ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ മരിച്ച നിലയില്‍

Posted on: May 19, 2016 12:27 am | Last updated: May 19, 2016 at 12:27 am

mlp death Asharaf 1തിരൂരങ്ങാടി: എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ചെമ്മാട് തൃക്കുളം ഗവ.ഹൈസ്‌കൂളിന് പിന്‍വശം താമസിക്കുന്ന പരേതനായ കോരന്‍കണ്ടന്‍ കുഞ്ഞിമുഹമ്മദിന്റെ മകന്‍ അശ്‌റഫ്(34) ആണ് മരിച്ചത്.
തിരൂരങ്ങാടി നിയോജക മണ്ഡലം എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിക്കുന്ന ചെമ്മാട് ബ്ലോക്ക് റോഡിലെ കെവി കോംപ്ലക്‌സിന്റെ നിര്‍മാണത്തിലിരിക്കുന്ന ലിഫ്റ്റിന്റെ കുഴിയിലാണ് അശ്‌റഫ് മരിച്ചു കിടക്കുന്നതായി ഇന്നലെ കാലത്ത് 10 മണിയോടെ കണ്ടെത്തിയത്. തല പൊട്ടി രക്തം വാര്‍ന്ന നിലയിലായിരുന്നു.
ഓട്ടോ ഡ്രൈവറായ അശ്‌റഫ് ഡി വൈ എഫ് ഐ ചെമ്മാട് മേഖലാ കമ്മിറ്റി പ്രസിഡന്റാണ്. ചൊവ്വാഴ്ച വൈകുന്നേരം 8.30ന് എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഗേറ്റ് അടച്ച് പ്രവര്‍ത്തകര്‍ പോയതായിരുന്നു. 9.30ന് അശ്‌റഫ് കുറച്ച് അപ്പുറത്തുള്ള സി പി എം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ ഉണ്ടായിരുന്നതായും വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് ഇറങ്ങിയതായും പ്രവര്‍ത്തകര്‍ പറയുന്നു. അശ്‌റഫിനെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ ഇന്നലെ കാലത്ത് തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കിയിരുന്നു. അതിനിടെ ഇന്നലെ കാലത്ത് പത്ത് മണിയോടെ കെട്ടിട ഉടമ ഷട്ടര്‍ തുറന്ന് അകത്ത് കടന്നപ്പോഴാണ് ലീഫ്റ്റിന്റെ കുഴിയില്‍ മരിച്ചു കിടക്കുന്നതായി കണ്ടത്.
ഈ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. അശ്‌റഫിന്റെ ഓട്ടോറിക്ഷ സി പി എം ഓഫീസിന് മുന്നില്‍ തന്നെ നിര്‍ത്തിയിട്ടിരുന്നു.
തിരൂരങ്ങാടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ചെമ്മാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.
മലപ്പുറം എസ് പി. കെ വിജയന്‍, ഡി വൈ എസ് പി ശറഫുദ്ദീന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മാതാവ് ഖദീജ. ഭാര്യ തൊട്ടിയില്‍ ഖദീജ.മക്കള്‍:അസ്‌റഹ്, അസ്ഹാജിബ്. സഹോദരങ്ങള്‍: ഫിറോസ്, റാശിദ് (ഇരുവരും റിയാദ്) നിസാര്‍, സുലൈഖ, റംല, മുബീന.