കേരളത്തില്‍ എല്‍ഡിഎഫ് തരംഗമെന്ന് എക്‌സിറ്റ് പോള്‍;ബംഗാളില്‍ മമത, അസം ബിജെപിക്ക്

Posted on: May 16, 2016 8:12 pm | Last updated: May 17, 2016 at 3:53 pm

ldfന്യൂഡല്‍ഹി/തിരുവനന്തപുരം: സംസ്ഥാനത്ത് എല്‍ഡിഎഫ് തരംഗമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ബംഗാളില്‍ മമതയും അസമില്‍ ബിജെപിയും ഭരണം നേടുമെന്നും എക്‌സിറ്റ് പോളുകള്‍ പറയുന്നു. കേരളത്തില്‍ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നതായി എക്‌സിറ്റ് പോളുകള്‍ പറയുന്നു. ബിജെപി എക്കൗണ്ട് തുറക്കുമെന്നാണ് മിക്ക എക്‌സിറ്റ് പോളുകളും പറയുന്നത്.

സംസ്ഥാനത്ത് എല്‍ഡിഎഫ് 88 മുതല്‍ 101 വരെ സീറ്റു നേടുമെന്ന് ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യയുടെ എക്‌സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നു. യുഡിഎഫ് 38 മുതല്‍ 41 വരെ സീറ്റുകളില്‍ ഒതുങ്ങും. ബിജെപിക്ക് മൂന്ന് വരെയും മറ്റുള്ളവര്‍ക്ക് ഒന്ന് മുതല്‍ നാല് വരെയും സീറ്റുകള്‍ ലഭിച്ചേക്കും. എല്‍ഡിഎഫിന് 43 ശതമാനവും യുഡിഎഫിന് 35 ശതമാനവും ബിജെപിക്ക് 11 ശതമാനവും വോട്ടുകള്‍ ലഭിക്കും.

എല്‍ഡിഎഫ് 74 മുതല്‍ 82 വരെ സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് സീ വോട്ടര്‍ സര്‍വേ പ്രവചിക്കുന്നത്. യുഡിഎഫിന് 54 മുതല്‍ 62 വരെ സീറ്റുകള്‍ ലഭിക്കും. എന്‍ഡിഎക്ക് നാല് സീറ്റ് വരെ ലഭിക്കുമെന്നും സീ വോട്ടര്‍ വ്യക്തമാക്കുന്നു.

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്. എക്‌സിറ്റ് പോള്‍ പ്രകാരം തൃണമൂലിന് 163-171 സീറ്റുകളും സിപിഎം 71-79, കോണ്‍ഗ്രസ് 47, ബിജെപി നാലും സീറ്റുകള്‍ നേടും.

എന്നാല്‍, തൃണമൂല്‍ 233 മുതല്‍ 253 സീറ്റുവരെ നേടുമെന്നാണ് ഇന്ത്യ ടുഡേ എക്‌സിറ്റ് പോള്‍ ഫലം. 31 മുതല്‍ 58 വരെ സീറ്റുകള്‍ കോണ്‍ഗ്രസ് ഇടത് സഖ്യത്തിന് ലഭിച്ചേക്കും. 167 സീറ്റ് നേടി മമത അധികാരം നിലനിര്‍ത്തുമെന്ന് ടൈംസ് നൗ നടത്തിയ എക്‌സിറ്റ് പോളും ചൂണ്ടിക്കാട്ടുന്നു. ഇടതുപക്ഷം നില മെച്ചപ്പെടുത്തി 75 സീറ്റ് നേടിയേക്കും.

അസമില്‍ ബിജെപി നേട്ടമുണ്ടാക്കുമെന്നാണ് ഇന്ത്യ ടുഡേ-ആക്‌സിസ് എക്‌സിറ്റ് പോള്‍ ഫലം ചൂണ്ടിക്കാട്ടുന്നത്. ബിജെപി 79-93, കോണ്‍ഗ്രസ് 26-33, എഐയുഡിഎഫ് 6-10 എന്നിങ്ങനെയാണ് സീറ്റുനില പ്രവചിക്കുന്നത്.