വി എസിനെ കാണാന്‍ പിണറായി എത്തി

Posted on: May 21, 2016 5:34 pm | Last updated: May 22, 2016 at 10:36 am

PINARAYI VSതിരുവനന്തപുരം:നേതാക്കളെയെല്ലാം വീട്ടില്‍ ചെന്ന് കണ്ട് പിന്തുണ തേടി നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍. വി എസ് അച്യുതാനന്ദനെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും സന്ദര്‍ശിച്ച പിണറായി ഇരുവരെയും ബുധനാഴ്ച നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചു. പിന്നീട് എം എന്‍ സ്മാരകത്തിലെത്തി സി പി ഐ നേതാക്കളുമായും ചര്‍ച്ച നടത്തി.

മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ പിണറായി വിജയന്‍ ആദ്യം സന്ദര്‍ശിച്ചത് വി എസിനെയായിരുന്നു. പ്രതിപക്ഷ നേതൃപദവിയില്‍ നിന്ന് ഒഴിയുന്നതിന്റെ ഭാഗമായി വി എസ് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിന് തൊട്ടുമുമ്പായിരുന്നു പിണറായിയുടെ സന്ദര്‍ശനം.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനൊപ്പമാണ് വി എസിനെ കാണാന്‍ പിണറായി എത്തിയത്. അടച്ചിട്ട മുറിയില്‍ മൂവരും പത്ത് മിനുട്ടോളം ചര്‍ച്ച നടത്തി. പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിന് മുന്‍ഗണന നല്‍കണമെന്നും ജിഷ കൊലക്കേസിലെ പ്രതിയെ ഉടന്‍ പിടികൂടണമെന്നും പിണറായിയോട് വി എസ് ആവശ്യപ്പെട്ടു. സ്ത്രീ സുരക്ഷക്കും വിലക്കയറ്റം തടയാനും പ്രാമുഖ്യം നല്‍കണമെന്നും വി എസ് നിര്‍ദേശിച്ചു.