Connect with us

Gulf

മൂന്നക്ക നമ്പറിന്റെ വില 35 ലക്ഷം റിയാല്‍

Published

|

Last Updated

കതാറയില്‍ നടന്ന ലേലത്തില്‍ 411 എന്ന നമ്പര്‍
പ്രദര്‍ശിപ്പിക്കുന്നു

ദോഹ: കതാറ കള്‍ച്ചറല്‍ വില്ലേജില്‍ നടന്ന ലേലത്തില്‍ മൂന്നക്ക നമ്പര്‍ ലേലത്തിന് പോയത് 35 ലക്ഷം ഖത്വര്‍ റിയാലിന്. 411 എന്ന വാഹന നമ്പറാണ് സ്വദേശി മോഹവിലക്ക് സ്വന്തമാക്കിയത്. ഖത്വറിന്റെ സ്വകാര്യ മേഖലയില്‍ ആദ്യമായി നടന്ന വാഹന നമ്പര്‍ ലേലത്തില്‍ 30 പ്രത്യേക നമ്പറുകള്‍ക്ക് മൊത്തം ചെലവഴിച്ചത് 15 മില്യന്‍ ഖത്വര്‍ റിയാല്‍ ആണ്. നേരത്തെ ആഭ്യന്തര മന്ത്രാലയം ഓണ്‍ലൈന്‍ വഴിയാണ് വാഹന നമ്പര്‍ പ്ലേറ്റുകള്‍ ലേലം ചെയ്തിരുന്നത്.
35 ലക്ഷം റിയാലിന് ഇഷ്ട നമ്പര്‍ സ്വന്തമാക്കിയയാള്‍ 157, 158 എന്നീ നമ്പറുകള്‍ക്ക് 2.72 മില്യന്‍ റിയാല്‍ കൂടി ചെലവഴിച്ചിട്ടുണ്ട്. ഇഷ്ട നമ്പറുകള്‍ക്ക് മൊത്തം ആറ് മില്യന്‍ റിയാല്‍ ആണ് ഇദ്ദേഹം ചെലവഴിച്ചത്. 9999 എന്ന നമ്പര്‍ ആണ് രണ്ടാമത്തെ വിലയേറിയ താരമായത്. 31 ലക്ഷം റിയാലിനാണ് ഇത് ലേലത്തില്‍ പോയത്.
മൂന്ന്, നാല്, അഞ്ച്, ആറ് സംഖ്യകളിലുള്ള വിവിധ നമ്പറുകള്‍ക്ക് ഉയര്‍ന്ന വില ലഭിച്ചത്. 30003 എന്ന നമ്പറിന് 2.60 ലക്ഷം റിയാല്‍ ആണ് ലഭിച്ചത്. ഇതാണ് ഏറ്റവും കുറഞ്ഞ ലേലത്തില്‍ പോയത്. കഴിഞ്ഞ മാസം തുറന്ന അല്‍ ബാഹി ഓക്ഷന്‍ ഹൗസിലാണ് ലേലം നടന്നത്. ലേലത്തില്‍ പങ്കെടുത്തവര്‍ നിക്ഷേപ തുകയായി അമ്പതിനായിരം റിയാല്‍ അടച്ചു. ചുരുങ്ങിയ ലേലത്തുക ഒന്നര ലക്ഷം റിയാല്‍ ആയിരുന്നു.
വാഹനം, മൊബൈല്‍ ഫോണ്‍ എന്നിവക്ക് ഫാന്‍സി നമ്പറുകള്‍ സ്വന്തമാക്കുന്നത് ജി സി സിയില്‍ പൊതുവേ ഹരമാണ്. കഴിഞ്ഞ ഡിസംബറില്‍ ഖത്വറില്‍ ഉരീദു നടത്തിയ 25 ഫോണ്‍നമ്പറുകളുടെ ലേലത്തില്‍ 4.1 മില്യന്‍ ഖത്വര്‍ റിയാല്‍ ആണ് ലഭിച്ചത്. ചാരിറ്റി ലക്ഷ്യം വെച്ചാണ് അന്ന് ലേലം നടത്തിയത്. കഴിഞ്ഞ ദിവസത്തെ ലേലം ചാരിറ്റിക്കല്ല.

Latest