ധര്‍മ്മടത്ത് കള്ളവോട്ട്; ദൃശ്യങ്ങള്‍ സഹിതം യുഡിഎഫ് പരാതി നല്‍കി

Posted on: May 18, 2016 1:15 pm | Last updated: May 19, 2016 at 6:23 am

kerala-VOTEതിരുവനന്തപുരം:കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ധര്‍മ്മടത്തെ അഞ്ചു ബൂത്തുകളിലാണ് കള്ളവോട്ട് നടന്നതെന്നാണ് ദൃശ്യങ്ങളിലൂടെ വ്യക്തമായിരിക്കുന്നത്. 21 പേര്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്യമറയിലെ ദൃശ്യങ്ങളില്‍ നിന്നാണ് തെളിവുകള്‍ ലഭിച്ചത്.

സംഭവത്തില്‍ ധര്‍മ്മടത്തെ യുഡിഎഫ് സ്ഥാനാര്‍ഥി മമ്പറം ദിവാകരന്‍ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കി. ഒരാള്‍ ഒന്നില്‍ കൂടുതല്‍ ബൂത്തുകളില്‍ വോട്ടു ചെയ്യുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് യുഡിഎഫ് പരാതി നല്‍കിയത്. പോളിംഗ് അവസാനിക്കുന്ന സമയങ്ങളിലാണ് കള്ളവോട്ട് നടന്നിരിക്കുന്നത്. ഏഴു മണ്ഡലങ്ങളില്‍ പൂര്‍ണ സമയ വെബ്കാസ്റ്റിംഗ് ഉണ്ടായിരുന്നതാണ് കള്ളവോട്ട് പിടികൂടാന്‍ സാധിച്ചത്.

ധര്‍മ്മടത്ത് വ്യാപകമായി കള്ളവോട്ട് നടന്നതായി യുഡിഎഫ് സ്ഥാനാര്‍ഥി മമ്പറം ദിവാകരന്‍ ആരോപിച്ചു. മണ്ഡലത്തിലെ ബൂത്തുകളില്‍ കള്ളവോട്ട് നടക്കുന്നതിനെക്കുറിച്ച് പ്രിസൈഡിങ് ഓഫിസറെ അറിയിച്ചിരുന്നെങ്കിലും അദ്ദേഹം നടപടി എടുത്തില്ലെന്നും അദ്ദേഹത്തിനെതിരെ കൂടി അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ വനിതാ പഞ്ചായത്തംഗമടക്കം നിരവധി പേരാണ് കള്ളവോട്ട് ചെയ്തതെന്നും മണ്ഡലത്തില്‍ 17,000 കള്ളവോട്ട് നടന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആരോപണം സിപിഎം നിഷേധിച്ചു. പിണറായിയുടെ വിജയത്തിന്റെ മാറ്റുകുറയ്ക്കാനാണ് ആരോപണമെന്ന് സിപിഎം നേതാവ് കെ.കെ രാഗേഷ് പറഞ്ഞു. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും തോല്‍വി ഉറപ്പാക്കുന്ന സമയങ്ങളില്‍ യുഡിഎഫാണ് കള്ളവോട്ട് ചെയ്യാറുളളതെന്നും എംവി ജയരാജന്‍ പറഞ്ഞു.