Connect with us

Ongoing News

ബൂത്ത് സജ്ജമാക്കാന്‍ 87 ഇനം സാധന സാമഗ്രികള്‍

Published

|

Last Updated

കണ്ണൂര്‍ :തിരഞ്ഞെടുപ്പിനായി ഒരു ബൂത്ത് സജ്ജമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കൊണ്ടുപോകേണ്ടത് മൊട്ടു സൂചി മുതല്‍ ഇലക്‌ട്രോണിക്‌സ് വോട്ടിംഗ് മെഷീന്‍ വരെയുള്ള സാധനങ്ങളാണ്. അഞ്ച് വിഭാഗങ്ങളിലായി ആകെ 87 ഇനം സാധനങ്ങളാണ് ഓരോ ബൂത്തിലും വേണ്ടത്. ഇതില്‍ തീപ്പെട്ടി മുതല്‍ എണ്ണയോ മറ്റോ മറിഞ്ഞാല്‍ തുടയ്ക്കാനുള്ള തുണി വരെ ഉള്‍പ്പെടും. എണ്ണത്തിന്റെ കാര്യത്തില്‍ മൂന്നാം വിഭാഗമായ എന്‍വലപ് വിഭാഗമാണ് മുന്നില്‍. എന്‍വലപ് വിഭാഗത്തില്‍ വിവിധതരം ആവശ്യങ്ങള്‍ക്കുപയോഗിക്കേണ്ട കവറുകള്‍ മാത്രം 24 എണ്ണം വരും. എന്നാല്‍ സാധനങ്ങളുടെ ആധിക്യത്തിന്റെ കാര്യത്തില്‍ അഞ്ചാം വിഭാഗമായ സ്റ്റേഷനറിയാണ് മുന്നില്‍.
ഇതില്‍ 19 ഇനങ്ങളേ ഉള്ളൂവെങ്കിലും പലതും ഒന്നിലധികം വരും. സ്റ്റേഷനറി വിഭാഗത്തില്‍ കടലാസ് പെന്‍സില്‍ മുതല്‍ സെല്ലോ ടേപ്പ് വരെയായി 19 ഇനം സാധനങ്ങാണ് ഉള്ളത്. ഇതില്‍ കടലാസ് പെന്‍സില്‍, പശ, ബ്ലേഡ്, സ്റ്റീല്‍ റൂള്‍, സെല്ലോ ടേപ്പ് എന്നിവ ഒരോന്നു വീതവും മൂന്ന് നീലമഷി ബോള്‍ പേനയും ഒരു ചുവപ്പ് മഷി ബോള്‍പേനയും ഉള്‍പ്പെടും. എട്ടു ഷീറ്റ് പേപ്പര്‍, 25 മൊട്ടു സൂചി, ആറ് സീലിംഗ് വാക്‌സ്, നാല് വോട്ടിംഗ് കംപാര്‍ട്ട്‌മെന്റ് മെറ്റീരിയല്‍, നാല് മെഴുകുതിരി, 20 മീറ്റര്‍ ട്വയിന്‍, മൂന്ന് കാര്‍ബണ്‍ പേപ്പര്‍, മൂന്ന് കഷ്ണം തുണി, രണ്ട് പായ്ക്കിംഗ് പേപ്പര്‍, ഡ്രോയിംഗ് പിന്‍, രണ്ട് ചെക്ക് ലിസ്റ്റ്, 20 റബര്‍ ബാന്‍ഡുകള്‍, ഒരു പ്ലാസ്റ്റിക് ഇന്‍ക് ബോട്ടില്‍ എന്നിവയും സ്റ്റേഷനറി വിഭാഗത്തില്‍ ഉള്‍പ്പെടും. ബൂത്തുകള്‍ സജ്ജീകരിക്കുന്നതുമായി ബന്ധപ്പെട്ട സാധനങ്ങളാണ് സൈന്‍ ബോര്‍ഡ് വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സ്ഥാനവിവരങ്ങള്‍ സൂചിപ്പിക്കുന്ന എഴുത്തുകള്‍ പോളിംഗ് ബൂത്തിന്റെ പ്രവേശന കവാടവും പുറത്തേക്കുള്ള വഴിയും വ്യക്തമാക്കുന്ന അച്ചടിച്ച കടലാസുകള്‍ തുടങ്ങി ആറ് സാധനങ്ങളാണ് ഉള്ളത്. സ്ഥാനാര്‍ഥികളുടെ പേരു വിവരം ഉള്‍പ്പെടെയുള്ള ലിസ്റ്റടക്കം 17 സാധനങ്ങള്‍ രണ്ടാം വിഭാഗമായ ഫോംസില്‍ അടങ്ങിയിരിക്കുന്നു. ഇലക്‌ട്രോണിക്‌സ് വോട്ടിംഗ് മെഷീനിന്റെ കണ്‍ട്രോള്‍ യൂനിറ്റ്, ബാലറ്റ് യൂനിറ്റുകള്‍, വോട്ടര്‍പട്ടിക, വോട്ടേഴ്‌സ് സ്ലിപ്, റബര്‍ സ്റ്റാമ്പ്, തീപ്പെട്ടി, ഡമ്മി ബാലറ്റ്, ഉള്‍പ്പെടെ 21 ഇനം സാധനങ്ങളാണ് ഒന്നാം വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.
ഇക്കുറി പതിവു സാധനങ്ങള്‍ക്കു പുറമേ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പോളിംഗിന്റെ തലേന്ന് ബൂത്തുകളില്‍ കിടക്കാന്‍ കണ്ണൂരില്‍ പുല്‍പ്പായയും തലയണയും നല്‍കുന്നുണ്ട്. ഊതി വീര്‍പ്പിച്ചുപയോഗിക്കാവുന്ന തലയണയാണ് നല്‍കുക.
ഇതിനൊപ്പം പല്ലുതേക്കാനുള്ള പേസ്റ്റും കുളിക്കാനുള്ള സോപ്പും സര്‍ക്കാര്‍ നല്‍കും. പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തില്‍നിന്ന് തന്നെയാണ് ഇവയുടെ വിതരണവും. ലഘുഭക്ഷണം എന്ന നിലയില്‍ ഓരോ ജീവനക്കാരനും ചെറിയ പാക്കറ്റ് ബിസ്‌ക്കറ്റും നല്‍കുന്നുണ്ട്. ഒരോ പ്രദേശത്തെയും കുടുംബശ്രീ -അയല്‍ക്കൂട്ടങ്ങളില്‍ നിന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം നല്‍കാനും നടപടിയായിട്ടുണ്ട്. പലപ്പോഴും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിവിധ പ്രദേശങ്ങളിലെ രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകരായിരുന്നു ഭക്ഷണവും കിടക്കാനുള്ള സംവിധാനങ്ങളും ഒരുക്കി നല്‍കിയിരുന്നത്.
തങ്ങള്‍ക്കു സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നവരോടു ഉദ്യോഗസ്ഥര്‍ക്കുണ്ടായേക്കാവുന്ന വിധേയത്വം നിഷ്പക്ഷമായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായ സാഹചര്യത്തിലാണ് ഭക്ഷണം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ കണ്ണൂരില്‍ ജില്ലാ ഭരണകൂടം തന്നെ ഒരുക്കാന്‍ തീരുമാനിച്ചത്. വോട്ടെടുപ്പിനു ശേഷം പോൡഗ് സാമഗ്രികള്‍ തിരിച്ചു നല്‍കുമ്പോള്‍ പായയും തലയണയും തിരിച്ചേല്‍പ്പിക്കണം.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest