷിക വളര്‍ച്ച. വിവിധ സേവന മേഖലകളിലാണ് അംഗങ്ങള്‍ കൂടുതലും പ്രവര്‍ത്തിക്കുന്നത്. ടാക്‌സ് അഡൈ്വസ്, അക്കൗണ്ടിംഗ് കണ്‍സള്‍ട്ടന്‍സി, ബിസിനസ് കണ്‍സള്‍ട്ടന്‍സി എന്നിവയെക്കൂടാതെ സോഫ്റ്റ്‌വെയര്‍, ചില്ലറ വ്യാപാരം, ഉപഭോക്തൃ ഉത്പന്ന മേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ ധാരാളമാണ്. പ്രൊഫഷണല്‍ സര്‍വീസ് വിഭാഗത്തിലാണ് ഏറ്റവും കൂടുതല്‍ സംരംഭകര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് ടെക് സോഫ്റ്റ് വെയറാണ്. ചില്ലറ വ്യാപാരം-ഉപഭോക്തൃ ഉത്പന്ന മേഖല, ആരോഗ്യ സംരക്ഷണം, സ്റ്റാഫിംഗ് എന്നീ മേഖലകളാണ് തൊട്ടു പിറകിലുള്ളത്.
മിഡില്‍ ഈസ്റ്റ്, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഈജിപ്ത്, ദക്ഷിണാഫ്രിക്ക, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സംരംഭകരാണ് പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഫസ്റ്റ് അറബ് സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സ് സമ്മിറ്റിന് തുടക്കം കുറിച്ചിരുന്നു. മേഖലയിലെ പ്രൊഫഷണലുകളെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലിങ്ക്ഡ് ഇന്‍ പോലോത്ത കമ്പനികളുടെ സഹകരണത്തോടെയായിരുന്നു ഇത്.