കൊച്ചി സ്മാര്‍ട്ട് സിറ്റി ലോക ഭൂപടത്തിലേക്ക്

Posted on: May 17, 2016 7:25 pm | Last updated: May 17, 2016 at 7:25 pm

കൊച്ചി സ്മാര്‍ട്ട് സിറ്റി ലോക ശ്രദ്ധ ആകര്‍ഷിക്കാന്‍ പോവുകയാണ്. രണ്ടാം ഘട്ടത്തില്‍ നിരവധി ബഹുരാഷ്ട്ര കമ്പനികളാണ് കൊച്ചിയില്‍ താല്‍പര്യം പ്രകടിപ്പിക്കുന്നത്. ദുബൈയില്‍ 2020ല്‍ നടക്കുന്ന വേള്‍ഡ് എക്‌സ്‌പോയില്‍, യു എ ഇ പവലിയനില്‍ കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ അപദാനങ്ങള്‍ ഉയരുമ്പോള്‍ അത് മറ്റൊരു നേട്ടമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രണ്ടുകോടിയിലധികം സന്ദര്‍ശകര്‍ എത്തുന്ന പ്രദര്‍ശനമാണ് വേള്‍ഡ് എക്‌സ്‌പോ. ആറുമാസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തില്‍ ലോകത്തെ പ്രധാന കമ്പനികളും പങ്കെടുക്കുന്നു.
കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ രണ്ടാം ഘട്ട വികസനത്തില്‍ ഡിജിറ്റല്‍ എനര്‍ജി കമ്പനികള്‍ക്കാണ് ഊന്നല്‍. പരമ്പരാഗത ഊര്‍ജ സ്രോതസുകള്‍ വറ്റിക്കൊണ്ടിരിക്കുന്നതിനാല്‍, ശുദ്ധ ഊര്‍ജത്തിനുവേണ്ടിയുള്ള ഗവേഷണങ്ങള്‍ പല രാജ്യങ്ങളിലും നടക്കുന്നു. കേരളത്തില്‍, കൊച്ചി സ്മാര്‍ട്ട് സിറ്റി വഴിയാണ് ഇതിന്റെ പൂര്‍ത്തീകരണം ഉണ്ടാവുക.
ബേക്ക് എന്‍ ഹ്യൂസ്, ഹാലിബേര്‍ട്ടണ്‍ പോലുള്ള, എണ്ണ-വാതക മേഖലയിലെ ആഗോള സ്ഥാപനങ്ങള്‍, ഇതിനകം കൊച്ചി സ്മാര്‍ട്ട്‌സിറ്റിയില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 4.37 ഏക്കര്‍ സ്ഥലത്ത് 7.61 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് രണ്ടാം ഘട്ടത്തില്‍ കെട്ടിടം പണിയുന്നത്.
സ്മാര്‍ട്ട് സിറ്റിയുടെ ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കുകയും രണ്ടാം ഘട്ടത്തിന് മികച്ച തുടക്കം ലഭിക്കുകയും ചെയ്തതിനാല്‍ ദുബൈ സ്മാര്‍ട്ട് സിറ്റി അധികൃതര്‍ ആവേശത്തിലാണ്.
കൊച്ചിയും സമീപഭാവിയില്‍ തന്നെ ദുബൈയുടെ വളര്‍ച്ച കൈവരിക്കുമെന്ന് ദുബൈ സ്മാര്‍ട്ട് സിറ്റി സി ഇ ഒ ജാബിര്‍ ബിന്‍ ഹാഫിസ് ചൂണ്ടിക്കാട്ടി.
2011 ഫെബ്രുവരിയിലാണ് ദുബൈയും കേരളവും സ്മാര്‍ട്ട് സിറ്റി കരാറില്‍ ഒപ്പുവെക്കുന്നത്. കാക്കനാട്ട് ഐ ടി പ്രത്യേക മേഖലയാണ് വിഭാവനം ചെയ്തത്. കേരള സര്‍ക്കാറിന് 16 ശതമാനവും ദുബൈ ഹോള്‍ഡിംഗിന് കീഴിലുള്ള ടി കോം ഇന്‍വെസ്റ്റ്‌മെന്റിന് 84 ശതമാനവും ഓഹരി പങ്കാളിത്തം.
88 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള പ്രദേശത്ത് ഐ ടി കമ്പനികള്‍ക്ക് പശ്ചാത്തല സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. ആഗോള കമ്പനികളെ ക്ഷണിക്കേണ്ട ഉത്തരവാദിത്തവും ടി കോമിന്. മൂന്നുഘട്ടങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 90,000 പേര്‍ക്ക് തൊഴിലവസരം ലഭ്യമാകും.
കൊച്ചി പഴയ കൊച്ചിയല്ല. കിടയറ്റ രാജ്യാന്തര വിമാനത്താവളം, രാജ്യാന്തര കണ്ടെയ്‌നര്‍ ടെര്‍മിനല്‍, കൂറ്റന്‍മാളുകള്‍ തുടങ്ങിയവ സ്ഥാപിക്കപ്പെട്ട്, ലോകോത്തര നഗരങ്ങളിലൊന്നായി മാറിയിട്ടുണ്ട്. മെട്രോ റെയില്‍ പദ്ധതി പൂര്‍ത്തിയായാല്‍, ദുബൈയോട് കിടപിടിക്കുന്ന നഗരമാകും.
സ്മാര്‍ട്ട് സിറ്റിയില്‍ ആയിരത്തോളം കമ്പനികളാണ് വരാന്‍പോകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇടതടവില്ലാതെ സന്ദര്‍ശകര്‍ എത്തിക്കൊണ്ടിരിക്കും. കേരളത്തിനാകെ അതിന്റെ ഗുണം ലഭിക്കും.
ഐക്യമുന്നണിക്കും ഇടതുമുന്നണിക്കും ഒരേപോലെ ക്രെഡിറ്റ് അവകാശപ്പെടാവുന്ന പദ്ധതിയാണിത്. ഉമ്മന്‍ചാണ്ടി സര്‍ക്കാറാണ് ടി കോമുമായി ചര്‍ച്ച തുടങ്ങിയതെങ്കിലും അച്ചുതാനന്ദന്‍ സര്‍ക്കാറാണ് കരാര്‍ ഒപ്പിട്ടത്.