പ്രൊജക്ട് ഖത്വര്‍ പ്രദര്‍ശനം സമാപിച്ചു

Posted on: May 14, 2016 7:39 pm | Last updated: May 14, 2016 at 7:39 pm

Project Qatarദോഹ: മൂന്നു ദിവസങ്ങളിലായി ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പ്രോജക്ട് ഖത്വര്‍ പ്രദര്‍ശനം സമാപിച്ചു. പ്രദര്‍ശനം വിജയകരമായിരുന്നുവെന്ന് സംഘാടകരായ ഐ എഫ് പി ഖത്വര്‍ അറിയിച്ചു. ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള കമ്പനികള്‍ നിര്‍മാണ മേഖലയിലെ സാമഗ്രികളും മെഷിനറികളും ഉപകരണങ്ങളും പ്രദര്‍ശിപ്പിച്ചു. നിര്‍മാണ മേഖലയെ സംബന്ധിച്ച് ചര്‍ച്ചകളും സിംപോസിയങ്ങളും നടന്നു.
പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനിയുടെ രക്ഷാകര്‍തൃത്വത്തിലാണ് പതിമൂന്നാമത് അന്താരാഷ്ട്ര കെട്ടിട നിര്‍മാണ സാങ്കേതിക, കെട്ടിട സാമഗ്രി പ്രദര്‍ശനം നടന്നത്. കെട്ടിട നിര്‍മാണ രംഗത്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ തമ്മിലുള്ള നിരവധി ബിസിനസ് ടു ബിസിനസ് മീറ്റുകള്‍ക്ക് പ്രദര്‍ശനം സാക്ഷ്യം വഹിച്ചു. ഖത്വര്‍ ചേംബര്‍ ഓഫ് കോമേഴ്‌സുമായി സഹകരിച്ച് ഐ എഫ് പി ഖത്വര്‍ നിര്‍മാണ മേഖലുയമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ വര്‍ക്ക് ഷോപ്പുകള്‍ സംഘടിപ്പിച്ചു. നിര്‍മാണ രംഗത്തെ സാങ്കേതിക വളര്‍ച്ച, നൂതന വിദ്യകള്‍, വളര്‍ച്ച തുടങ്ങിയ മേഖലകളില്‍ കേന്ദ്രീകരിച്ചായിരുന്നു ശില്‍പ്പശാലകള്‍. സുസ്ഥിര സ്മാര്‍ട്ട് സിറ്റികള്‍, മോഡുലാര്‍ സ്‌കീം, പ്രോജക്ട് അനാലിസിസ് ട്രെയ്‌നിംഗ്, ക്വാളിറ്റി അഷ്വറന്‍സ് ആന്‍ഡ് കണ്‍ട്രോള്‍, പ്രൊഡക്ട് ടെസ്റ്റിംഗ്, നിര്‍മാണ മേഖലയില്‍ സൗരോര്‍ജത്തിന്റെ പ്രധാന്യം, കണ്‍സട്രക്ഷന്‍ വേസ്റ്റ്, ഊര്‍ജക്ഷമത, ഗ്രീന്‍ ഇന്റീരിയറുകള്‍, ബില്‍ഡിംഗ് മെറ്റീരിയില്‍ മേഖലയിലെ പുതിയ വികസനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ വര്‍ക്ക് ഷോപ്പുകള്‍ നടന്നതായി സംഘാടകര്‍ വാര്‍ത്തി കുറിപ്പില്‍ അറിയിച്ചു.
പ്രൊഫഷനലുകളും കെട്ടിട നിര്‍മാണ രംഗത്തെ മാനേജ്‌മെന്റ് പ്രതിനിധികളുമുള്‍പ്പെടെ സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായതായി ഐ എഫ് പി ഖത്വര്‍ ജനറല്‍ മാനേജര്‍ ജോര്‍ജ് ആയാഷെ പറഞ്ഞു. നിര്‍മാണ രംഗത്തെ അത്യാധുനിക സാങ്കേതിക വിദ്യകളും ഉപകരണങ്ങളും പരിചയപ്പെടാനുള്ള സന്ദര്‍ഭമാണ് പ്രദര്‍ശനം ഒരുക്കിയത്.
ഗള്‍ഫ് മേഖലയിലെ നിര്‍മാണ രംഗത്തിന് പ്രദര്‍ശനം നല്‍കുന്ന സംഭാവന കൂടുതല്‍ ബോധ്യപ്പെടുത്തുന്നതായിരുന്നു പങ്കാളിത്തമെന്നും അദ്ദേഹം പറഞ്ഞു. പ്രദര്‍ശനത്തില്‍ പങ്കെടുക്കാനെത്തിയ വിദഗ്ധര്‍ക്ക് രാജ്യത്തെ പ്രധാന നിര്‍മാണ പദ്ധതി സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതിന് സംഘാടകര്‍ അവസരം സൃഷ്ടിച്ചിരുന്നു. പുതിയ പോര്‍ട്ട് പദ്ധതി, ലുസൈല്‍ സിറ്റി, മാള്‍ ഓഫ് ഖത്വര്‍ തുടങ്ങിയ പദ്ധതി പ്രദേശങ്ങളാണ് സന്ദര്‍ശിച്ചത്.
ഇന്ത്യന്‍ അംബാസിഡര്‍ സഞ്ജീവ് അറോറ പ്രദര്‍ശനം സന്ദര്‍ശിച്ചിരുന്നു. പ്രദര്‍ശനത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ കമ്പനകികള്‍ക്ക് അദ്ദേഹം അഭിനന്ദനം അറിയിച്ചു. 55 ഇന്ത്യന്‍ കമ്പനികളാണ് പ്രദര്‍ശനത്തില്‍ പങ്കെടുത്തിരുന്നത്.