രഘുറാം രാജനെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രധാന മന്ത്രിക്ക് സുബ്രമണ്യന്‍ സ്വാമിയുടെ കത്ത്

Posted on: May 17, 2016 2:56 pm | Last updated: May 18, 2016 at 10:00 am

Subramanian Swamyന്യൂഡല്‍ഹി: റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രധാന മന്ത്രിക്ക് ബി.ജെ.പി രാജ്യസഭ എം.പി സുബ്രമണ്യന്‍ സ്വാമി കത്തെഴുതി. ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ നശിപ്പിച്ച ആളാണ് രഘുറാം രാജനെന്ന് സുബ്രമണ്യന്‍ സ്വാമി നേരത്തെ വിമര്‍ശിച്ചിരുന്നു. രണ്ട് വര്‍ഷം കൊണ്ട് പൊതുമേഖലാ ബാങ്കുകളില്‍ കിട്ടാക്കടം ഇരട്ടിച്ച് 3.5 കോടിയായി. പലിശ നിരക്ക് കൂട്ടിയത് ഇന്ത്യയില്‍ തൊഴിലില്ലായ്മ വര്‍ദ്ധിക്കാന്‍ കാരണമായി ഇഇന്ത്യയിലെ ചെറുതും വലുതുമായ വ്യവസായ സംരംഭങ്ങള്‍ നാശത്തിന്റെ വക്കിലാണെന്നും ഇത് യുവ സംരംഭകരുടെ പ്രതീക്ഷ ഇല്ലാതാക്കിയെന്നും കത്തില്‍ ഉണ്ട് . ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ തകര്‍ന്നതില്‍ പൂര്‍ണ ഉത്തരവാദിത്തം അദ്ദേഹത്തിനാണെന്നും സുബ്രമണ്യന്‍ സ്വാമി കത്തില്‍ പറയുന്നു.

യു.എസില്‍ ഗ്രീന്‍ കാര്‍ഡ് ഉള്ള റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഇന്ത്യക്കാരനല്ലെന്നും അത് കൊണ്ട് അദ്ദേഹം ചിക്കാഗോയിലേക്ക് മടങ്ങി പോകുന്നതാണ് നല്ലതെന്നും സ്വാമി പറയുന്നു. 2014 ല്‍ അധികാരത്തില്‍ വന്ന നരേന്ദ്ര മോദി ഗവണ്‍മെന്റുമായി ആദ്യം നല്ല ബന്ധത്തിലായിരുന്ന രാജന്‍ പിന്നീട് കേന്ദ്ര സര്‍ക്കാറുമായി അകലുകയായിരുന്നു. 2013ല്‍ യു.പി.എ കാലത്തായിരുന്നു റിസര്‍വ് ബാങ്ക് ഗവര്‍ണറായി രഘുറാം രാജന്‍ ചുമതലയേറ്റത്. ചിക്കാഗോ യൂനിവേഴ്‌സിറ്റിയിലെ സാമ്പത്തിക വിഭാഗം പ്രൊഫസര്‍ ആയിരുന്നു അദ്ദേഹം.