Connect with us

Eranakulam

തുണിക്കടയിലെ ട്രയല്‍ റൂമില്‍ മൊബൈല്‍ ക്യാമറ: ജീവനക്കാരന്‍ അറസ്റ്റില്‍

Published

|

Last Updated

കൊച്ചി: തുണിക്കടയിലെ ട്രയല്‍ റൂമില്‍ മൊബൈല്‍ ക്യാമറ വെച്ച ജീവനക്കാരനെ ജീന്‍സ് വാങ്ങാനെത്തിയ വിദ്യാര്‍ഥിനിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തു. പിറവം ജംഗ്ഷനിലെ ചെറുമൂഴിക്കല്‍ ടെക്‌സ്റ്റൈല്‍സിലെ ജീവനക്കാരനായ തൃശൂര്‍ കുന്നംകുളം സ്വദേശി സിജോ(29) ആണ് അറസ്റ്റിലായത്. ട്രയല്‍ റൂമിലെ രംഗങ്ങള്‍ ചിത്രീകരിച്ചതായി സംശയിക്കുന്ന ഇയാളുടെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു.
അമ്മക്കും സഹോദരനുമൊപ്പം ഇന്നലെ രാവിലെ കടയില്‍ ജീന്‍സ് വാങ്ങാനായി വന്ന പത്തൊമ്പതുകാരിയെയാണ് ഇയാള്‍ ട്രയല്‍ റൂമില്‍ ക്യാമറയില്‍ കുടുക്കാന്‍ ശ്രമിച്ചത്. ഒരു ജീന്‍സ് എടുത്ത് ട്രയല്‍ റൂമില്‍ വെച്ച് ധരിച്ചുനോക്കി പാകമല്ലെന്ന കണ്ട് മറ്റൊരു ജീന്‍സ് എടുക്കാന്‍ പോകുമ്പോള്‍ ലെഗ്ഗിങ്‌സ് മാറ്റിയ ശേഷം ജീന്‍സ് ഇട്ടുനോക്കിയാലേ പാകമാണോ എന്നറിയാന്‍ കഴിയൂവെന്ന് ജീവനക്കാരന്‍ ഉപദേശിച്ചിരുന്നു. സംശയം തോന്നിയ പെണ്‍കുട്ടി ട്രയല്‍ റൂമില്‍ കയറി നോക്കിയപ്പോഴാണ് ക്യാമറ ഓണ്‍ ചെയ്ത നിലയില്‍ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്നത് കാണുന്നത്. മൊബൈല്‍ ഫോണ്‍ കടയുടമയെ ഏല്‍പ്പിച്ച പെണ്‍കുട്ടിയും കുടുംബവും വിവരം പിറവം പോലീസിനെ അറിയിച്ചു. പോലീസ് എത്തി കടയുടമയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍ വാങ്ങി പരിശോധിച്ചെങ്കിലും അതില്‍ ട്രയല്‍ റൂമിലെ ദൃശ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ക്യാമറ ഓണ്‍ ചെയ്ത നിലയിലായിരുന്നുവെന്ന നിലപാടില്‍ പെണ്‍കുട്ടി ഉറച്ചു നിന്നു. ദൃശ്യങ്ങള്‍ കടയുടമ മായ്ച്ചു കളഞ്ഞതാണോ എന്ന സംശയമാണ് പോലീസിനുള്ളത്. ഇത് കണ്ടെത്തുന്നതിനായി ഫോണ്‍ സി ഡിറ്റില്‍ പരിശോധനക്കയക്കാന്‍ തീരുമാനിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കടക്കു മുന്നില്‍ ബി ജെ പി പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി.

Latest