Connect with us

Editorial

കാശ്മീരിലെ സൈനിക സാന്നിധ്യം

Published

|

Last Updated

കാശ്മീര്‍ സൈന്യത്തിന്റെയും പോലീസിന്റെയും ക്രൂരത തുറന്നു കാണിക്കുന്നതാണ് ഹന്ദാരയിലെ 16 കാരിയുടെ വെളിപ്പെടുത്തല്‍. കാശ്മീരില്‍ അടുത്തിടെ വന്‍ സംഘര്‍ഷത്തിനിടയാക്കിയതാണ് ഈ പെണ്‍കുട്ടിക്കെതിരെ നടന്ന പീഡനശ്രമം. ഇതിനുത്തരവാദി സൈനികന്‍ തന്നെയെന്നും പോലീസ് കസ്റ്റഡിയിലും പല തവണ പീഡിപ്പിക്കപ്പെട്ടതായും മാതാപിതാക്കള്‍ക്കൊപ്പം പത്രസമ്മേളനത്തില്‍ പെണ്‍കുട്ടി വ്യക്തമാക്കുകയുണ്ടായി. തന്നെ ആരും പീഡിപ്പിച്ചില്ലെന്നും സ്‌കൂള്‍ യൂനിഫോമില്‍ വന്ന കാശ്മീരി വിദ്യാര്‍ഥികള്‍ തന്റെ ബേഗ് തട്ടിപ്പറിച്ചപ്പോഴാണ് നിലവിളിച്ചതെന്നും മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴി പോലീസ് തന്നെക്കൊണ്ട് നിര്‍ബന്ധിച്ചു പറയിപ്പിച്ചതാണെന്നും അവര്‍ അറിയിച്ചു. കഴിഞ്ഞ മാസം 12ന് സ്‌കൂള്‍ വിട്ടുവരുന്ന വഴി പെണ്‍കുട്ടി ഹന്ദാര മാര്‍ക്കറ്റിലുള്ള ബാത്ത്‌റൂമില്‍ കയറിയപ്പോഴാണ് പിറകെ കയറിച്ചെന്ന് സൈനികന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടി ഭയന്ന് നിലവിളിച്ചു പുറത്തേക്കോടി. വിവരമറിഞ്ഞ പ്രദേശവാസികള്‍ സ്ഥലത്ത് ഒരുമിച്ചു കൂടുകയും സൈനിക അതിക്രമത്തിനെതിരെ പ്രതിഷേധിക്കുകയും ചെയ്തു. സൈന്യം ഭീഷണിപ്പെടുത്തി ജനക്കൂട്ടത്തെ പിരിച്ചു വിടാനൊരുങ്ങിയത് സംഘര്‍ഷത്തിനും അഞ്ച് പേരുടെ മരണത്തിനുമിടയാക്കി. പ്രതിഷേധക്കാര്‍ക്ക് നേരെ സൈനികര്‍ നടത്തിയ വെടിവെപ്പിലാണ് അഞ്ച് പേര്‍ മരിച്ചത്.
പ്രശ്‌നത്തില്‍ സൈനികനെ രക്ഷിക്കാനും കാശ്മീരികളെ തെറ്റിദ്ധരിപ്പിക്കാനുമുള്ള നാടകമായിരുന്നു പോലീസും സൈന്യവും ചേര്‍ന്നു പിന്നീട് നടത്തിയത്. സൈനികന്റെ അതിക്രമത്തെക്കുറിച്ചു പരാതി പറയാന്‍ സ്റ്റേഷനില്‍ ചെന്ന പെണ്‍കുട്ടിയെ പോലീസ് തടഞ്ഞുവെക്കുകയും പുറത്തു വിടണമെങ്കില്‍ മൊഴിമാറ്റിപ്പറയണമെന്ന് നിര്‍ബന്ധിക്കുകയുമായിരുന്നുവത്രെ. ഈ മൊഴിയുടെ വീഡിയോ രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് ഉറപ്പ് നല്‍കി. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാനാണ് അവര്‍ നിര്‍ദേശിച്ച പ്രകാരം മൊഴി മാറ്റിപ്പറഞ്ഞതെന്ന് പെണ്‍കുട്ടി പറയുന്നു. സൈനികനാണ് പീഡിപ്പിച്ചതെന്ന് സംഭവം നടന്നയുടനെ മാതാവിനോട് പെണ്‍കുട്ടി വെളിപ്പെടുത്തിയതാണ്. മാതാവ് പത്രക്കാര ഈ വിവരമറിയിക്കുകയും ചെയ്തിരുന്നു.
