Connect with us

Articles

കല്ലാംകുഴി ഇരട്ടക്കൊല: ഹരിത ഫാസിസത്തിന്റെ ഉന്മൂലന പദ്ധതി

Published

|

Last Updated

ആധിപത്യമാണ് ഫാസിസത്തിന്റെ ആത്യന്തിക ലക്ഷ്യം, ഉന്മൂലനമാണ് അതിന് വേണ്ടി സ്വീകരിക്കുന്ന അവസാനത്തെ ആയുധം. ഇതിന് രണ്ടിനുമിടയില്‍ പല കളികളും ഫാസിസം കളിക്കും. അജന്‍ഡകള്‍ നിശ്ചയിക്കുകയാണ് ആദ്യം ചെയ്യുക. മാര്‍ഗത്തെക്കുറിച്ച് അവര്‍ക്ക് യാതൊരാശങ്കയുമില്ല. ലക്ഷ്യത്തിലെത്താന്‍ ഏത് മാര്‍ഗവും സ്വീകരിക്കും. ചിലപ്പോള്‍ മതവും ആത്മീയതയും ഉപയോഗപ്പെടുത്തും. സ്‌നേഹം, ദയ, കാരുണ്യം, സേവനം തുടങ്ങിയതാകും മറ്റു ചിലപ്പോള്‍ അവലംബിക്കുക. അപൂര്‍വമായെങ്കിലും താഴുകയും കേഴുകയും ചെയ്‌തെന്നിരിക്കും. കാര്യങ്ങള്‍ വഴിക്കു വരുന്നില്ലെന്ന് കണ്ടാല്‍, കൊള്ളയോ കൂട്ടക്കൊലയോ കലാപമോ തുടങ്ങി ഏത് കൊടിയ ഭീകരമാര്‍ഗവും സ്വീകരിക്കും. നീതി, ന്യായം, സഭ്യത, മാന്യത, മാനവികത, ഇതൊന്നും ഫാസിസത്തിന്റെ വഴികളില്‍ പരിഗണനാ വിഷയങ്ങളേയല്ല. രണ്ട് ലോകമഹാ യുദ്ധങ്ങള്‍ക്ക് വഴിമരുന്നിട്ട നാസിസത്തിന്റെ ചരിത്രവഴികള്‍ പരിശോധിച്ചാല്‍ ഈ രീതികളൊക്കെ കാണാന്‍ കഴിയും. ആധുനിക സാമ്രാജ്യത്വത്തിനു ഫാസിസത്തിന്റെ രീതികളോട് സമാനതകള്‍ കാണാനുണ്ട്.
ഫാസിസത്തിന് നിറഭേദങ്ങളൊന്നുമില്ല. രാജ്യത്ത് നാമതിനെ കാണുന്നത് കാവി നിറത്തിലാണ്. കലാപങ്ങളും കൂട്ടക്കൊലകളും നടത്തിയാണ് ഇന്ത്യന്‍ ഫാസിസം അധികാരത്തിലെത്തിയത്. അധികാര ലബ്ധിക്കു വേണ്ടി ആവശ്യമുള്ളിടത്ത് ആവശ്യം പോലെ ഭീകരതയുടെ മുഖമാണ് അവര്‍ പുറത്തെടുക്കുന്നത്. ഇതിലൂടെ അനുകൂല ഘടകങ്ങളെ ജ്വലിപ്പിച്ചു നിറുത്താം, പ്രതികൂല ഘടകങ്ങളെ ഭീഷണിപ്പെടുത്തി വഴിക്കുവരുത്താം. രണ്ട് സഹോദരങ്ങള്‍ അതിദാരുണമായി കൊല ചെയ്യപ്പെട്ട മണ്ണാര്‍ക്കാട്ടെ കല്ലാം കുഴി പ്രദേശത്ത് കഴിഞ്ഞയാഴ്ച ഒരു പകല്‍ മുഴുവന്‍ ചെലവഴിച്ചു, മതഭേദമില്ലാതെ നിരവധി പേരുമായി സംസാരിച്ചു. പരീക്ഷിച്ചു തുടങ്ങിയ പുതിയൊരു ഫാസിസ്റ്റ് രീതിയുടെ കാല്‍പ്പെരുമാറ്റമാണ് അവിടെ കേട്ടത്. കാവിക്ക് പകരം നിറം പച്ചയാണ് എന്ന വ്യത്യാസമേയുള്ളൂ. മുസ്‌ലിം സമുദായം ഈ ആപത്‌സൂചനയെ ചെറുതായി കാണരുത്.
