മലേഗാവ് പ്രതികള്‍ക്ക് ക്ലീന്‍ചീറ്റ്: പ്രതിഷേധവുമായി പ്രതിപക്ഷം

Posted on: May 16, 2016 3:50 am | Last updated: May 15, 2016 at 11:53 pm

prajna singന്യൂഡല്‍ഹി: മലേഗാവ് സ്‌ഫോടനക്കേസില്‍ മുഖ്യപ്രതിയായ സാധ്വി പ്രജ്ഞാ സിംഗ് താക്കൂര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) ക്ലീന്‍ചീറ്റ് നല്‍കിയതിനെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി. കേന്ദ്ര സര്‍ക്കാര്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരെ രക്ഷിക്കുന്നതിന് വേണ്ടി എന്‍ ഐ എയെ ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ്, എ എ പി, ഇടത് കക്ഷികളാണ് രംഗത്തെത്തിയത്. വിഷയത്തില്‍ എന്‍ ഐ എ സമര്‍പ്പിച്ച പുതിയ കുറ്റപത്രത്തില്‍ വിശ്വാസമില്ലെന്നും സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ആവശ്യപ്പെട്ടു. നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി എന്നത് നമോ ഇന്‍വെസ്റ്റിഗേഷന്‍ എന്നായി തീര്‍ന്നിട്ടുണ്ടെന്നും ആനന്ദ് ശര്‍മ കൂട്ടിച്ചേര്‍ത്തു. ബി ജെ പിയുടെ ഹിന്ദുത്വ അജന്‍ഡയുടെ നടത്തിപ്പുകാരായി എന്‍ ഐ എയെ മാറ്റുകയാണ് കേന്ദ്ര സര്‍ക്കാറെന്ന് സി പി എം ആരോപിച്ചു.
എന്‍ ഐ എയുടെ കുറ്റപത്രം ഭീകരതക്കെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഒന്നാണ്. മുംബൈ ഭീകരവിരുദ്ധ സ്‌ക്വാഡ് ശേഖരിച്ച തെളിവുകള്‍ മുഴുവന്‍ എന്‍ ഐ എ തള്ളിക്കളഞ്ഞിരിക്കുകയാണ്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെടണം. ഹിന്ദുത്വവാദികളായ പ്രതികളെ സംരക്ഷിക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. എല്ലാതരത്തിലുള്ള തീവ്രവാദത്തെയും കോണ്‍ഗ്രസ് അപലപിക്കുന്നുവെന്നും ആനന്ദ് ശര്‍മ കൂട്ടിച്ചേര്‍ത്തു.
ആര്‍ എസ് എസ് നേതാക്കളെ രക്ഷിക്കാനാണ് ബി ജെ പിയും കേന്ദ്ര സര്‍ക്കാറും ശ്രമിക്കുന്നതെന്ന് എ എ പി ആരോപിച്ചു. ബി ജെ പി അധികാരത്തില്‍ എത്തിയത് മുതല്‍ ഇത്തരത്തിലുള്ള പല ശ്രമങ്ങളിലൂടെയും തീവ്രവാദ കേസുകളിലെ പ്രതികളായ ആര്‍ എസ് എസ് നേതാക്കളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും എ എ പി നേതാക്കള്‍ കുറ്റപ്പെടുത്തി.
സാധ്വി പ്രജ്ഞാ സിംഗ് താക്കൂറിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിലൂടെ രക്തസാക്ഷിയായ ഹേമന്ദ് കാര്‍ക്കറെയുടെ അന്വേഷണത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയാണ് ചെയ്യുന്നതെന്ന് എ എ പി നേതാവ് ആശിഷ് ഖേതാന്‍ പറഞ്ഞു.
2008ലെ മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്ന സാധ്വി പ്രജ്ഞാസിംഗ് താക്കൂര്‍ ഉള്‍പ്പെടെ ആറ് പേരെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് എന്‍ ഐ എ പുതിയ കുറ്റപത്രം സമര്‍പ്പിച്ചത്. മറ്റ് പ്രതികള്‍ക്കെതിരെ ചുമത്തിയ മക്കോക്ക നിയമം ഒഴിവാക്കിയിരുന്നു.