Connect with us

Ongoing News

വാന്‍ ഗാലിന് നിര്‍ണായകം

Published

|

Last Updated

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ച് ലൂയിസ് വാന്‍ ഗാല്‍ ടീമിന്റെ പരിശീലനം വീക്ഷിക്കുന്നു

ലണ്ടന്‍: ഇംഗ്ലണ്ടില്‍ ഇന്ന് എഫ് എ കപ്പ് കിരീടധാരണം. പ്രീമിയര്‍ ലീഗില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മാഞ്ചസ്റ്റര്‍ യുനൈറ്റഡും അട്ടിമറി വീരന്‍മാരായ ക്രിസ്റ്റല്‍ പാലസുമാണ് നേര്‍ക്കുനേര്‍ വരുന്നത്. പതിനൊന്ന് തവണ എഫ് എ കപ്പ് ഉയര്‍ത്തിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആഴ്‌സണലിന്റെ പന്ത്രണ്ട് കിരീടങ്ങളുടെ റെക്കോര്‍ഡ് ലക്ഷ്യമിടുന്നു. ക്രിസ്റ്റല്‍പാലസ് ഇത് രണ്ടാം തവണയാണ് എഫ് എ കപ്പില്‍ ഫൈനല്‍ യോഗ്യത നേടുന്നത്. ആദ്യത്തേത് 26 വര്‍ഷം മുമ്പായിരുന്നു. 1990 ല്‍ കിരീടമോഹവുമായി കളത്തിലിറങ്ങിയ പാലസിനെ നിരാശരാക്കിയത് മറ്റാരുമല്ല, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തന്നെ. അലക്‌സ് ഫെര്‍ഗൂസന്‍ എന്ന ഇതിഹാസ പരിശീലകന് കീഴില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നേടുന്ന ആദ്യ കിരീടജയമായിരുന്നു അത്.
ചരിത്രത്തിലെ തിരിച്ചടി ഇന്നും ഓര്‍ക്കുന്ന ഒരാള്‍ ക്രിസ്റ്റല്‍ പാലസ് നിരയിലുണ്ട്. അന്ന് ടീമിന്റെ താരമായിരുന്നു അലന്‍ പാര്‍ഡീവ് ഇന്ന് പരിശീലകന്റെ കുപ്പായത്തിലാണ്. അലക്‌സ് ഫെര്‍ഗൂസന്‍ ഇന്ന് ടീമിനൊപ്പമില്ല, ലൂയിസ് വാന്‍ ഗാലാണ് പരിശീലകന്‍. തപ്പിത്തടയുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ അട്ടിമറിക്കാന്‍ അലന്‍ പാര്‍ഡീവ് തന്ത്രം മെനയുകയാണ്. ഒത്താല്‍, പാര്‍ഡീവിന് വലിയൊരു മധുരപ്രതികാരമാകും ഇത്.
വാന്‍ ഗാലിന്റെ ഗതി മറിച്ചാകും. അടുത്ത നിമിഷം തന്നെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മാനേജര്‍ ജോലി തെറിച്ചേക്കാം. പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍, പ്രത്യേകിച്ച് മാഞ്ചസ്റ്റര്‍ സിറ്റി പെപ് ഗോര്‍ഡിയോളയെ പരിശീലക സ്ഥാനത്ത് നിയമിച്ച് അടുത്ത സീസണ്‍ സമ്പന്നമാക്കാന്‍ പണി തുടങ്ങിക്കഴിഞ്ഞു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വാന്‍ ഗാലില്‍ പ്രതീക്ഷയര്‍പ്പിക്കുമ്പോള്‍ തന്നെ ആശങ്കയുമുണ്ട്. എഫ് എ കപ്പ് വാന്‍ ഗാലിന്റെ ഭാവി നിര്‍ണയിക്കുന്നതാകും. മുന്‍ ചെല്‍സി കോച്ച് ഹൊസെ മൗറിഞ്ഞോ അടുത്ത കോച്ചാകാന്‍ തയ്യാറായി പുറത്ത് നില്‍ക്കുന്നുണ്ട്. 