കുടുംബശ്രീയുടെ ക്രൈം മാപ്പിംഗ് വ്യാപിപ്പിക്കണമെന്ന ആവശ്യം ശക്തം

Posted on: May 19, 2016 6:00 am | Last updated: May 19, 2016 at 12:08 am

kudumbasree Logo HD Jinu Oreetha Ayoorകണ്ണൂര്‍: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായുള്ള അതിക്രമങ്ങളുടെ കണക്കും സ്വഭാവവും മനസ്സിലാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനായി സംസ്ഥാനത്തെ 72 കുടുംബശ്രീ സി ഡി എസുകളില്‍ പൂര്‍ത്തിയായ ക്രൈം മാപ്പിംഗ് സംവിധാനം എല്ലാ പഞ്ചായത്തിലേക്കും വ്യാപിപ്പിക്കണമെന്ന ആവശ്യമുയരുന്നു. സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്‍പ്പെടെ നടക്കുന്ന അതിക്രമങ്ങളെ കൃത്യമായി ചെറുക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് അയല്‍ക്കൂട്ടങ്ങള്‍ കേന്ദ്രീകരിച്ച് ക്രൈം മാപ്പിംഗ് സംവിധാനം തയ്യാറായിരുന്നത്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് സാമൂഹിക ക്ഷേമ വകുപ്പ് ആവിഷ്‌കരിച്ച നിര്‍ഭയ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നേരത്തെ ക്രൈം മാപ്പിംഗ് സംവിധാനം തയ്യാറാക്കിയത്. വാര്‍ഡ് തലത്തില്‍ പ്രത്യേക പരിശീലനം നല്‍കിയ പത്ത് വീതം വളണ്ടിയര്‍മാരെ ഉപയോഗിച്ചാണ് ക്രൈം മാപ്പിംഗിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
അയല്‍ക്കൂട്ട പരിധിയില്‍ കുട്ടികളെയും സ്ത്രീകളെയും ഏതെങ്കിലും തരത്തില്‍ അപമാനിക്കുന്ന സ്ഥലങ്ങളുണ്ടെങ്കില്‍ അയല്‍ക്കൂട്ടം സ്ഥിതിചെയ്യുന്ന വാര്‍ഡിന്റെ മാപ്പില്‍ അത് പ്രത്യേകമായി രേഖപ്പെടുത്തും. വിവിധ തരത്തിലുള്ള അക്രമങ്ങളെ വിവിധ നിറത്തിലായിരിക്കും രേഖപ്പെടുത്തുക. ശാരീരികമായി ആരെങ്കിലും പീഡിപ്പിക്കപ്പെട്ടതോ പീഡിപ്പിക്കാന്‍ സാധ്യതയുള്ളതോ ആയ പ്രദേശങ്ങള്‍ ചുവന്ന നിറത്തില്‍ മാപ്പില്‍ അടയാളപ്പെടുത്തും. നിരന്തരം പൂവാല ശല്യമുള്ള പ്രദേശങ്ങളാണെങ്കില്‍ (വാചികമായ പീഡനം) ആ ഭാഗത്തെ നീല നിറത്തിലും ഭാവ പ്രകടനങ്ങള്‍ നടത്തി പീഡിപ്പിക്കാറുള്ള പ്രദേശങ്ങളെ മഞ്ഞ നിറത്തിലുമാണ് മാപ്പില്‍ അടയാളപ്പെടുത്തുക. അയല്‍ക്കൂട്ട തലങ്ങളില്‍ മാപ്പ് തയ്യാറാക്കി കഴിഞ്ഞാല്‍ വാര്‍ഡിലെ മുഴുവന്‍ അയല്‍ക്കൂട്ടങ്ങളെയും ഒരു മാപ്പിലേക്ക് അടയാളപ്പെടുത്തുകയും ചെയ്യും. ഓരോ പഞ്ചായത്തിലെയും മാപ്പുകളും മറ്റ് വിവരങ്ങളും രഹസ്യ സ്വഭാവത്തോടെ കലക്ടറുടെയും ജില്ലാ പോലീസ് സൂപ്രണ്ടിന്റെയും സാന്നിധ്യത്തിലാണ് വിശകലനം ചെയ്യുക.
സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമ, നഗര പ്രദേശങ്ങളിലേക്കും ക്രൈം മാപ്പിംഗ് വ്യാപിപ്പിക്കുന്നതോടെ കുറ്റകൃത്യങ്ങള്‍ പൂര്‍ണമായി തടയാനാകുമെന്നും അക്രമ സാധ്യതാ പ്രദേശങ്ങളെ കൃത്യമായി കണ്ടെത്താനാകുമെന്നുമാണ് കരുതുന്നത്. സംസ്ഥാനത്ത് നടക്കുന്ന അതിക്രമങ്ങളുടെ എണ്ണവും സ്വഭാവവും സംബന്ധിച്ച വിശദമായ ചിത്രവും ഇതിന്റെ ഭാഗമായി ലഭിക്കും. നിര്‍ദിഷ്ട പ്രദേശങ്ങളിലുണ്ടാകുന്ന അതിക്രമങ്ങളുടെ സ്വഭാവം മനസ്സിലാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഏജന്‍സികള്‍ക്കും ആ പ്രദേശത്ത് സ്വീകരിക്കാവുന്ന നടപടികള്‍ ആസൂത്രണം ചെയ്യുവാനും മാപ്പിംഗ് സഹായകമാണ്.
അശ്ലീല സ്വഭാവമുള്ള സംസാരം പോലും അതിക്രമത്തിന്റെ പരിധിയില്‍ വരുമെന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണെന്ന് ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. സി ഡി എസ് അംഗങ്ങളെ കൂടാതെ പഞ്ചായത്ത് പ്രതിനിധികള്‍, ബന്ധപ്പെട്ട സംസ്ഥാന പ്രതിനിധികള്‍ എന്നിവരടങ്ങുന്ന സംഘമാണ് ക്രൈം മാപ്പിംഗിന് നേതൃത്വം നല്‍കുക. ഇതുമായി ബന്ധപ്പെട്ട രേഖകളെല്ലാം കുടുംബശ്രീ സംസ്ഥാന മിഷന്‍ തയ്യാറാക്കിയ പ്രത്യേക സോഫ്റ്റ്‌വെയറിലാണ് ക്രോഡീകരിക്കുക.
കണ്ണൂര്‍ ജില്ലയിലെ ചെറുകുന്ന്, ചെങ്ങളായി, ശ്രീകണ്ഠപുരം, തൃപ്പങ്ങോട്ടൂര്‍, തില്ലങ്കേരി, കൂത്തുപറമ്പ്, മട്ടന്നൂര്‍ തുടങ്ങിയ സി ഡി എസുകളിലാണ് ഏറ്റവും ആദ്യം ക്രൈം മാപ്പിംഗ് സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് അടുത്ത കാലത്തെ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കേരളം കുറ്റകൃത്യനിരക്കില്‍ യു പിയെക്കാള്‍ മുന്നിലാണ്.
അക്രമങ്ങള്‍ അധികവും നടക്കുന്നത് കൂലിപ്പണിക്കാര്‍ക്കുനേരെയാണെന്നാണ് അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍. അവരില്‍ 18 വയസ്സിന് താഴെയുള്ളവരാണ് ഇരകളാകുന്നതില്‍ അധികവും. ഇവിടുത്തെ ക്രൈം റേറ്റ് 42.41 ശതമാനം. അഥവാ ദേശീയശരാശരിയുടെ ഇരട്ടി. സ്ത്രീകള്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങള്‍ 33.8 ശതമാനമാണ്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളും ദേശീയ ശരാശരിയുടെ ഇരട്ടിയാണ്. കേരള പോലീസിന്റെ കണക്കു പ്രകാരം 12383 കേസുകളാണ് സ്ത്രീകള്‍ക്കു നേരെയുണ്ടായത്. ഇതില്‍ തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 1749 കേസുകള്‍ ഇവിടെമാത്രം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.