കല്ലാംകുഴി പള്ളത്ത് വീട്ടില്‍ കുഞ്ഞു ഹംസ, നൂറുദ്ദീന്‍ എന്നിവര്‍ 2013 നവംബര്‍ 20ന് ഭീകരമായി വെട്ടിനുറുക്കി കൊല്ലപ്പെട്ടു. കേസിലെ പ്രതികളെല്ലാം മുസ്‌ലിം ലീഗിന്റെയും പോഷക സംഘടനകളിലേയും അംഗങ്ങളാണ്. പാര്‍ട്ടി ഭാരവാഹിത്വം വഹിക്കുന്ന നേതാക്കളും പ്രതിപ്പട്ടികയിലുണ്ട്. കൊലയിലേക്ക് നയിച്ച സാഹചര്യങ്ങളും കൃത്യം നടപ്പാക്കിയ രീതിയുമാണ് ആപത്ശങ്ക ഉണര്‍ത്തുന്നത്. ഒരു കുടുംബത്തിലെ പുരുഷന്മാരെ കൂട്ടത്തോടെ ഇല്ലാതാക്കാനായിരുന്നു ലക്ഷ്യമിട്ടത്. ഭാഗ്യം കൊണ്ട് മാത്രമാണ് മൂത്തയാള്‍ രക്ഷപ്പെട്ടത്. ഇതിന് മുമ്പ് 1998ല്‍ ഇത്തരത്തില്‍ ഒരു ഉന്മൂലന ശ്രമം പാളിപ്പോയതാണ്. പള്ളത്ത് തറവാട്ടിലേക്ക് തിരിയുന്ന റോഡില്‍ ബോംബ് സ്ഥാപിക്കുകയായിരുന്നു. സെക്കന്റുകളുടെ വ്യത്യാസത്തില്‍ ബോംബ് നേരത്തെ പൊട്ടിയത് കാരണം കുടുംബം സഞ്ചരിച്ച ജീപ്പും അതിലുള്ളവരും അന്ന് പരുക്കുകളോടെ രക്ഷപ്പെട്ടു. ആധിപത്യമാണ് കല്ലാംകുഴിയിലെ അടിസ്ഥാന പ്രശ്‌നം.
പാരമ്പര്യമായി തന്നെ ഈ പ്രദേശത്ത് പള്ളത്ത് വീട്ടുകാര്‍ക്ക് വലിയ സ്വാധീനമുണ്ട്. വലിയ അളവില്‍ ഭൂസ്വത്തും ബിസിനസ്സും സാമ്പത്തിക സ്ഥിതിയും ഉള്ളതിനൊപ്പം മറ്റുള്ളവര്‍ക്ക് വേണ്ടി അത് ചെലവഴിക്കുന്നതിനുള്ള സന്നദ്ധതയും സൗമനസ്യവും ഈ കുടുംബത്തിനുണ്ടായിരുന്നു. പ്രദേശവാസികളാകട്ടെ, ഭൂരിപക്ഷവും ദരിദ്രരും കൂലി വേല ചെയ്ത് ഉപജീവനം കഴിക്കുന്നവരുമാണ്. നാട്ടുകാര്‍ പല തരം ആവശ്യങ്ങള്‍ക്കും തങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കുന്നതിനും ജാതിമത ഭേദമില്ലാതെ ഈ കുടുംബത്തെയാണ് ആശ്രയിച്ചിരുന്നത്.