2013 ല്‍ അലക്‌സ് ഫെര്‍ഗൂസന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരിശീലക സ്ഥാനമൊഴിഞ്ഞതിന് ശേഷം ക്ലബ്ബ് കിരീട വിജയം എന്തെന്നറിഞ്ഞിട്ടില്ല. ഫെര്‍ഗൂസന് കീഴില്‍ 38 മേജര്‍ ട്രോഫികള്‍ സ്വന്തമാക്കിയ ടീം വാന്‍ ഗാലിന് കീഴില്‍ എഫ് എ കപ്പ് നേടിയാല്‍ പോലും ഭാവിയെ കുറിച്ച് ക്ലബ്ബ് മാനേജ്‌മെന്റ് ഗൗരവമായി ചിന്തിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. അതായത്, എഫ് എ കപ്പിനും വാന്‍ ഗാലിനെ രക്ഷിക്കാന്‍ സാധിച്ചേക്കില്ലെന്ന്.
എന്നാല്‍, ലൂയിസ് വാന്‍ ഗാല്‍ ശുഭാപ്തി വിശ്വാസത്തിലാണ്. ചരിത്രം ഓര്‍മിപ്പിക്കുകയാണ് അദ്ദേഹം. അലക്‌സ് ഫെര്‍ഗൂസന്‍ മാഞ്ചസ്റ്ററിന്റെ കോച്ചായതിന് ശേഷം ആദ്യ നാല് സീസണ്‍ വളരെ വിഷമകരമായിരുന്നു. ഫെര്‍ഗൂസന്റെ നല്ലകാലം ആരംഭിക്കുന്നത് 1990 എഫ് എ കപ്പ് ഫൈനലില്‍ ക്രിസ്റ്റല്‍പാലസിനെ തോല്‍പ്പിച്ച് കിരീടം നേടുന്നതോടെയാണ്. എന്നെ സംബന്ധിച്ചിടത്തോളം ഈ മത്സരം ഒരു വഴിത്തിരിവാകും. എന്റെ ടീം മികച്ചതാണ്, അവര്‍ കിരീടം അര്‍ഹിക്കുന്നുണ്ട് – വാന്‍ ഗാല്‍ പറഞ്ഞു.
അഞ്ച് തവണയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഫെര്‍ഗൂസന് കീഴില്‍ എഫ് എ കപ്പ് ഉയര്‍ത്തിയത്. ഇപ്പോഴത്തെ ടീമില്‍ എഫ് എ കപ്പ് മെഡല്‍ അണിഞ്ഞ ഒരു താരം മാത്രമാണുള്ളത്. യുവാന്‍ മാറ്റ. ഇതാകട്ടെ, 2012 ല്‍ ചെല്‍സിക്കൊപ്പമായിരുന്നു. വെയിന്‍ റൂണിയും മൈക്കര്‍ കാരിക്കും തങ്ങള്‍ക്ക് കിട്ടാക്കനിയായ മെഡല്‍ സ്വപ്‌നം കണ്ടായിരിക്കും ഇന്ന് കളത്തിലിറങ്ങുക. ക്രിസ്റ്റല്‍പാലസിന്റെ നിരയിലും ഒരാള്‍ മാത്രമാണ് എഫ് എ കപ്പ് മെഡലണിഞ്ഞത്. ജെയിംസ് മക് ആര്‍തര്‍. ഇതും മറ്റൊരു ടീമിനൊപ്പമായിരുന്നു. 2013 ല്‍ വിഗാന്‍ അത്‌ലറ്റിക്കിനൊപ്പം.
അന്ന് മാഞ്ചസ്റ്റര്‍ സിറ്റിയെയാണ് മക് ആര്‍തറിന്റെ ടീം തോല്‍പ്പിച്ചത്. ഇന്ന് മറ്റൊരു മാഞ്ചസ്റ്റര്‍ ക്ലബ്ബാണ് മക് ആര്‍തറിന് മുന്നില്‍. ചരിത്രം പരിശോധിക്കുമ്പോള്‍ ആര്‍തറിന് മുഖത്ത് ചിരിയുണ്ട്.

Latest