‘വോട്ടുകള്‍ കാണ്‍മാനില്ല’; എല്‍ ഡി എഫ് പരാതി നല്‍കി

Posted on: May 18, 2016 6:00 am | Last updated: May 18, 2016 at 12:36 am

vsപറവൂര്‍: തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ പറവൂര്‍ നിയോജക മണ്ഡലത്തിലെ രണ്ട് ബൂത്തുകളില്‍ വോട്ട് ചെയ്‌തെങ്കിലും, എണ്ണം രേഖപ്പെടുത്തിയതിലും വ്യത്യാസം കണ്ടെത്തി. വടക്കേക്കര പഞ്ചായത്തിലെ കുഞ്ഞിത്തൈ എസ് എന്‍ എല്‍ പി സ്‌കൂളിലെ 21ാം നമ്പര്‍ ബൂത്തിലും ചേന്ദമംഗലം പഞ്ചായത്തിലെ പാലാതുരുത്ത് 65ാം നമ്പര്‍ ബൂത്തിലുമാണ് ഒമ്പത് വീതം വോട്ടുകളുടെ വ്യത്യാസമുള്ളത്. തുരുത്തിപ്പുറം 17ാം നമ്പര്‍ ബൂത്തില്‍ കാണാതായ ഏഴ് വോട്ടുകള്‍ നോട്ടക്ക് കിട്ടിയതായി കണ്ടെത്തി തര്‍ക്കം പരിഹരിച്ചു.
വോട്ടിംഗ് യന്ത്രത്തിലെ കണക്കും ഉദ്യോഗസ്ഥരുടെ പക്കലുള്ള കണക്കും തമ്മിലാണ് പൊരുത്തക്കേട് കണ്ടെത്തിയത്. ബൂത്തില്‍ വോട്ടര്‍മാരുടെ രജിസ്റ്ററില്‍ ഒപ്പിട്ടവരുടെ എണ്ണവും മെഷീനിലെ വോട്ടുകളും തമ്മില്‍ ഒത്തുനോക്കിയപ്പോഴാണ് വോട്ടില്‍ കുറവ് കണ്ടെത്തിയിരിക്കുന്നത്
വടക്കേക്കരയിലേയും ചേന്ദമംഗലത്തേയും വോട്ടുകള്‍ കാണാതായതിനെതിരെ എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ എം ദിനകരന്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കി. പരാതി മെയില്‍ വഴി തിരഞ്ഞെടുപ്പ് കമ്മീഷണറെ റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. ഈ രണ്ട് ബൂത്തുകളിലും റീപോളിംഗ് നടത്തണമെന്നാണ് എല്‍ ഡി എഫ് ആവശ്യപ്പെടുന്നത്. എന്നാല്‍ യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ കെ ശിവശങ്കരന്‍ റീപോളിംഗ് നടത്തുന്നതിനെതിരെ തടസ്സവാദങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. എല്‍ ഡി എഫിന്റെ തിരഞ്ഞെടുപ്പ് ഏജന്റ് ഒപ്പിട്ട് നല്‍കിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഭൂരിപക്ഷം 18ല്‍ താഴെ ആയാല്‍ മാത്രം മതി റീപോളിംഗ് എന്നുമാണ് യു ഡി എഫിന്റെ വാദം.
അതേസമയം, റീപോളിംഗ് നടക്കുമോ എന്നകാര്യത്തില്‍ വ്യക്തതയില്ല. ഒരു തകരാര്‍ എന്ന രീതിയില്‍ രേഖപ്പെടുത്താനാണ് സാധ്യത.
യു ഡി എഫില്‍ സിറ്റിംഗ് എം എല്‍ എ വി ഡി സതീശനും എല്‍ ഡി എഫിന് സി പി ഐയുടെ ശാരതാ മോഹനും ആണ് പറവൂരില്‍ ജനവിധി തേടിയത്.