കാശ്മീരില്‍ സൈന്യത്തെ വിന്യസിച്ചത് ഭീകരരെയും തീവ്രവാദികളെയും നേരിടാനാണ്. എന്നാല്‍ സൈന്യം അവിടെ യുദ്ധം ചെയ്യുന്നത് സാധാരണക്കാരോടാണ്. പ്രത്യേകാധികാരത്തിന്റെ മറവില്‍ സംസ്ഥാനത്ത് അവര്‍ കടുത്ത അതിക്രമങ്ങളാണ് അഴിച്ചുവിടുന്നത്. യുവാക്കളെ ഭീകരരുടെ വക്താക്കളും പ്രവര്‍ത്തകരുമായി മുദ്രകുത്തി അറസ്റ്റ് ചെയ്തു പീഡിപ്പിക്കുന്നതും വെടിവെച്ചു കൊല്ലുന്നതും സൈനികര്‍ക്ക് ക്രൂരവിനോദമാണ്. തീവ്രവാദികളെ തിരയാനെന്ന വ്യാജേന വീടുകളില്‍ ചെന്ന് സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. 2010ല്‍ കാശ്മീരിലെ മാച്ചിലില്‍ വ്യാജ ഏറ്റുമുട്ടലില്‍ മൂന്ന് യുവാക്കളെ കൊന്നതിന് അഞ്ച് സൈനികര്‍ക്ക് കോടതി ജീവപര്യന്തം വിധിക്കുകയുണ്ടായി. മേഖലയില്‍ നടക്കുന്ന നിരവധി സൈനിക അതിക്രമങ്ങളില്‍ ചുരുക്കം ചിലത് മാത്രമാണ് അന്വേഷണ വിധേയമാകുന്നതും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നതും.
വര്‍ധിച്ചുവരുന്ന സൈനികാതിക്രമത്തിന്റെ പശ്ചാത്തലത്തില്‍ കാശ്മീരിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും സൈനികര്‍ക്ക് നല്‍കിയ പ്രത്യേകാധികാരം എടുത്തുകളയണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും നിരന്തരം ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ യു പി എ സര്‍ക്കാര്‍ ഇക്കാര്യം പരിഗണിച്ചിരുന്നുവെങ്കിലും സൈനിക മേഖലയില്‍ നിന്നുള്ള കടുത്ത എതിര്‍പ്പ് മൂലം പിന്‍വാങ്ങുകയാണുണ്ടായത്. പ്രത്യേകാധികാരത്തോടെ സൈന്യത്തെ അവിടെ തുടരാന്‍ അനുവദിക്കുന്നത് സംസ്ഥാനത്ത് സമാധാനം സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുന്നുണ്ട്. ഇക്കാര്യത്തില്‍ പ്രമുഖ അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷന്റെ അഭിപ്രായം ശ്രദ്ധേയമാണ്. കാശ്മീരി ജനതയെ ഭരണകൂടവുമായി അടുപ്പിക്കുക്കാനും അവരുടെ മനം കവരാനുമുള്ള നടപടികളാണ് പ്രദേശത്ത് സമാധാനം പുലരാന്‍ ആവശ്യം. സൈന്യത്തിന്റെ പ്രത്യേകാധികാരം എടുത്തുകളയുകയാണ് ഇതിനുള്ള മാര്‍ഗമെന്നാണ് ചാനല്‍ അഭിമുഖത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടത്. സുരക്ഷാകാര്യങ്ങള്‍ക്ക് സൈന്യത്തെ വിന്യസിക്കുമ്പോള്‍ പ്രദേശവാസികളുടെ സമ്മതം ആവശ്യമാണ്. ഇല്ലെങ്കില്‍ അത് ഉദ്ദേശിച്ച ഫലം ചെയ്യില്ല. കാശ്മീരിലെ സൈന്യത്തിന്റെ പ്രത്യേകാധികാരത്തെക്കുറിച്ചു ഹിതപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.
കാശ്മീര്‍ സംഭവങ്ങള്‍ ആഗോള തലത്തില്‍ രാജ്യത്തിന്റെ സല്‍പ്പേരിന് കളങ്കം സൃഷ്ടിക്കുന്നുണ്ടെന്ന വസ്തുത ഭരണാധികാരികള്‍ കാണാതെ പോകരുത്. സൈന്യത്തെ ഈ വിധം കയറൂരി വിടുന്നത് ഒരു ജനാധിപത്യ രാജ്യത്തിന് യോജിച്ചതല്ലെന്ന് ആഗോള മനുഷ്യാവകാശ സംഘടനകള്‍ വിലയിരുത്തുന്നു. കാശ്മീരി സാഹിത്യകാരനായ മഹ്ബൂബ് മഖ്ദൂമിയുമായുള്ള സംഭാഷണ മധ്യേ നോംചോസ്‌കി ഇന്ത്യന്‍ സൈന്യം കാശ്മീരില്‍ നടത്തുന്ന പീഡനങ്ങളില്‍ ആശങ്ക പ്രകടിപ്പിക്കുകയും സൈന്യം മേഖലയില്‍ നിന്ന് പിന്‍വാങ്ങണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു. ആംനസ്റ്റി പോലുള്ള മനുഷ്യാവകാശ സംഘടനകളും ഇക്കാര്യം ഉണര്‍ത്തിയിട്ടുണ്ട്.

Latest