ഇടതു തരംഗം; ഒപ്പം വര്‍ഗീയവിരുദ്ധ തരംഗവും

Posted on: May 20, 2016 9:11 am | Last updated: May 20, 2016 at 9:11 am

ഇതാണ് തരംഗം. ഇടതു തരംഗം. പതിവു പോലെ ഒരു ഇടവേളക്ക് ശേഷം കേരള ജനത ഇടത്തോട്ട് തിരിഞ്ഞിരിക്കുന്നു. അഴിമതിക്കും വര്‍ഗീയതക്കുമെതിരെ മലയാളികളുടെ ഉജ്വലമായ വിജയമായി ഇടതു മുന്നണിയുടെ മുന്നേറ്റം.

സംസ്ഥാനത്ത് അങ്ങോളമിങ്ങോളം ആഞ്ഞടിച്ച ഇടതു തരംഗത്തിന് പല മാനങ്ങളുമുണ്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നേരിട്ട അഴിമതി ആരോപണങ്ങള്‍ കണ്ടു മനംമടുത്ത ജനങ്ങള്‍ ഇടതുമുന്നണിയെ കൈ നീട്ടി സ്വാഗതം ചെയ്യുന്നുവെന്ന് പറയുമ്പോഴും സമൂഹത്തില്‍ പലതരം അടിയൊഴുക്കുകള്‍ ഉണ്ടായിരുന്നുവെന്ന വസ്തുത നിലനില്‍ക്കുന്നു. ഭരണവിരുദ്ധ വികാരം അതിന്റെ സര്‍വശക്തിയോടും കൂടി ആഞ്ഞടിച്ചു. ഭരണമുന്നണിക്കെതിരെ ഇടതു മുന്നണിയും എന്‍ ഡി എയും ഈ വികാരം പങ്കിടുന്നുണ്ടായിരുന്നുവെങ്കിലും ഇടതു മുന്നണിയായിരുന്നു അതിന്റെ ഗുണഭോക്താക്കള്‍. ബി ജെ പിക്ക് അതിന്റെ പങ്ക് കൈക്കലാക്കാനായില്ല. യഥാര്‍ഥത്തില്‍ ജനങ്ങള്‍ വിധിയെഴുതിയത് ഭരണമുന്നണിക്കും ബി ജെ പിക്കും എതിരെയാണ്.

ഭരണവിരുദ്ധ വികാരവും അഴിമതിവിരുദ്ധ വികാരവും സംസ്ഥാനമൊട്ടാകെ ഒരു തരംഗമായി മാറിയതോടൊപ്പം തന്നെ ഒരു വര്‍ഗീയ വിരുദ്ധ വികാരവും കേരളത്തില്‍ ആഞ്ഞടിച്ചു. ബി ജെ പിക്കും അതിന്റെ പുതിയ ബന്ധുവായ വെള്ളാപ്പള്ളി നടേശനും കൂടി ഇവിടെ വര്‍ഗീയ വികാരം വളര്‍ത്തുകയായിരുന്നു. അതിനെതിരെ ശക്തമായൊരു വികാരം വളര്‍ന്നുവരുന്നത് ബി ജെ പി നേതൃത്വം ശ്രദ്ധിച്ചില്ല. ന്യൂനപക്ഷ മതവിഭാഗങ്ങള്‍ മാത്രമല്ല, കേരളത്തിലെ മതേതര സമൂഹവും ഈ വര്‍ഗീയവിരുദ്ധ ചേരിയില്‍ ഒത്തുചേര്‍ന്നു. വര്‍ഗീയവിരുദ്ധ വികാരം എല്ലായിടത്തും ഏറെക്കുറെ ഒരുപോലെ തന്നെ പ്രകടമായിരുന്നു താനും. പ്രത്യേകിച്ച് മലബാര്‍ പ്രദേശത്ത്. ബി ജെ പിയുടെ വര്‍ധിത വീര്യത്തോടെയുള്ള പ്രചണ്ഡമായ പ്രചാരണവും ഇനിയിപ്പോള്‍ തങ്ങള്‍ കേരളം കീഴടക്കാന്‍ പോകുകയാണെന്ന വീരവാദവും മുസ്‌ലിംകളില്‍ ഏറെ ആശങ്ക സൃഷ്ടിച്ചു. ഇത് മുസ്‌ലിം മേഖലകളിലൊക്കെയും പ്രകടമായി. ലീഗ് കോട്ടകളെ പോലും ഞെട്ടിക്കുന്ന രീതിയിലാണ് ഈ വികാരം വളര്‍ന്നത്.

