Connect with us

Gulf

രാജ്യത്തെ കെട്ടിടങ്ങളുടെ സ്ഥാനങ്ങള്‍ അറിയാന്‍ സ്മാര്‍ട് മാപിംഗ് സംവിധാനവുമായി ദുബൈ നഗരസഭ

Published

|

Last Updated

ദുബൈ: രാജ്യത്തെ കെട്ടിടങ്ങളുടെ യഥാസ്ഥാനം സന്ദര്‍ശകര്‍ക്ക് മനസ്സിലാക്കുന്നതിനായി ദുബൈ നഗരസഭ ഏഴ് എമിറേറ്റുകളിലെയും വിവരങ്ങളടങ്ങിയ ചാര്‍ട്ട് പുറത്തിറക്കുന്നു. “മകാനി” എന്ന സ്മാര്‍ട് മാപിംഗ് സിസ്റ്റത്തിലൂടെയാണ് പൊതുജനങ്ങള്‍ക്ക് തങ്ങള്‍ക്ക് സന്ദര്‍ശിക്കേണ്ട കെട്ടിടങ്ങളുടെ സ്ഥാനങ്ങള്‍ ലളിതമായി കണ്ടെത്താന്‍ കഴിയുക. ഭൗമപരമായി ബന്ധിപ്പിക്കുന്ന 10 അക്ക നമ്പര്‍ വഴിയാണ് സ്മാര്‍ട് മാപിലൂടെ കെട്ടിടങ്ങളുടെ യഥാര്‍ഥ സ്ഥാനം കണ്ടെത്താന്‍ കഴിയുകയെന്ന് ദുബൈ നഗരസഭ ജ്യോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഡയറക്ടര്‍ അബ്ദുല്‍ ഹക്കീം മാലിക് പറഞ്ഞു.
നേരത്തെതന്നെ അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, ഫുജൈറ എന്നിവിടങ്ങളിലെ വിവരങ്ങള്‍ സ്മാര്‍ട് മാപില്‍ ഉള്‍പെടുത്തിയിട്ടുണ്ടെന്നും ഇപ്പോള്‍ റാസല്‍ ഖൈമയിലെ വിവരങ്ങള്‍ക്ക് അന്തിമരൂപം നല്‍കിയിട്ടുണ്ടെന്നും ഹക്കീം മാലിക് കൂട്ടിച്ചേര്‍ത്തു. ദുബൈയിലെയും വടക്കന്‍ എമിറേറ്റുകളിലെയും നഗരങ്ങളിലെ വിവിധ ഭാഗങ്ങള്‍ ഉള്‍പെടുത്തുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അജ്മാനിലെ 20,000വും ഉമ്മുല്‍ ഖുവൈനിലെ 7,000 കെട്ടിടങ്ങളുടെ വിവരങ്ങളാണ് ഉള്ളത്. ഈ എമിറേറ്റുകളിലെ മുഴുവന്‍ കെട്ടിടങ്ങളും ഉള്‍പെടുത്തികഴിഞ്ഞാല്‍ അടുത്ത ഘട്ടത്തില്‍ ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലെ കെട്ടിടങ്ങളുടെ സ്ഥാനങ്ങള്‍ ഉള്‍പെടുത്തുന്ന പ്രക്രിയകള്‍ ആരംഭിക്കും.
ദുബൈയില്‍ മിര്‍ദിഫ്, ഗര്‍ഹൂദ്, അല്‍ ബര്‍ശ എന്നിവിടങ്ങളിലെ 5,000 ലൊക്കേഷനുകള്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും 80,000 ലൊക്കേഷനുകള്‍കൂടി ഉള്‍പെടുത്തും.
സ്മാര്‍ട് സിസ്റ്റത്തിലെ “മകാനി പ്ലേറ്റ്‌സ്”ല്‍ എമിറേറ്റുകള്‍ തിരിച്ചറിയുന്നതിനായി ഓരോന്നിനും പ്രത്യേകനിറങ്ങളും നല്‍കിയിട്ടുണ്ട്. ദുബൈക്ക് മഞ്ഞയും അജ്മാനിന് ഓറഞ്ച് നിറവുമാണ് നല്‍കിയിരിക്കുന്നത്. സ്മാര്‍ട് ഫോണുകളിലെ ക്യു ആര്‍ കോഡ് റീഡര്‍ ആപുപയോഗിച്ച് ഇത് പ്രവര്‍ത്തിക്കാനാവും.
ടാക്‌സി ഉപഭോക്താക്കള്‍ക്ക് വേണ്ടി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ ടി എ) അവരുടെ ജി പി എസ് സിസ്റ്റത്തില്‍ മകാനി ആപ് ഉപയോഗിക്കാന്‍ തീരുമാനിച്ചതായും ഹക്കീം മാലിക് പറഞ്ഞു.