സി.പി.എം മന്ത്രിമാരുടെ വകുപ്പുകളില്‍ ഏകദേശ ധാരണ

Posted on: May 23, 2016 11:19 am | Last updated: May 24, 2016 at 11:12 am

ministersതിരുവനന്തപുരം: സി.പി.എമ്മിന്റെ 12 മന്ത്രിമാരുടെ വകുപ്പുകളില്‍ ഏതാണ്ട് ധാരണയായി.മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പൊതുഭരണവും ആഭ്യന്തര വകുപ്പും കൈകാര്യം ചെയ്യും. തോമസ് ഐസക് (ധനം), ഇ.പി ജയരാജന്‍ (വ്യവസായം, ഐടി), ജി.സുധാകരന്‍ (പൊതുമരാമത്ത്), എ.കെ ബാലന്‍ (തദ്ദേശസ്വയംഭരണം, പട്ടികവര്‍ഗം), കടകംപള്ളി സുരേന്ദ്രന്‍ (വൈദ്യുതി), സി.രവീന്ദ്രനാഥ് (വിദ്യാഭ്യാസം), ടി.പി രാമകൃഷ്ണന്‍ (തൊഴില്‍, എക്‌സൈസ്), കെ.ടി ജലീല്‍ (ടൂറിസം), കെ.കെ ശൈലജ (ആരോഗ്യം), എ.സി മൊയ്തീന്‍ (സഹകരണം) മേഴ്‌സിക്കുട്ടിയമ്മ (ഫിഷറീസ്,തുറമുഖം), എന്നിങ്ങനെയാണ് വകുപ്പുകള്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം ഇന്ന് ചേരുന്ന സംസ്ഥാന സമിതി വകുപ്പുകള്‍ സംബന്ധിച്ച അന്തിമ തീരുമാമെടുക്കും.

പിണറായി, തോമസ് ഐസക്, എ.കെ. ബാലന്‍, ജി. സുധാകരന്‍ എന്നിവര്‍ക്ക് മാത്രമാണ് ഭരണരംഗത്ത് മുന്‍പരിചയമുള്ളത്. 1998 ല്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടും മുമ്പ് 1996 ലെ ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ രണ്ടുവര്‍ഷത്തോളം വൈദ്യുതി, സഹകരണ വകുപ്പിന്റെ ചുമതല പിണറായിക്കായിരുന്നു. ഐസക് 2006 ലെ വി.എസ് മന്ത്രിസഭയില്‍ ധനകാര്യം, പൊതുമരാമത്ത് എന്നിവയുടെയും ജി. സുധാകരന്‍ ദേവസ്വം, സഹകരണം എ.കെ. ബാലന്‍ വൈദ്യുതി പട്ടികജാതിവര്‍ഗ വകുപ്പുകളുടെയും ചുമതല വഹിച്ചിരുന്നു. ബാക്കിയുള്ളവര്‍ ആദ്യമായാണ് ഭരണരംഗത്തേക്ക് വരുന്നത്.

സി.പി.ഐ മന്ത്രിമാരുടെ കാര്യത്തില്‍ ഇന്ന് തീരുമാനമാകും. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ്, കൗണ്‍സില്‍ യോഗങ്ങള്‍ ചേരുന്നുണ്ട്. നേരത്തെ മന്ത്രിമാരായിരുന്നവരെ ഒഴിവാക്കണമെന്ന നിര്‍ദ്ദേശം വന്നാല്‍ മുല്ലക്കര രത്‌നാകരനും സി. ദിവാകരനും മാറി നില്‍ക്കേണ്ടിവരും. ഇ. ചന്ദ്രശേഖരന്‍, വി.എസ്. സുനില്‍ കുമാര്‍, കെ. രാജു, പി. തിലോത്തമന്‍ എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം. ഇതിനൊപ്പം മുഹമ്മദ് മൊഹ്‌സീന്‍ ഇ.എസ് ബിജിമോള്‍ എന്നിവരുടെ പേരും ചര്‍ച്ച ചെയ്യുന്നുണ്ട്. എന്‍.സി.പി, ജനതാദള്‍ എസ് മന്ത്രിമാരുടെ കാര്യത്തിലും ഇന്ന് തീരുമാനമാകും. കോണ്‍ഗ്രസ് എസില്‍ നിന്ന് രാമചന്ദ്രന്‍ കടന്നപ്പള്ളി മന്ത്രിയാകും