Connect with us

Kerala

ജീവനക്കാരെല്ലാം തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍: ചെക്ക് പോസ്റ്റുകളുടെ പ്രവര്‍ത്തനം അവതാളത്തല്‍

Published

|

Last Updated

പാലക്കാട്: ജീവനക്കാരെല്ലാം തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ മുഴുകുന്നതോടെ ചെക്കുപോസ്റ്റുകളുടെ പ്രവര്‍ത്തനം സ്തംഭിക്കുമെന്ന് ആശങ്ക. വോട്ടെണ്ണല്‍ നടക്കുന്ന 19 വരെ നാലു ദിവസങ്ങളിലാണ് സര്‍ക്കാര്‍ ജിവനക്കാര്‍ക്ക് പോളിംഗ് ബൂത്തുകളിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലുമായി ഇലക്ഷന്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ അവധിക്കാലമായതിനാല്‍ ജീവനക്കാര്‍ പലരുംഅവധിയെടുക്കുന്നതും ഉള്ളവര്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലും ഉള്‍പ്പെടുന്നതോടെയാണ് ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കുക. സ്വതവെ കുരുക്കുമുറുകുന്ന വാളയാര്‍ ഉള്‍പ്പടെയുള്ള ചെക്കുപോസ്റ്റുകളുടെ പ്രവര്‍ത്തനമാണ് ചോദ്യചിഹ്നമാകുക. അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ നാലു ദിവസങ്ങളിലുണ്ടാകുന്ന ഉദ്യോഗസ്ഥരുടെ കുറവ് ഗതാഗതക്കുരുക്കിനു വഴിവെക്കും. കൂടാതെ സ്പിരിറ്റുള്‍പ്പെടെയുള്ള കള്ളക്കടത്തിനും നികുതിവെട്ടിച്ചുള്ള ചരക്കു കടത്തിനും സൗകര്യവുമാകും. സംസ്ഥാനത്തെ പ്രധാന അതിര്‍ത്തി ചെക്‌പോസ്റ്റായ വാളയാറില്‍ 232 ജിവനക്കാര്‍ വേണ്ടിടത്ത് നിലവില്‍ 187 ജീവനക്കാരാണുള്ളത്. ഇതില്‍തന്നെ നൂറോളം പേരെയെങ്കിലും ഇലക്ഷന്‍ ഡ്യൂട്ടിക്കായി നിയമിച്ചിട്ടുണ്ട്. ദിനംപ്രതി ആയിരക്കണക്കിന് ചരക്കു വാഹനങ്ങളും സ്വകാര്യ-ടൂറിസ്റ്റ് വാഹനങ്ങളും കടന്നുപോകുന്ന സംസ്ഥാനത്തെ അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ മതിയായ ജീവനക്കാരില്ലാതെ ബുദ്ധിമുട്ടുകയാണ്. ജീവനക്കാരെ ഇലക്ഷന്‍ ഡ്യൂട്ടിക്ക് നിയമിക്കുന്നതുമൂലം സര്‍ക്കാരിന് വമ്പിച്ച സാമ്പത്തിക നഷ്ടമാണുണ്ടാകുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജീവനക്കാരുള്ള വാളയാര്‍ ചെക്‌പോസ്റ്റില്‍നിന്നാണ് ഇലക്ഷന്‍ ഡ്യൂട്ടിപോലുള്ള സാഹചര്യങ്ങളില്‍ ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ മറ്റ് ചെക്‌പോസ്റ്റുകളിലേക്ക് ജീവനക്കാരെ നിയമിക്കുന്നത്.
എന്നാല്‍ നിലവില്‍ മതിയായ ജീവനക്കാരില്ലാതെ സംസ്ഥാനത്തെ ചെക്‌പോസ്റ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാവുമ്പോഴാണ് മുന്നറിയിപ്പുകളെയെല്ലാം അവഗണിച്ച് ചെക്‌പോസ്റ്റുകളിലെ ജീവനക്കാരെ ഇലക്ഷന്‍ ഡ്യൂട്ടിക്ക് നിയമിക്കുന്നത്.രണ്ടാം ശനി, ഞായര്‍ എന്നിവ കഴിഞ്ഞു വരുന്ന തിങ്കള്‍ ദിവസത്തിലാണ് ഇലക്ഷന്‍ നടക്കുന്നതെന്നിരിക്കെ സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാരുടെ അഭാവം ഇതര ആവശ്യങ്ങള്‍ക്കായെത്തുന്നവരെയും ദുരിതത്തിലാക്കും.—
തിരഞ്ഞെടുപ്പു ഡ്യൂട്ടിയില്‍നിന്നും വാണിജ്യനികുതി വകുപ്പിന്റെ ചെക്‌പോസ്റ്റുകളെ ഒഴിവാക്കണമെന്നറിയിച്ച് തെരഞ്ഞെടുപ്പു കമ്മീഷന് ജീവനക്കാര്‍ നേരത്തെ കത്ത് നല്‍കിയിരുന്നു. എന്നാല്‍ അധികൃതര്‍ ഇക്കാര്യത്തില്‍ അനുഭാവപൂര്‍ണമായ നിലപാട് എടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ചെക്‌പോസ്റ്റുകളില്‍ ഓരോ ജീവനക്കാരനും രണ്ടുദിവസത്തില്‍ മൂന്നു ഷിഫ്റ്റിലായി 24 മണിക്കൂര്‍ ജോലിയെടുക്കണം. ഓരോ കൗണ്ടറിലും എട്ടു മണിക്കൂര്‍ ഡ്യൂട്ടി സമയത്തില്‍ 100 മുതല്‍ 120 വാഹനങ്ങളുടെവരെ രേഖകളുടെ പരിശോധനക്കു പുറമെ വാഹന പരിശോധനയും കഴിഞ്ഞ് കടത്തിവിടണം.

Latest