ആയുഷ് വകുപ്പില്‍ മതവിവേചനം റിപ്പോര്‍ട്ട് ചെയ്ത പത്രപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു

Posted on: May 15, 2016 12:13 am | Last updated: May 15, 2016 at 10:43 am

ayush journalistന്യൂഡല്‍ഹി: ആയുഷ് വകുപ്പില്‍ മതവിവേചനം നിലനില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്ത പത്രപ്രവര്‍ത്തകനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ആര്‍ ടി ഐ അപേക്ഷക്ക് കിട്ടിയ മറുപടി വളച്ചൊടിച്ചുവെന്ന് കാണിച്ച് മില്ലി ഗസറ്റിലെ പുഷ്പ് ശര്‍മയെയാണ് അറസ്റ്റ് ചെയ്തത്. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, മതത്തിന്റെയും ജാതിയുടെയും പേരില്‍ സ്പര്‍ധയുണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ശര്‍മയെ അറസ്റ്റ് ചെയ്തതെന്ന് അഡീഷനല്‍ ഡി സി പി നുപൂര്‍ പ്രസാദ് പറഞ്ഞു. കോട്‌ല മുബാറക്പൂര്‍ പോലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.
മില്ലി ഗസറ്റില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് കേസിന് ആധാരം. മോദി സര്‍ക്കാര്‍ രൂപവത്കരിച്ച ആയുഷ് മന്ത്രാലയത്തില്‍ മുസ്‌ലിംകളെ നിയമിക്കുന്നത് വിലക്കിയിട്ടുണ്ടെന്ന് വിവരാവകാശ രേഖയുടെ അടിസ്ഥാനത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുകയായിരുന്നു. വിവരാവകാശ നിയമപ്രകാരം കിട്ടിയ വിവരങ്ങള്‍ വളച്ചൊടിച്ച് വ്യാജ വാര്‍ത്ത തയ്യാറാക്കിയെന്നാണ് പോലീസ് പറയുന്നത്. ആയുഷ് വകുപ്പില്‍ അത്തരം വിവേചനം നിലനില്‍ക്കുന്നില്ലെന്ന് ആരോഗ്യ മന്ത്രി ജെ പി നദ്ദ പറഞ്ഞിരുന്നു.
എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്ത ശേഷം മൂന്ന് ദിവസത്തോളമാണ് പോലീസ് പുഷ്പ് ശര്‍മയെ ചോദ്യം ചെയ്തത്. ഒടുവില്‍ വെള്ളിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അദ്ദേഹത്തെ ഇന്നലെ കോടതിയില്‍ ഹാജരാക്കി. ശര്‍മയുടെ അറസ്റ്റ് പത്ര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്ന് കയറ്റമാണെന്ന് മില്ലി ഗസറ്റിന്റെ ചീഫ് എഡിറ്റര്‍ സഫറുല്‍ ഇസ്‌ലാം ഖാന്‍ പറഞ്ഞു. പോലീസും സര്‍ക്കാറും മാത്രമല്ല പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും ഈ ആക്രമണത്തിന് കൂട്ടു നില്‍ക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പോലീസില്‍ പരാതി കൊടുക്കാന്‍ തിടുക്കം കാണിച്ച ആയുഷ് മന്ത്രാലയം ഒരിക്കല്‍ പോലും പത്രത്തിന്റെ ഭാഗം കേള്‍ക്കാന്‍ തയ്യാറായില്ലെന്ന് അദ്ദേഹം പറഞ്ഞു.