Connect with us

Kerala

നിക്കാഹ് കഴിഞ്ഞ് നേരെ പോളിംഗ് 'പന്തലി'ലേക്ക്‌

Published

|

Last Updated

മട്ടാഞ്ചേരി: വിവാഹത്തിന്റെ തിരക്കൊന്നും തന്റെ സമ്മതിദാന അവകാശം വിനിയോഗിക്കുന്നതില്‍ ജെംസിയക്ക് തടസ്സമായില്ല.വരന്‍ ബെന്‍സീറിന്റെ പിന്തുണ കൂടി ലഭിച്ചതോടെ തന്റെ കന്നി വോട്ട് രേഖപ്പെടുത്തി ജെംസിയ ജനാധിപത്യത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഫോര്‍ട്ട്‌കൊച്ചി കല്‍വത്തിയില്‍ മജീദിന്റെ മകള്‍ ജെംസിയയാണ് നിക്കാഹ് കഴിഞ്ഞ ഉടന്‍ വരനുമൊത്ത് ഫോര്‍ട്ട്‌കൊച്ചി കല്‍വത്തി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പതിമൂന്നാം നമ്പര്‍ ബൂത്തിലെത്തി സമ്മതിദാന അവകാശം വിനിയോഗിച്ചത്.
ഇന്നലെ പതിനൊന്നരക്ക് മട്ടാഞ്ചേരി മാളിയേക്കല്‍ ഹാളിലായിരുന്നു പനയപ്പിള്ളി സ്വദേശി അഷ്‌റഫിന്റെ മകന്‍ ബെന്‍സീറും ജെംസിയയും തമ്മിലുള്ള വിവാഹം. തന്റെ കന്നി വോട്ട് രേഖപ്പെടുത്തണമെന്ന ആഗ്രഹം ജെംസിയ മുന്നോട്ട് വെച്ചപ്പോള്‍ ബെന്‍സീറും കുടുംബവും സമ്മതം നല്‍കി.
നിക്കാഹ് കഴിഞ്ഞ ഉടന്‍ ഇവര്‍ പോളിംഗ് ബൂത്തിലേക്ക് പോകുകയായിരുന്നു. ബന്‍സീറാകട്ടെ തന്റെ വോട്ട് പനയപ്പിള്ളി മുജാഹിദ് സ്‌ക്കൂളിലെ അറുപത്തിയൊന്നാം നമ്പര്‍ ബൂത്തില്‍ വധുവുമായിയെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിയാകണമെന്ന നിശ്ചയത്തിന്റെ ഭാഗമായാണ് താന്‍ വോട്ട് രേഖപ്പെടുത്തിയതെന്ന് ജെംസിയ പറഞ്ഞു. ഭര്‍ത്താവിന്റെ പൂര്‍ണ സഹകരണം ഇതിന് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.

Latest