തകര്‍ന്നടിഞ്ഞ് ജെ ഡി യുവും ആര്‍ എസ് പിയും

Posted on: May 20, 2016 11:42 am | Last updated: May 20, 2016 at 11:42 am

തിരുവനന്തപുരം: ഒരു സീറ്റില്‍ പോലും ജയിക്കാന്‍ കഴിയാതെ വന്നതോടെ ആര്‍ എസ് പിക്ക് മുന്നണി മാറ്റം നഷ്ടക്കച്ചവടമായി. എല്‍ ഡി എഫിലേക്ക് മടങ്ങാന്‍ ആലോചിച്ച് പിന്മാറിയ ജെ ഡി യുവിനും ഒരു സീറ്റും നേടാനായില്ല. യു ഡി എഫില്‍ ഉറച്ചുനിന്ന സി എം പിയിലെ സി പി ജോണ്‍ വിഭാഗത്തിന്റെയും എല്‍ ഡി എഫുമായി സഹകരിച്ച ഐ എന്‍ എല്ലിന്റെയും സ്ഥിതിയും ഇത് തന്നെ. അതേസമയം, യു ഡി എഫില്‍ നിന്ന് ഇടത് മുന്നണിയിലെത്തിയ കേരളാകോണ്‍ഗ്രസ് ബിയും സി എം പി അരവിന്ദാക്ഷന്‍ വിഭാഗവും മിന്നും ജയം നേടി. കേരളാകോണ്‍ഗ്രസ് ബിയിലെ കെ ബി ഗണേഷ്‌കുമാര്‍ പത്തനാപുരത്തും സി എം പിയുടെ വിജയന്‍പിള്ള ചവറയില്‍ നിന്നുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ആര്‍ എസ് പിയില്‍ നിന്ന് ഇടതിലേക്ക് മടങ്ങിയ കോവൂര്‍ കുഞ്ഞിമോനും മികച്ച ജയംനേടി.

ഏഴ് സീറ്റില്‍ മത്സരിച്ച ജനതാദള്‍ യുവിനും അഞ്ച് സീറ്റില്‍ മത്സരിച്ച ആര്‍ എസ് പിക്കും വലിയ നഷ്ടമാണ് സംഭവിച്ചത്. മന്ത്രി കെ പി മോഹനന്റെ കൂത്തുപറമ്പും എം വി ശ്രേയാംസ്‌കുമാറിന്റെ കല്‍പ്പറ്റയും അടങ്ങുന്ന രണ്ട് സിറ്റിംഗ് സീറ്റുകള്‍ പോലും ജെ ഡി യുവിന് നഷ്ടമായി. എല്‍ ഡി എഫില്‍ തുടര്‍ന്ന ജനതാദള്‍ എസിന് രണ്ട് സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെട്ടെങ്കിലും ചിറ്റൂര്‍ പുതുതായി ലഭിച്ചു. മലപ്പുറത്തിന് പകരം എല്‍ ഡി എഫ് നല്‍കിയ ചിറ്റൂരില്‍ കെ കൃഷ്ണന്‍കുട്ടിയാണ് ജയിച്ചത്. തിരുവല്ല മാത്യു ടി തോമസും വടകര സി കെ നാണുവും നിലനിര്‍ത്തി.
അഞ്ച് സീറ്റില്‍ മത്സരിച്ച ആര്‍ എസ് പിക്കും ഒരിടത്ത് പോലും ജയിക്കാനായില്ല. വള്ളിക്കുന്ന്, കോഴിക്കോട് സൗത്ത്, കാസര്‍കോഡ് സീറ്റുകളില്‍ മത്സരിച്ച ഐ എന്‍ എല്ലിനും ഒരിടത്ത് പോലും ജയിക്കാനായില്ല.