കണ്ണൂര്‍ സാക്ഷിയായത് ഇതുവരെയില്ലാത്ത പ്രചാരണച്ചൂടിന്

Posted on: May 15, 2016 4:56 am | Last updated: May 14, 2016 at 11:58 pm

KANNURകണ്ണൂര്‍: സി പി എമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂര്‍ സാക്ഷ്യം വഹിച്ചത് ചരിത്രത്തിലൊരിക്കലും കണ്ടില്ലാത്ത പ്രചാരണ പ്രവര്‍ത്തനം. ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയായേക്കാവുന്ന പിണറായിവിജയന്റെ മണ്ഡലമായ ധര്‍മ്മടമുള്‍പ്പടെയുള്ള 11യിടങ്ങളില്‍ സി പി എമ്മിന്റെ ഉന്നതനേതൃത്വം ഇടപെട്ട് അടുക്കും ചിട്ടയുമുള്ള പ്രചാരണപ്രവര്‍ത്തനമാണ് നടത്തിയത്. നേരിയ വോട്ടിന് കൈവിട്ടുപോയ മണ്ഡലങ്ങള്‍ തിരിച്ചു പിടിക്കുന്നതിനായുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് കണ്ണൂരില്‍ പ്രചാരണ പ്രവര്‍ത്തനം നടത്തിയത്.
സി പി എമ്മില്‍ നിന്ന് കൈവിട്ടുപോയ അഴീക്കോടും കൂത്തുപറമ്പും തിരിച്ചു പിടിക്കുന്നതിനായുള്ള പ്രചാരണങ്ങള്‍ക്കാണ് ഏറ്റവുമധികം ശ്രദ്ധകേന്ദ്രീകരിച്ചത്. അഴീക്കോട്ട് മുസ്‌ലിം ലീഗിലെ കെ എം ഷാജിക്കെതിരെ എം വി നികേഷിനെ ഇറക്കിയാണ് മണ്ഡലം തിരിച്ചുപിടിക്കാന്‍ ഇടതുപക്ഷം ശ്രമം നടത്തുന്നത്. അടിയൊഴുക്കുകളൊന്നുമുണ്ടായില്ലെങ്കില്‍ ഇവിടെ നിന്ന് 5000 വോട്ട് ഭൂരിപക്ഷത്തിന് ജയിക്കുമെന്നാണ് ഇടതുപക്ഷത്തിന്റെ വിശ്വാസം. അഴീക്കോട്ട് മത്സരിക്കുന്ന കോണ്‍ഗ്രസ്സ് വിമതനായ പി കെ രാഗേഷ് കോണ്‍ഗ്രസ്സ് വോട്ടുകള്‍ കൂടുതല്‍ പെട്ടിയിലാക്കിയാല്‍ വിജയം എളുപ്പമാകുമെന്നും ഇവര്‍ കരുതുന്നു. കൂത്തുപറമ്പാണ് ഇത്തവണ കൈപ്പിടിയിലൊതുങ്ങുമെന്ന് കരുതുന്ന മറ്റൊരു മണ്ഡലം. സി പി എം കേന്ദ്ര കമ്മിറ്റിയംഗമായ കെ കെ ശൈലജ ടീച്ചര്‍ മത്സരിക്കുന്നത് ഇവിടെ വിജയസാധ്യത കൂട്ടിയെന്ന് സി പി എം കരുതുന്നു. ബി ജെ പി സ്ഥാനാര്‍ഥിയായ സദാനന്ദന്‍ മാസ്റ്റര്‍ കൂടുതല്‍ വോട്ടുനേടുന്നതും ശൈലജ ടീച്ചറുടെ ജയസാധ്യത വര്‍ധിപ്പിക്കും. യു ഡി എഫ് സ്ഥാനാര്‍ഥിയായി ഇവിടെയുള്ളത് മന്ത്രി കെ പി മോഹനനാണ്.യു ഡി എഫിന്റെ ഉറച്ച മണ്ഡലങ്ങളായ കണ്ണൂര്‍, ഇരിക്കൂര്‍, പേരാവൂര്‍ എന്നിവിടങ്ങളില്‍ അട്ടിമറി പ്രതീക്ഷിക്കുന്നില്ലെങ്കിലും ഇവിടെ ഇത്തവണ നല്ല മത്സരം കാഴ്ചവക്കാനാകുമെന്നാണ് വിലയിരുത്തുന്നത്. അതേസമയം നിലവിലുള്ള മണ്ഡലത്തില്‍ ഉറച്ചു നില്‍ക്കുന്നതിനായി യു ഡി എഫും കണ്ണൂരില്‍ ശക്തമായ പ്രചാരണം നടത്തി.
