കാബൂളില്‍ വൈദ്യുത പദ്ധതിക്കെതിരെ ശിയാ പ്രക്ഷോഭം; നഗരം നിശ്ചലം

Posted on: May 17, 2016 9:44 am | Last updated: May 17, 2016 at 9:44 am

kabulകാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ വൈദ്യുതി വിതരണ ലൈനിന്റെ റൂട്ട് മാറ്റണമെന്നാവശ്യപ്പെട്ട് ശിയാക്കള്‍ നടത്തിയ പ്രക്ഷോഭത്തില്‍ നഗരം നിശ്ചലമായി. ഹസാര വിഭാഗത്തില്‍പെട്ട പതിനായിരക്കണക്കിന് പേരാണ് പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് മാര്‍ച്ച് നടത്തിയത്. ഹസാര വിഭാഗം തിങ്ങിപ്പാര്‍ക്കുന്ന ബമായന്‍ പ്രവിശ്യയിലൂടെയുള്ള അഞ്ഞൂറ് കെ വി ട്രാന്‍സ്മിഷന്‍ ലൈനിന്റെ റൂട്ട് മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.

ടുറ്റാപ് എന്ന പേരിലുള്ള ലൈന്‍ ബമായന്‍ ചുരത്തിലൂടെയാണ് കൊണ്ടുവരേണ്ടിയിരുന്നത്. എന്നാല്‍ ദൂരം കുറയുമെന്ന കാരണം പറഞ്ഞ് വടക്കന്‍ കാബൂളിന്റെ സാലംഗ് ചുരത്തിലൂടെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഹസരാ വിഭാഗത്തിനെതിരെ നടക്കുന്ന നീക്കത്തിന്‍രെ ഭാഗമായാണ് ലൈനിന്റെ റൂട്ട്് ഈ പ്രദേശങ്ങളിലൂടെ കൊണ്ടുവരുന്നതെന്ന് വിമര്‍ശമുണ്ട്.
വികസനം തീണ്ടിയില്ലാത്ത തങ്ങളുടെ പ്രവിശ്യയിലൂടെ ലൈന്‍ കൊണ്ടുപോകുന്നതിനെതിരെയാണ് സമരം നടത്തുന്നതെന്ന്് അല്‍ അമീര്‍ എന്നയാള്‍ അല്‍ ജസീറയോട് പറഞ്ഞു. ഇത് സമാധാനപരമായ പ്രക്ഷോഭമാണ്. അക്രമമില്ലാത്ത പ്രക്ഷോഭത്തിലൂടെ തങ്ങളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാറിന്റെ തീരുമാനം നീതീകരിക്കാന്‍ പറ്റാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
തുര്‍ക്ക്്‌മെനിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ നേതാക്കാന്‍മാര്‍ സംയുക്തമായി താജിക്കിസ്ഥാനിലാണ് പദ്ധതിയുടെ പ്ലാന്‍ ഉദ്്ഘാടനം ചെയ്തത്. ഈ പദ്ധതിയില്‍ ഗുണം ലഭിക്കുന്ന രാജ്യങ്ങളാണിവ. പ്രക്ഷോഭകര്‍ നഗരത്തില്‍ കണ്ടയ്‌നറുകള്‍ തടയുകയും പ്രധാന നിരത്തുകള്‍ ഉപരോധിക്കുകയും ചെയ്തു. കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. നിലവില്‍ നഗരത്തിന്റെ നിയന്ത്രണം പോലീസും സുരക്ഷാ സേനയും ഏറ്റെടുത്തിട്ടുണ്ട്. പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്കുള്ള വഴി തടഞ്ഞ പ്രക്ഷോഭകര്‍ക്ക് സൈന്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം അഫ്ഗാനിസ്ഥാനിലെ വിവധ ന്യൂനപക്ഷങ്ങള്‍ ഹസാര വിഭാഗത്തിന് പിന്തുണയുമായി പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് മാര്‍ച്ച് നടത്തി. ശിയാ വിഭാഗത്തില്‍പെട്ട ഹസാര വിഭാഗം അഫ്ഗാനിസ്ഥാന്‍ ജനസംഖ്യയുടെ പതിനഞ്ച് ശതമാനം വരും.