Connect with us

Sports

ഇന്ത്യന്‍ ഫുട്‌ബോളില്‍ വരുന്നു മാറ്റം..

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോളില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ (എ ഐ എഫ് എഫ്) നേതൃത്വത്തില്‍ ബൃഹദ്പദ്ധതി. ഇന്ത്യന്‍ സൂപ്പര്‍ ലീഗും ഐ ലീഗും രൂപമാറ്റം വരുത്തി, ഇതിനൊടൊപ്പം മറ്റൊരു ലീഗും ചേര്‍ത്ത് മൂന്ന് സമാന്തര ലീഗുകള്‍ പദ്ധതി വിഭാവനം ചെയ്യുന്നു. ഇത് പ്രകാരം ഐ എസ് എല്‍ രാജ്യത്തെ പ്രീമിയര്‍ ലീഗായി മാറും. ഐ ലീഗ്, ലീഗ് ഒന്ന് എന്ന പേരിലും രണ്ടാം ഡിവിഷന്‍ ഐ ലീഗ്, ലീഗ് രണ്ട് എന്ന പേരിലും അറിയപ്പെടും. 2017-18 സീസണില്‍ പദ്ധതിക്ക് കിക്കോഫ് കുറിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഐ എസ് എല്‍ സംഘാടകരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡ് (എഫ് എസ്ഡി എല്‍), മുന്‍ നിര ക്ലബ്ബ് പ്രതിനിധികള്‍, സ്റ്റാര്‍ നെറ്റ്‌വര്‍ക് പ്രതിനിധികള്‍ എന്നിവരെല്ലാം എ ഐ എഫ് എഫിന്റെ ഭാവി പദ്ധതിയില്‍ ചര്‍ച്ചക്കുണ്ടായിരുന്നു.
മൂന്ന് ലീഗുകളിലുമായി 28 ടീമുകള്‍ കളിക്കും. 2020 ആകുമ്പോഴേക്കും ക്ലബ്ബുകളുടെ എണ്ണം 50 ആക്കി ഉയര്‍ത്തുകയും ലക്ഷ്യമാണ്.ഐ എസ് എല്‍ ടീമുകളുടെ എണ്ണം പത്തോ, പന്ത്രണ്ടോ ആയി ഉയര്‍ത്തും. ഇതിലേക്ക് ഐ ലീഗിലെ മുന്‍നിര ക്ലബ്ബുകളും ചേരും.
യൂറോപ്യന്‍ ഫുട്‌ബോളിനെ മാതൃകയാക്കി ആഭ്യന്തര കപ്പ് മത്സരങ്ങളും പദ്ധതിയുടെ ഭാഗമാണ്. നിലവിലെ ഫെഡറേഷന്‍ കപ്പ് നോക്കൗട്ട് ചാമ്പ്യന്‍ഷിപ്പ് രാജ്യത്തെ സൂപ്പര്‍ കപ്പാകും. പതിനാറ് ടീമുകള്‍ നാല് ഗ്രൂപ്പുകളിലായി പ്രാഥമിക റൗണ്ട് കളിക്കും. ഇത് ഹോം ആന്‍ഡ് എവേ മാതൃകയിലാകും. നോക്കൗട്ടും ഹോം-എവേ മാതൃകയില്‍ തന്നെ നടക്കും. സൂപ്പര്‍ കപ്പ് രണ്ട് മാസം നീണ്ടു നില്‍ക്കും. ഇതോടെ, സീസണില്‍ ക്ലബ്ബുകള്‍ക്ക് ഒമ്പത് മാസം മത്സരം ഉറപ്പ് വരുത്തും.
ഐ എസ് എല്ലിലെ ആദ്യ എട്ട് ടീമുകളും ലീഗ് ഒന്ന്, ലീഗ് രണ്ട് എന്നിവയിലെ ആദ്യ നാല് ടീമുകളും സൂപ്പര്‍ കപ്പിന് യോഗ്യത നേടും.
നെഹ്‌റു കപ്പ് ചാമ്പ്യന്‍സ് കപ്പായി മാറും. ഇതില്‍ ഫിഫ റാങ്കിംഗില്‍ 120-140 സ്ഥാനങ്ങളില്‍ വരുന്ന ടീമുകളാണ് മാറ്റുരക്കുക. 2017 ല്‍ ആദ്യ എഡിഷന്‍ ചാമ്പ്യന്‍സ് കപ്പിന് വേദിയായി ചെന്നൈ, ബെംഗളുരു പരിഗണനയില്‍
വനിതാ ഫുട്‌ബോള്‍ ലീഗ് ഈ വര്‍ഷം നവംബര്‍ മുതല്‍ 2017 ഫെബ്രുവരി വരെ നടക്കും. ആദ്യ സീസണില്‍ എട്ട് ടീമുകള്‍ പങ്കെടുക്കും. ഏഴ് ടീമുകള്‍ ഇതിനകം താത്പര്യം അറിയിച്ചു കഴിഞ്ഞുവെന്നും എ ഐ എഫ് എഫ് അറിയിച്ചു.

Latest