ആ വീട്ടുമുറ്റത്ത് ചെല്ലാത്തവരോ ഒരു നേരത്തെ ആഹാരമെങ്കിലും കഴിക്കാത്തവരോ അവരില്‍ നിന്ന് സാമ്പത്തിക സഹായം സ്വീകരിക്കാത്തവരോ നാട്ടില്‍ വിരളമാണ്. അയല്‍ പ്രദേശങ്ങളില്‍ നിന്ന് പോലും പല തരം ആവശ്യങ്ങള്‍ക്ക് പള്ളത്ത് വീട്ടില്‍ ആളുകള്‍ വന്നിരുന്നു. ക്രമേണ മുസ്‌ലിം ലീഗ് പാര്‍ട്ടിക്ക് നാട്ടില്‍ ആളുകളുണ്ടായി. വേരുകളുണ്ടായി, സംഘടനാ സംവിധാനങ്ങള്‍ വളര്‍ന്നു. നാട്ടില്‍ ചുവടുറപ്പിക്കേണ്ടത് പാര്‍ട്ടിയുടെ ആവശ്യമായിരുന്നു. പാര്‍ട്ടി ശാക്തീകരണത്തിനുള്ള ശ്രമങ്ങളെല്ലാം പള്ളത്ത് കുടുംബത്തിന്റെ ഈ സ്വാധീനത്തിന് മുമ്പില്‍ വഴിമുട്ടി നിന്നു. 2013 നവംബര്‍ 20ന് പാര്‍ട്ടി ആ മാര്‍ഗ തടസ്സങ്ങള്‍ വെട്ടിമാറ്റി. ഇരട്ടക്കൊലപാതകത്തില്‍ ലീഗിന്റെ പങ്ക് പകല്‍വെളിച്ചം പോലെ സ്പഷ്ടമായപ്പോള്‍ ഊരോ പേരോ വെക്കാതെ പാര്‍ട്ടിക്കാര്‍ ഇറക്കിയ ഒന്‍പത് പേജുവരുന്ന ഒരു വിശദീകരണക്കുറിപ്പുണ്ട്. ഒട്ടും നിര്‍മാണ വൈഭവമില്ലാത്ത ഒരാളാണ് പാര്‍ട്ടിക്ക് വേണ്ടി അത് തയ്യാറാക്കിയത്. “അച്ഛന്‍ പത്തായത്തില്‍ കൂടിയില്ല” എന്ന തരത്തില്‍ എഴുതിയ ഈ കുറിപ്പില്‍ നാലഞ്ച് പേജുകള്‍ നിറയെ പറയാതെ പറയുന്നത് പള്ളത്ത് കുടുംബത്തിന് കല്ലാംകുഴി പ്രദേശത്തുള്ള സ്വാധീനത്തെയും സ്വീകാര്യതയെയും കുറിച്ചാണ്. മറ്റുള്ളവര്‍ക്ക് വേണ്ടി പണവും അധ്വാനവും ചെലവഴിക്കാന്‍ ഈ കുടുംബത്തിന് യാതൊരു വൈമനസ്യവുമില്ല. പാവപ്പെട്ടവരുടെ ചികിത്സക്കും കുട്ടികളെ കെട്ടിച്ചയക്കാനും ഭവന നിര്‍മാണത്തിനും എന്ന് വേണ്ട നന്മയുടെ എല്ലാ വഴികളിലും ഈ കുടുംബം നാട്ടുകാര്‍ക്കൊപ്പം ഉണ്ടായിരുന്നു. പാര്‍ട്ടി ആലോചിച്ചുറപ്പിച്ച് ഗ്രൂപ്പും മതവും നോക്കി ഒരുങ്ങിഇറങ്ങി വരുമ്പോഴേക്കും കുഞ്ഞുഹംസ കാര്യങ്ങള്‍ നടത്തിക്കഴിഞ്ഞിരിക്കും. രമേശനും രാധികക്കും മുഹമ്മദിനും അബൂബക്കറിനും സൈനബക്കും പറയാനുള്ളത് ഒരേ സ്വരത്തിലാണ്. “”ഞങ്ങളുടെ രക്ഷകരെ അവര്‍ കൊന്നു. ഒന്നും ഉറക്കെ പറഞ്ഞുകൂടാ സാറേ, അവന്മാര്‍ ദ്രോഹിക്കും…”പറഞ്ഞുവരുമ്പോള്‍ നാട്ടുകാര്‍ക്ക് കണ്ണീരൊടുങ്ങുന്നില്ല.
