സുന്നി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം: മൂന്ന് ലീഗുകാര്‍ കൂടി അറസ്റ്റില്‍

Posted on: May 23, 2016 10:26 am | Last updated: May 23, 2016 at 10:26 am
thirur murder
മുഹമ്മദ്, ഷൗക്കത്ത്, തസ്‌ലീം

തിരൂര്‍: വളവന്നൂരില്‍ മുസ്‌ലിം ലീഗ് ആഹ്ലാദ പ്രകടനത്തിനിടെ എസ് വൈ എസ് ടി കെ പാറ യൂനിറ്റ് പ്രസിഡന്റ് കുഞ്ഞിപ്പയെന്ന ഹംസക്കുട്ടി(48)യെ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് ലീഗ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. ഇതോടെ പിടിയിലായ പ്രതികളുടെ എണ്ണം ഏഴായി. കന്മനം സ്വദേശി അരയാലില്‍ ഷൗക്കത്ത്(28), ചെറവന്നൂര്‍ അലയാട്ടില്‍ മുഹമ്മദ് എന്ന ബാവ (53), പാറമ്മലങ്ങാടി ആശാരിത്തൊടിയില്‍ തസ്‌ലീം (24) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. കല്‍പകഞ്ചേരി എസ് ഐ. വിശ്വനാഥന്‍ കാരയില്‍, അഡീഷണല്‍ എസ് ഐ .സുഗീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഒളിവില്‍ കഴിഞ്ഞ പ്രതികളെ പിടികൂടിയത്. കേസില്‍ കണ്ടാലറിയാവുന്ന 50 പേരെയും മറ്റ് മൂന്ന് പേരെയും ഇനി പിടികൂടാനുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വളാഞ്ചേരി സി ഐ. അറിയിച്ചു. പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പോലീസ് പറഞ്ഞു. പെരിന്തല്‍മണ്ണ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ഏഴ് പ്രതികളെയും റിമാന്‍ഡ് ചെയ്തു. വെള്ളിയാഴ്ച വൈകിട്ട് നടന്ന മുസ്‌ലിം ലീഗ് ആഹ്ലാദ പ്രകടനത്തില്‍ നിന്നും ഗുണ്ടേറും തുടര്‍ന്നു നടന്ന ആക്രമണവുമായിരുന്നു സുന്നി പ്രവര്‍ത്തകനായ ഹംസക്കുട്ടിയുടെ മരണത്തിന് ഇടയാക്കിയത്.