Connect with us

International

മുസ്‌ലിം വിരുദ്ധ നിലപാട്: ട്രംപിനെതിരെ രൂക്ഷ വിമര്‍ശവുമായി ഒബാമ രംഗത്ത്

Published

|

Last Updated

വാഷിംഗ്ടണ്‍: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ കടുത്ത വിമര്‍ശവുമായി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ രംഗത്ത്. മുസ്‌ലിങ്ങളെ അമേരിക്കയില്‍ പ്രവേശിക്കുന്നത് തടയുക, അമേരിക്കക്കും മറ്റ് രാജ്യങ്ങള്‍ക്കുമിടയില്‍ മതിലുകള്‍ പണിയുക തുടങ്ങിയ ട്രംപിന്റെ പദ്ധതികളെയാണ് ഒബാമ വിമര്‍ശിച്ചത്.

വലിയ വെല്ലുവിളികളെ ഒറ്റപ്പെടല്‍ കൊണ്ട് പരിഹരിക്കാനാകില്ലെന്ന് പറഞ്ഞ ഒബാമ, ട്രംപിന്റെ പേര് എവിടേയും പരാമര്‍ശിച്ചില്ല. എന്നാല്‍ റട്‌ഗേഴ്‌സ് സര്‍വകലാശാലയില്‍ നടത്തിയ രാഷ്ട്രീയ പ്രസംഗത്തില്‍ ശതകോടീശ്വരനും റിയല്‍ എസ്റ്റേറ്റ് വ്യവസായിയുമായ ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളും നയനിര്‍ദേശങ്ങളും എന്താണെന്ന് വ്യക്തമാക്കി. ലോകം എന്നത്തേക്കാളും കൂടുതല്‍ പരസ്പരം കൂട്ടിയിണക്കപ്പെട്ടിരിക്കുകയാണ്. ഓരോ ദിവസവും ഇത് കൂടിക്കൂടിവരികയാണ്. മതിലുകള്‍ നിര്‍മിക്കുന്നത് ഇതില്‍ മാറ്റം വരുത്തില്ലെന്നും അമേരിക്കയുടേയും മെക്‌സിക്കൊയുടേയും ഇടയില്‍ മതിലുകള്‍ കെട്ടാനുള്ള ട്രംപിന്റെ നിര്‍ദേശത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് ട്രംപ് പറഞ്ഞു. കഴിഞ്ഞ രണ്ട് ദശാബ്ദം നമ്മെ പഠിപ്പിച്ചത് ഒറ്റപ്പെട്ട് നിന്നത് കൊണ്ട് നാം അഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളികള്‍ നമുക്ക് പരിഹരിക്കാനാകില്ലെന്നാണ്. അങ്ങനെ വന്നാല്‍ മറ്റ് രാജ്യങ്ങളില്‍ പെറ്റ്‌പെരുകുന്ന തീവ്രവാദവും നിഷേധ ആശയങ്ങളും നമ്മുടെ തീരത്തുമെത്തും. വികസിത രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ സംവിധാനങ്ങളില്ലെങ്കില്‍ സിക അല്ലെങ്കില്‍ എബോള പോലുള്ള വൈറസുകള്‍ അമേരിക്കക്കാര്‍ക്കും ഭീഷണിയാകില്ലേയെന്നും ഇത് ഒരു മതിലിന് തടയാനാകുമോയെന്നും ഒബാമ ചോദിച്ചു.