Connect with us

Editorial

പേരുകളോടും അസഹിഷ്ണുത

Published

|

Last Updated

ഡല്‍ഹിയിലെ അക്ബര്‍ റോഡിന്റെ പേര് മഹാറാണ പ്രതാപ് റോഡ് എന്നാക്കി മാറ്റണമെന്ന് സുബ്രഹ്മണ്യം സ്വാമി. ഡല്‍ഹിയിലെ പല റോഡുകള്‍ക്കും മുസ്‌ലിം പേരുകള്‍ വന്നത് മുസ്‌ലിം ഭരണാധികാരികള്‍ രാജ്യത്ത് അതിക്രമിച്ചു കയറി റോഡുകള്‍ക്ക് അവരുടെ പേരുകള്‍ നല്‍കിയത് കൊണ്ടാണെന്ന് സ്വാമി ആരോപിക്കുന്നു. വേറെയും ചില ആര്‍ എസ് എസ് നേതാക്കളും വര്‍ഗീയ ഫാസിസ്റ്റ് സംഘടനകളും നേരത്തെ ഈ ആവശ്യമുന്നയിച്ചതാണ്. തലസ്ഥാനത്ത് മുഗള്‍ രാജവംശത്തിലെ പേരുകളുള്ള റോഡുകള്‍ക്കെല്ലാം ഹിന്ദുത്വ നേതാക്കളുടെ പേരുകള്‍ നല്‍കണമെന്ന ആവശ്യവുമായി ആര്‍ എസ് എസ് പ്രവര്‍ത്തകനും, ശിക്ഷ ബച്ചാവോ ആന്ദോളന്‍ സമിതി നേതാവുമായ രാജീവ് ഗുപ്ത കഴിഞ്ഞ ആഗസ്റ്റില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിനെ കണ്ടിരുന്നു. മുഗള്‍വംശത്തിലുള്ളവരുടെ മാത്രമല്ല, ഡല്‍ഹി സുല്‍ത്താനേറ്റിന്റെ പേര് വഹിക്കുന്ന ലോധി റോഡ്, തുഗ്ലക് റോഡ് തുടങ്ങിയവയുടെ പേരും മാറ്റണമെന്നാണ് ആവശ്യം. ഔറംഗസീബ് റോഡിന്റെ പേരു മാറ്റുന്നത് രാജ്യസ്‌നേഹമുള്ള എല്ലാ പൗരന്മാരും സ്വാഗതം ചെയ്യണമെന്നാണ് സംഘ് പരിവാര്‍ സംഘടനയായ മുസ്‌ലിം രാഷ്ട്രീയ മഞ്ച് പ്രസ്താവിച്ചത്. ആര്‍ എസ് എസ് പിന്തുണയുള്ള ശിക്ഷ ബച്ചാവോ ആന്ദോളന്‍ സമിതി ഇക്കാര്യത്തില്‍ തിടുക്കം കാണിക്കുന്നില്ലെങ്കിലും തങ്ങള്‍ ദീര്‍ഘകാലമായി ആഗ്രഹിക്കുന്ന കാര്യമാണിതെന്ന് സംഘടനയുടെ സ്ഥാപകന്‍ ദീനനാഥ് പറയു ബത്ര പറയുന്നു.
രാജ്യത്ത് ശക്തിപ്പെട്ടു വരുന്ന അസഹിഷ്ണുതയുടെ ഭാഗം തന്നെയാണ് മുസ്‌ലിം രാജാക്കന്മാരോടും പേരുകളോടുമുള്ള വിരോധം. മധ്യകാല ഇന്ത്യയെ സംബന്ധിച്ച തെറ്റായ ചരിത്രങ്ങളാണ് വലിയൊരളവോളം ഇതിന് കാരണം. 1860കളില്‍ യൂറോപ്യന്‍ ചരിത്രകാരന്മാരായ ഹെന്റി എലിയെട്ടും ഡൗസണും ചേര്‍ന്നു രചിച്ച ഇന്ത്യാ ചരിത്രവും അതിനെ അവലംബിച്ചെഴുതിയ ഇന്ത്യന്‍ ചരിത്രകാരന്മാരുടെ രചനകളുമാണ് മുസ്‌ലിം ഭരണാധികാരികള്‍ തെറ്റിദ്ധരിക്കപ്പെടാനിടയാക്കിയത്. ബീട്ടീഷ് ആധിപത്യത്തിന് മുമ്പുള്ള കാലത്തെ മുസ്‌ലിം രാജാക്കന്മാരെ അക്രമികളും ഹിന്ദുവിരുദ്ധരും എട്ട് നൂറ്റാണ്ടോളം വരുന്ന അവരുടെ ഭരണ കാലഘട്ടം ഇരുണ്ട യുഗവുമായാണ് ഹെന്റി എലിയെട്ടും ഡൗസണും പരിചയപ്പെടുത്തുന്നത്. ഇന്ത്യാ മഹാരാജ്യം കെട്ടിപ്പടുക്കുന്നതിലും രാഷ്ട്രത്തിന്റെ വളര്‍ച്ചയിലും ഇവരുടെ പങ്ക് നിസ്സീമമായിരുന്നുവെന്നതാണ് വസ്തുത. മുഗള്‍ ഭരണകാലത്ത് ഇന്ത്യ ലോകത്തിലെ ഉന്നത രാഷ്ട്രമായി നിലകൊള്ളുകയും പരിഷ്‌കാരത്തിലും പ്രബലതയിലും മുന്നിട്ടുനില്‍ക്കുകയും ചെയ്തതായി “സര്‍വേ ഓഫ് ഇന്ത്യന്‍ ഹിസ്റ്ററി”യില്‍ സര്‍ദാര്‍ കെ എം പണിക്കര്‍ എഴുതുന്നുണ്ട്. ആഗോള തലത്തില്‍ ഇന്ത്യയെ ശ്രദ്ധേയമാക്കിയ ചരിത്ര സ്മാരകങ്ങള്‍ ഉയര്‍ന്നതും പ്രധാനപ്പെട്ട പല റോഡുകളും നിര്‍മിക്കപ്പെട്ടതും അവരുടെ കാലത്തായിരുന്നു.
ദക്ഷിണേന്ത്യയില്‍ ബ്രിട്ടീഷുകാരുടെ 150 വര്‍ഷം നീണ്ട ഭരണകാലത്തുണ്ടായതിനേക്കാള്‍ കൂടുതല്‍ ഗതാഗത വികസനമുണ്ടായതും വാഹന ഗതാഗതയോഗ്യമായ റോഡുകള്‍ നിര്‍മിതമായതും ഹൈദരലിയുടെയും ടിപ്പുസുല്‍ത്താന്റെയും കാലത്താണ്. അക്കാലത്ത് ഇന്ത്യയിലെ നാട്ടുരാജാക്കന്മാര്‍ തമ്മിലടിച്ചും നാടിന്റെ വികസനത്തിലോ ജനക്ഷേമത്തിലോ ശ്രദ്ധിക്കാതെ ജനങ്ങളെ കൊള്ളയടിച്ചും കഴിയുകയായിരുന്നു. രാജ്യത്തെ ദുര്‍ബല ജനവിഭാഗങ്ങളുടെ അവസ്ഥയും ഇവരുടെ ഭരണത്തില്‍ അതിദയനീയവുമായിരുന്നു. പിന്നാക്ക ജാതിക്കാരെ പീഡിപ്പിക്കുന്നതും അകാരണമായി കൊല്ലുന്നതും പല നാട്ടുരാജാക്കന്മാര്‍ക്കും കൂരവിനോദമായിരുന്നു. സ്ത്രീകള്‍ക്ക് മാറുമറച്ചു നടക്കാനുള്ള അവകാശം പോലുമുണ്ടായിരുന്നില്ല. ടിപ്പുവിനെപ്പോലെയുള്ള ഭരണാധികാരികളുടെ വരവോടെയാണ് ദുര്‍ബല വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും നെടുവീര്‍പ്പിടാനായത്.
ഇന്ത്യയെ മുസ്‌ലിം രാജ്യമാക്കി മാറ്റാന്‍ മുഗളന്‍മാര്‍ തീരുമാനിച്ചിരുന്നെങ്കില്‍ അവര്‍ക്ക് അത് സാധിക്കുമായിരുന്നു. അത് ചെയ്യാതിരുന്നത് അവരുടെ സഹിഷ്ണുത കൊണ്ടായിരുന്നുവെന്ന് ഫെബ്രുവരിയില്‍ ദ ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിഗം പറഞ്ഞതായി കാണാം. ഖജനാവിലെ പണം സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടി തൊടുക പോലും ചെയ്യാതെ, തൊപ്പി തുന്നിയും ഖുര്‍ആന്‍ എഴുതിയുമാണ് മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബ് ജീവിതവൃത്തി കഴിച്ചിരുന്നതെന്നും പ്രജകള്‍ക്കിടയില്‍ അദ്ദേഹം നീതി പുലര്‍ത്തിയിരുന്നതായും ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നാടിനും ജനങ്ങള്‍ക്കും അവര്‍ ചെയ്ത സേവനങ്ങളും ഗുണങ്ങളും കണക്കിലെടുത്താണ് പല റോഡുകള്‍ക്കും അവരുടെ പേരുകള്‍ നല്‍കിയത്. ഇന്നത്തെ ചില ഭരണാധികാരികളെ പോലെ അഹംഭാവത്താല്‍ അവര്‍ അടിച്ചേല്‍പിച്ചതല്ല ആ പേരകളൊന്നും. അവയോട് അസഹിഷ്ണുതയും നീരസവും പ്രകടിപ്പിക്കുന്നവര്‍ അന്ധമായ ന്യൂനപക്ഷ വിരോധം മാറ്റി വെച്ച് ഇന്ത്യാ ചരിത്രം സത്യസന്ധമായി പഠിക്കാന്‍ തയ്യാറാകട്ടെ.

Latest