ക്രിസ്ത്യന്‍ മേഖലകളില്‍ അത്രക്ക് വ്യാപകമല്ലെങ്കിലും ഈ വര്‍ഗീയവിരുദ്ധ വികാരം കാണാമായിരുന്നു. പത്തനംതിട്ട ജില്ലയില്‍ കോണ്‍ഗ്രസിന്റെ നെടുംകോട്ടയില്‍ ഇടതുമുന്നണി നേടിയ വന്‍ വിജയത്തിന് പിന്നില്‍ ഈ വികാരം തന്നെയാണുണ്ടായിരുന്നത്. ആറന്മുളയില്‍ വീണാ ജോര്‍ജിന്റെ വിജയം ഉദാഹരണം. ആറന്മുള യഥാര്‍ഥത്തില്‍ മധ്യകേരളത്തില്‍ കോണ്‍ഗ്രസിന്റെ ഹൃദയമാണ്. ആ ഹൃദയമാണ് സി പി എം പറിച്ചെടുത്തത്. ഈ പ്രദേശത്തെ പ്രബലമായ ക്രിസ്ത്യന്‍ സമുദായത്തിന്റെ തുറന്ന പിന്തുണയില്ലാതെ സി പി എമ്മിന് ഈ സീറ്റ് നേടാനാകുമായിരുന്നില്ല. കൊല്ലം, തൃശൂര്‍, തിരുവനന്തപുരം എന്നിങ്ങനെ മിക്ക ജില്ലകളിലും ഇടതുപക്ഷം നേടിയ വിജയത്തിനു പിന്തുണ നല്‍കിയത് പരക്കെയുണ്ടായ വര്‍ഗീയവിരുദ്ധ വികാരം തന്നെയാണ്.

നേമം മണ്ഡലത്തില്‍ ഒ രാജഗോപാല്‍ വിജയിച്ചുവെങ്കിലും ബി ജെ പിക്ക് കേരളത്തില്‍ ആദ്യമായി താമര വിരിയിച്ചതിന്റെ ശോഭ കിട്ടാതെ പോയി. ഇടതു മുന്നണി നേടിയ വന്‍ വിജയം ബി ജെ പിയുടെ ഏകവിജയത്തിന്റെ തിളക്കം കെടുത്തിക്കളഞ്ഞു.
കമ്യൂണിസ്റ്റുകള്‍ക്ക് വോട്ട് ചെയ്താല്‍ നരകത്തില്‍ പോകുമെന്ന് മുസ്‌ലിം സമുദായത്തെ പഠിപ്പിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ കാലമൊക്കെ എന്നേ പോയ്‌പോയിരിക്കുന്നു. പ്രധാന മുസ്‌ലിം സംഘടനാ പ്രവര്‍ത്തകര്‍ ഇടതു മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി വീടുകള്‍ കയറിയിറങ്ങി പ്രവര്‍ത്തിക്കുക പോലുമുണ്ടായി. ക്രിസ്ത്യന്‍ മത മേലധ്യക്ഷന്മാരും രാഷ്ട്രീയ നിലപാടുകള്‍ മാറ്റുകയാണ്. വര്‍ഗീയതക്കെതിരെ ശബ്ദമുയര്‍ത്താന്‍ ഇടതുമുന്നണി ക്ക് ഏറെ ശേഷിയെന്ന് അവര്‍ മനസ്സിലാക്കിയിരിക്കുന്നു. ഇടതുപക്ഷം പരാജയപ്പെട്ടാല്‍ അത് തങ്ങളുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുമെന്നും അവര്‍ മനസ്സിലാക്കിയിരുന്നു.
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഈ തിരഞ്ഞെടുപ്പ് നിലനില്‍പ്പിന് വേണ്ടിയുള്ള ഒരു വിധിയെഴുത്തായിരുന്നു. ഈ ചിന്തക്ക് കേരളത്തിന്റെ മതേതര മനസ്സും പിന്തുണ നല്‍കി. ഇടതുപക്ഷത്തിന്റെ വിജയത്തിന് പൂര്‍ണത നല്‍കിയത് കേരളത്തിലെ മതേതര മനസ്സുള്ള മലയാളികളാണ്. ജാതിക്കും മതത്തിനുമതീതമായി ചിന്തിക്കുന്ന സുമനസ്സുകള്‍.