നാട്ടിലെ മസ്ജിദുകള്‍, മദ്‌റസകള്‍, മതപരമായ പരിപാടികള്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഇവര്‍ എല്ലാവരുമായും സഹകരിച്ചിരുന്നു. ഒരു വിവേചനവും ആരോടുമില്ല. പള്ളത്ത് കുടുംബം മുന്‍കൈ എടുത്താണ് പ്രദേശത്തെ പുല്ലട്ട മസ്ജിദ് പുനര്‍നിര്‍മിച്ചത്. ഉദ്ഘാടന ചടങ്ങിന് വന്ന ലീഗ് നേതാക്കള്‍ അടക്കമുള്ളവര്‍ പാടിപ്പുകഴ്ത്തിയത് ഈ കുടുംബത്തെ. അരിപ്പനഴി തുടങ്ങി അടുത്ത രണ്ട് മഹല്ലുകളില്‍ നിന്നു പോലും മസ്‌ലഹത്തിന് വേണ്ടി ഇവരെ സമീപിക്കാറുണ്ടായിരുന്നു. ഒരു നാടിന്റെ നട്ടെല്ലാണ് മുസ്‌ലിം ലീഗ് തകര്‍ത്തത്.
കല്ലാംകുഴി ഇരട്ടക്കൊലക്ക് പിന്നില്‍ വേറെയുമുണ്ടായിരുന്നു താത്പര്യങ്ങള്‍. നാടാകെ മഹല്ലും മസ്ജിദുകളും പിടിച്ചടക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ചേളാരി സമസ്തക്കാരായിരുന്നു ഈ താത്പര്യക്കാര്‍. കൊല ചെയ്യപ്പെട്ട സഹോദരങ്ങളുടെ പിതാവ് മുഹമ്മദ് ഹാജി ദാനം ചെയ്ത ഭൂമിയിലാണ് മഹല്ല് ജുമുഅ മസ്ജിദ് നിലകൊള്ളുന്നത്. പണ്ഡിതനും സ്വാത്വികനമായ ഹാജി മരിക്കുന്നത് വരെ മുതവല്ലിയായിരുന്നു. രോഗബാധിതനായി ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിയാതാകുന്നത് വരെ ദീര്‍ഘകാലം മഹല്ല് സെക്രട്ടറിയും അദ്ദേഹമായിരുന്നു. സ്വാഭാവികമായും മക്കള്‍ക്കും കുടുംബത്തിനും മഹല്ലിലെ ദീനീ സ്ഥാപനങ്ങളില്‍ ഒരു മേല്‍കൈ ഉണ്ടായിരുന്നു. സമസ്തയില്‍ പ്രശ്‌നങ്ങളുണ്ടായ 1989 കാലം മുതല്‍ മഹല്ലില്‍ ഇരു വിഭാഗവും സജീവമായിരുന്നെങ്കിലും തര്‍ക്കങ്ങളും വഴക്കുകളും ഒഴിവാക്കാന്‍ ഈ കുടുംബം അതീവ ശ്രദ്ധ കാണിച്ചിരുന്നു. ഇരു പക്ഷവും സംഘടനാ പരിപാടികള്‍ നടത്തിയിരുന്നത് പരസ്പരം സഹകരിച്ചായിരുന്നു. മഹല്ലിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പൊതു സ്വത്തായി ദീനീ സ്ഥാപനങ്ങള്‍ നിലനിര്‍ത്താനാണ് സുന്നീ പക്ഷം ശ്രദ്ധിച്ചുപോന്നത്. പുതിയ പിടിച്ചടക്കല്‍ പദ്ധതി മഹല്ലില്‍ പ്രശ്‌നങ്ങളുണ്ടാക്കി. തണല്‍ എന്ന പേരില്‍ ഒരു പണപ്പിരിവ് സംഘടന മസ്ജിദിനകത്ത് തന്നെ പാര്‍ട്ടി പിരിവ് നടത്താന്‍ വാശി പിടിച്ചതാണ് പ്രശ്‌നമായത്. മസ്ജിദിന് പുറത്ത് ആര്‍ക്കും പിരിവ് നടത്താം. താത്പര്യമുള്ളവര്‍ക്ക് അതിനോട് സഹകരിക്കാം. അകത്ത് ഇരു വിഭാഗത്തിന്റെയും പിരിവ് വേണ്ട. ഇതായിരുന്നു പൊതു താത്പര്യം. ഒരനുരഞ്ജനത്തിനും വഴങ്ങാതെ മറുപക്ഷം ബലം പ്രയോഗിച്ച് പണപ്പിരിവ് നടത്താന്‍ ഒരുമ്പെട്ടപ്പോള്‍ പ്രശ്‌ന പരിഹാരത്തിന് നിയമത്തിന്റെ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതായി വന്നു. അങ്ങനെയാണ് പണപ്പിരിവിനെതിരെ കുഞ്ഞുഹംസ വഖ്ഫ് ട്രൈബ്യൂണലില്‍ നിന്ന് വിധി സമ്പാദിച്ചത്. ഇരട്ടക്കൊലയിലേക്ക് നയിച്ച സംഭവ വികാസങ്ങളില്‍ ചേളാരി സമസ്തയുടെ പങ്കും വ്യക്തമാണ്. മുസ്‌ലിം ലീഗ് ഉയര്‍ത്തിയ രാഷ്ട്രീയ സമ്മര്‍ദങ്ങളെ നേരിടാന്‍ മറുരാഷ്ട്രീയം തന്നെ വേണമെന്നായപ്പോഴാണ് സ്വാഭാവികമായും പലരും ഇടതുപക്ഷ സംഘടനകളില്‍ അഭയം തേടേണ്ടതായി വന്നത്. ലീഗ് വിളിച്ചുവരുത്തിയതായിരുന്നു ഈ പ്രതിസന്ധി. ഇതോടെ പ്രദേശത്ത് ലീഗ് വിരുദ്ധ ചേരിയെ എന്തു വില കൊടുത്തും ഇല്ലാതാക്കുക എന്ന ഫാസിസ്റ്റ് രീതി നടപ്പിലാക്കാന്‍ ഗൂഢാലോചനകള്‍ നടന്നു. എല്ലാ തലങ്ങളിലും ലീഗ് വിരുദ്ധ മറുപക്ഷത്തിന്റെ കേന്ദ്ര ബിന്ദു പള്ളത്ത് തറവാടാണെന്ന് കണ്ടെത്തി. 2013 നവംബര്‍ 20ന് നടപ്പാക്കിയത് എല്ലാ എതിര്‍ശബ്ദങ്ങളും ഇല്ലാതാക്കാനുള്ള ഉന്മൂലന പദ്ധതിയാണ്.
സംഭവത്തിന്റെ തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ നാട്ടില്‍ തുടരെത്തുടരെ പ്രശ്‌നങ്ങളുണ്ടായി. പള്ളത്ത് കുടുംബത്തെ തെറി പറയാനായി ലീഗ് പ്രാദേശിക റാലിയും സമ്മേളനവും നടത്തി. അതിനിടെ സി പി എം യുവജന വിഭാഗവും റാലി നടത്തി, റാലികളില്‍ പോര്‍വിളികളുണ്ടായി. സുന്നീ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു. പലതവണ പോലീസ് ഇടപെടലും കേസുകളും ഉണ്ടായി. തണല്‍ മുസീബത്തിന്റെ പേരിലും പ്രദേശത്ത് പോലീസ് നടപടി വന്നു. നാടിന്റെ ഉറക്കം കെടുത്തുന്ന തരത്തില്‍ പ്രശ്‌നങ്ങള്‍ കത്തിപ്പടരുന്നതു കണ്ടപ്പോള്‍ കുഞ്ഞുഹംസയും നൂറുദ്ദീനും തന്നെ മുന്‍കൈയെടുത്ത് സമാധാന ശ്രമങ്ങള്‍ ആരംഭിച്ചു. തങ്ങളുടെ പക്ഷത്തെ പ്രായവും പക്വതയും ചെന്ന നാലഞ്ചു കാരണവന്മാരെയാണ് ലീഗ് നേതൃത്വവുമായി സംസാരിക്കാന്‍ സുന്നീ പക്ഷം ആദ്യം നിയോഗിച്ചത്. ചെറുപ്പക്കാര്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ വഷളാക്കാതിരിക്കാനായിരുന്നു ഈ മുന്‍കരുതല്‍. ലീഗ് നേതാവ് അബ്ദുല്ലക്കോയയുടെ വീട്ടില്‍ ചര്‍ച്ചക്ക് ചെന്നവര്‍ കാണുന്നത് എന്തിനും തയ്യാറായി വീട്ടിലും പരിസരത്തും നിലയുറപ്പിച്ചിരിക്കുന്ന ലീഗ് ക്രിമിനല്‍ സംഘത്തെയാണ്. ആകെ പ്രശ്‌നമാണെന്നും ഉടനെ സ്ഥലം വിട്ടുകൊള്ളാനുമായിരുന്നു ചര്‍ച്ചക്ക് വിളിച്ച നേതാക്കളുടെ ഉപദേശം.
