Connect with us

National

മലേഗാവ് സ്‌ഫോടനം: പ്രജ്ഞാ സിംഗിനും സംഘത്തിനും ക്ലീന്‍ചിറ്റ്

Published

|

Last Updated

മുംബൈ: മലേഗാവ് സ്‌ഫോടനക്കേസില്‍ മലക്കം മറിഞ്ഞ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ). മുഖ്യ പ്രതി സാധ്വി പ്രജ്ഞാ സിംഗ് താക്കൂര്‍ ഉള്‍പ്പെടെ കേസിലെ ആറ് ഹിന്ദുത്വ സംഘടനാ നേതാക്കള്‍ക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും ഒഴിവാക്കി. ഇതിനൊപ്പം ലഫ്റ്റനന്റ് കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിത് ഉള്‍പ്പെടെ മറ്റ് പത്ത് പ്രതികളുടെ മേല്‍ ചുമത്തിയ മഹാരാഷ്ട്ര ആസൂത്രണ കുറ്റകൃത്യം തടയല്‍ നിയമവും (മക്കോക്ക) ഒഴിവാക്കിക്കൊണ്ട് മലേഗാവ് ഇരട്ട സ്‌ഫോടനക്കേസിലെ അനുബന്ധ കുറ്റപത്രം എന്‍ ഐ എ കോടതിയില്‍ സമര്‍പ്പിച്ചു. മക്കോക്ക ഒഴിവാക്കിയതോടെ ഈ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം റെക്കോര്‍ഡ് ചെയ്ത കുറ്റസമ്മത മൊഴി വിശ്വാസയോഗ്യമല്ലെന്നും കുറ്റപത്രത്തില്‍ എന്‍ ഐ എ പറയുന്നു.
പ്രജ്ഞാ സിംഗ് താക്കൂറിന് പുറമെ ശിവ് നരെയ്ന്‍ കല്‍സങ്ക്ര, ശ്യാം ഭവര്‍ലാല്‍ സാഹു, പ്രവീണ്‍ തക്കല്‍ക്കി, ലോകേഷ് ശര്‍മ, ധന്‍ ചൗധരി എന്നിവര്‍ക്കെതിരെ അന്വേഷണത്തില്‍ യാതൊരു തെളിവുകളും കണ്ടെത്താനായിട്ടില്ലെന്നാണ് എന്‍ ഐ എ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്. കേസില്‍ മക്കോക്ക ചുമത്താനാകില്ലെന്നും എന്‍ ഐ എ പറയുന്നു. പുതിയ കുറ്റപത്രം സമര്‍പ്പിച്ചതോടെ പ്രജ്ഞാ സിംഗ് താക്കൂര്‍ ഉള്‍പ്പെടെ ആറ് പേര്‍ ഉടന്‍ ജയില്‍മോചിതരാകുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു. 2008 സെപ്തംബറില്‍ റമസാന്‍ പ്രാര്‍ഥനക്കിടെ നടന്ന ഇരട്ട സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും എണ്‍പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
മക്കോക്ക ഒഴിവാക്കിയതോടെ ലഫ്റ്റനന്റ് കേണല്‍ ശ്രീകാന്ത് പുരോഹിത് ഉള്‍പ്പെടെ പത്ത് പേര്‍ക്കെതിരെ യു എ പി എ, ഐ പി സി, ആയുധ, സ്‌ഫോടകവസ്തു നിയമ പ്രകാരം മാത്രമേ നടപടികള്‍ സ്വീകരിക്കൂ.
ഹിന്ദുത്വ തീവ്രവാദ സംഘടനയായ അഭിനവ് ഭാരത് പ്രവര്‍ത്തകര്‍ പ്രതിയായ കേസ് മുംബൈയിലെ തീവ്രവാദവിരുദ്ധ വിഭാഗം (എ ടി എസ്) ജോയിന്റ് കമ്മീഷണര്‍ ഹേമന്ത് കാര്‍ക്കറെയാണ് ആദ്യം അന്വേഷിച്ചത്. കേസില്‍ മുസ്‌ലിംകളെ ആദ്യം അറസ്റ്റ് ചെയ്‌തെങ്കിലും കാര്‍ക്കറെയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസില്‍ ഹിന്ദുത്വ തീവ്രവാദികളുടെ പങ്ക് പുറത്തുകൊണ്ടുവന്നത്. മുംബൈ ഭീകരാക്രമണത്തില്‍ കാര്‍ക്കറെ കൊല്ലപ്പെടുകയായിരുന്നു. പതിനാറ് പേരെ എ ടി എസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും പതിനാല് പേരെ ഉള്‍പ്പെടുത്തിയാണ് മുംബൈ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 2011ലാണ് കേസ് എന്‍ ഐ എക്ക് കൈമാറിയത്.
കുറ്റപത്രത്തില്‍ വെള്ളം ചേര്‍ത്തിട്ടില്ലെന്ന് എന്‍ ഐ എ ഡയറക്ടര്‍ ജനറല്‍ ശരത് കുമാര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സാധ്വി പ്രജ്ഞാ സിംഗ് താക്കൂറിന്റെ ജാമ്യാപേക്ഷയെ മുമ്പ് സുപ്രീം കോടതിയില്‍ എതിര്‍ത്തതിനെ കുറിച്ചുള്ള ചോദ്യത്തിന് അതുവരെ അന്വേഷണം പൂര്‍ത്തിയായിരുന്നില്ലെന്നും ഇപ്പോള്‍ അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും എന്‍ ഐ എ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. അതേസമയം, കുറ്റപത്രം സമര്‍പ്പിക്കുന്നതിനെ കുറിച്ച് തന്നെ അറിയിച്ചില്ലെന്ന് കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അവിനാഷ് റസല്‍ പറഞ്ഞു. രാജിവെച്ചേക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി.
എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കേസില്‍ മൃദുസമീപനം സ്വീകരിക്കാന്‍ സമ്മര്‍ദം ഉണ്ടായിരുന്നതായി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന രോഹിണി സാലിയാന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറിയതിനു തൊട്ടുപിന്നാലെ പ്രതികളോട് മൃദുസമീപനം സ്വീകരിക്കാന്‍ സമ്മര്‍ദമുണ്ടായിരുന്നതായി രോഹിണി സാലിയാന്റെ വെളിപ്പെടുത്തല്‍.