അഴീക്കോട്, കൂത്തുപറമ്പ് ഉള്‍പ്പടെയുള്ള അഞ്ച് മണ്ഡലങ്ങളും നിലനിര്‍ത്തുന്നതിനായി ഇത്തവണ സാധിക്കുമെന്നാണ് ഇവര്‍ കരുതുന്നത്. എന്നാല്‍ സി പി എം ആധിപത്യമുള്ള ധര്‍മ്മടം, കല്ല്യശ്ശേരി, പയ്യന്നൂര്‍, തളിപ്പറമ്പ്, തലശ്ശേരി, മട്ടന്നൂര്‍ എന്നിവിടങ്ങളില്‍ യു ഡി എഫിന് അട്ടിമറി വിജയസാധ്യതയില്ല.
റിപ്പോര്‍ട്ടര്‍ ടി വി എംഡിയായ നികേഷ്‌കുമാറും കെ എംഷാജിയും മത്‌സരിക്കുന്ന അഴീക്കോട് സ്ഥാനാര്‍ഥികള്‍ സാമൂഹികമാധ്യമങ്ങളിലൂടെ ദിവസവും ഏറ്റുമുട്ടി. ഉപ്പുവെള്ളമുള്ള കിണര്‍ പരിശോധിക്കാന്‍ നികേഷ്‌കുമാര്‍ കിണറ്റിലിറങ്ങിയ സംഭവം സോഷ്യല്‍ മീഡിയകളില്‍ വൈറലായി. വലിയതലക്കെട്ടുകള്‍ നേടിയില്ലെങ്കിലും സംഘര്‍ഷങ്ങള്‍ക്കു കുറവൊന്നുമില്ലായിരുന്നു. പോസ്റ്ററുകളും ബോര്‍ഡുകളും നശിപ്പിക്കുന്നത് ഇക്കുറി യഥേഷ്ടം അരങ്ങേറി. പ്രചാരണസാമഗ്രികളില്‍ നല്ലൊരുഭാഗവും നശിപ്പിക്കപ്പെട്ടു. ധര്‍മടത്തെ ഇടത് സ്ഥാനാര്‍ഥി പിണറായി വിജയന്റെ 300 മീറ്റര്‍ നീളമുള്ള പ്രചാരണ ബോര്‍ഡ് നശിപ്പിച്ചു തീയിട്ട സംഭവം സംഘര്‍ഷഭീതി പരത്തി. സ്ഥാനാര്‍ഥികള്‍ക്കെതിരേ വ്യക്തിപരമായ ആക്ഷേപങ്ങളും ആരോപണങ്ങളും പരക്കേയുണ്ടായി. നികേഷിനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ളതെന്നു പറഞ്ഞു ലഘുലേഖകളുടെ ശേഖരം വളപട്ടണം പഞ്ചായത്ത് പ്രസിഡന്റായ വനിതാ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍നിന്നു പിടികൂടി.
ഇരിക്കൂറിലെ യു ഡി എഫ് സ്ഥാനാര്‍ഥി മന്ത്രി കെ സി ജോസഫിനെതിരേ സ്ഥാനാര്‍ഥി നിര്‍ണയവേളയില്‍ തുടങ്ങിയ വിമര്‍ശനങ്ങള്‍ പ്രചാരണത്തിന്റെ അവസാനഘട്ടം വരെ നീണ്ടു. പ്രവാസി വ്യവസായിയായ തളിപ്പറമ്പിലെ കേരള കോണ്‍ഗ്രസ ്എം സ്ഥാനാര്‍ഥി രാജേഷ് നമ്പ്യാര്‍ക്കും വിമര്‍ശനശരങ്ങള്‍ ഏല്‍ക്കേണ്ടിവന്നു. അതേസമയം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം ജില്ലയില്‍ വിപുലമായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 615 ബൂത്തുകളില്‍ കേന്ദ്രസേനയുടെ സാന്നിധ്യമുണ്ടാവും. പയ്യന്നൂര്‍, കല്യാശേരി, തളിപ്പറമ്പ്, അഴീക്കോട്, ധര്‍മടം, കൂത്തുപറമ്പ്, തലശേരി മണ്ഡലങ്ങളിലാണ് പ്രത്യേക നിരീക്ഷണമുണ്ടാകുക. ഈ മണ്ഡലങ്ങളിലെ മുഴുവന്‍ പോളിംഗ് ബൂത്തുകളിലും വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ 1,629 പോളിംഗ് ബൂത്തുകളില്‍ 1,401 ബൂത്തും പൂര്‍ണമായി സുരക്ഷാ വലയത്തിലായിരിക്കും.