ജിഷയുടെ കൊലപാതകത്തെകുറിച്ചുള്ള അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറണം: നവയുഗം വനിതാവേദി

Posted on: May 18, 2016 7:59 pm | Last updated: May 18, 2016 at 7:59 pm

ദമാം: ഇലക്ഷന്റെ തിരക്കുകള്‍ക്കിടയില്‍ ജിഷയെ കേരളഭരണാധികാരികള്‍ മറന്നു എന്നത് ഏറെ ദു:ഖകരമാണ് എന്ന് നവയുഗം വനിതാവേദി കേന്ദ്രസമ്മേളനം വിലയിരുത്തി. കേരളമന:സാക്ഷിയെ ഞെട്ടിച്ച വളരെ ക്രൂരമായ ആ കൊലപാതകം നടന്നിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും, യഥാര്‍ത്ഥപ്രതികളെ കണ്ടെത്താന്‍ പോലീസ് വകുപ്പിന് കഴിഞ്ഞില്ല എന്നത് ലജ്ജാകരമാണ്. ഈ കേസില്‍ ഭരണാധികാരികള്‍ എന്തൊക്കെയോ ഒളിച്ചു കളികള്‍ നടക്കുന്നതായി പൊതുജനം സംശയിച്ചാല്‍ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അതിനാല്‍ കേസന്വേഷണം കേന്ദ്ര ഏജന്‍സിയായ സി.ബി.ഐയ്ക്ക് കൈമാറണമെന്ന് നവയുഗം വനിതാവേദി കേന്ദ്രസമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കോബാര്‍ റഫ ആഡിറ്റൊരിയത്തില്‍ ലീന ഷാജിയുടെ അദ്ധ്യക്ഷതയില്‍ നടന്ന വനിതാവേദി കേന്ദ്രസമ്മേളനം, നവയുഗം സാംസ്‌കാരിക വേദി കേന്ദ്രകമ്മിറ്റിയംഗം ശ്രീമതി ഖദീജ ഹബീബ് ഉത്ഘാടനം ചെയ്തു. ഷീബ ദാസ് പ്രമേയവും, പ്രതിഭ പ്രിജി സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. നവയുഗം കേന്ദ്രനേതാക്കളായ ലീന ഉണ്ണികൃഷ്ണന്‍, സുമി ശ്രീലാല്‍ എന്നിവര്‍ ആശംസപ്രസംഗം നടത്തി. മിനി ഷാജി സ്വാഗതവും, ശരണ്യ ഷിബു നന്ദിയും പറഞ്ഞു.