സൗഹൃദത്തിന്റെ സാധ്യതകള്‍ തേടി വീണ്ടും അബ്ദുല്ലക്കോയയുമായി ബന്ധപ്പെട്ടപ്പോള്‍ മൂന്ന് ദിവസം കഴിഞ്ഞ് ചര്‍ച്ചയാകാം എന്നായിരുന്നു മറുപടി. ആ മൂന്നാം ദിവസമാണ് കുഞ്ഞു ഹംസയും നൂറുദ്ദീനും നാടിന്റെ നന്മക്ക് വേണ്ടി ഒരാപത്ശങ്കയുമില്ലാതെ ലീഗ് നേതാവിന്റെ വീട്ടിലേക്ക് ചെന്നത്. നൂറുദ്ദീന്‍ സ്വന്തം ജീപ്പിലും കുഞ്ഞു ഹംസ ഒരു പ്രവര്‍ത്തകന്റെ ബൈക്കിന് പിന്നിലുമാണ് പുറപ്പെട്ടത്. അനുജന്മാര്‍ ചര്‍ച്ചക്ക് പോയതറിഞ്ഞ് കാര്യമറിയാന്‍ പിന്നാലെ ചെന്നതാണ് കുഞ്ഞുമുഹമ്മദ്. രാത്രി ഒമ്പതര. വൈദ്യുതി വിച്ഛേദിച്ചിരിക്കുന്നു. മൂന്ന് പേരും ചെന്നുപെട്ടത് അബ്ദുല്ലക്കോയയുടെ വീട്ടുപരിസരത്ത് പതിയിരുന്ന കൊലയാളി സംഘത്തിന്റെ വലയിലാണ്. ഇതൊരു വഞ്ചനയായിരുന്നു. ഇതിനു പിന്നില്‍ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ട്. കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ട്. വന്‍ തോതില്‍ പണം ഇറങ്ങിയിട്ടുണ്ട്. കല്ലാംകുഴിയിലും കാഞ്ഞിരപ്പുഴയിലും മാത്രമല്ല, മണ്ണാര്‍ക്കാട്ടെയും അതിനു പുറത്തെയും ലീഗ് നേതൃത്വങ്ങള്‍ക്ക് അറിവും പങ്കുമില്ലാതെ ഈ അരുംകൊല നടക്കില്ലെന്ന് നാട്ടുകാര്‍ ഉറപ്പിച്ചു പറയുന്നു.
സംഭവത്തിന്റെ തലേന്ന് രാത്രി പ്രാദേശിക പാര്‍ട്ടി നേതാവിന്റെ വീട്ടില്‍ നാല്‍പ്പതോളം പേര്‍ പങ്കെടുത്ത രഹസ്യ യോഗം നടന്നതായി പിന്നീട് പോലീസിന് വിവരം ലഭിച്ചിരുന്നു. കുഞ്ഞു ഹംസയും നൂറുദ്ദീനും അബ്ദുല്ലക്കോയയുടെ വീട്ടുപരിസരത്തെത്തുമ്പോള്‍ രാത്രി ഒമ്പതര കഴിഞ്ഞിരുന്നു. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. കൊലയാളി സംഘം വാഹനത്തില്‍ നിന്ന് പിടിച്ചിറക്കി ആക്രമിച്ചു. മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടും കുത്തും തുടങ്ങി. രംഗം കണ്ടുകൊണ്ടാണ് കുഞ്ഞുമുഹമ്മദ് സ്ഥലത്തെത്തുന്നത്. അദ്ദേഹത്തെയും ആക്രമിച്ചു. വടിവാള്‍ കൊണ്ടുള്ള വെട്ടേറ്റ് അദ്ദേഹം മരിച്ചു എന്നാണ് അക്രമികള്‍ കരുതിയത്. ശ്രദ്ധമാറിയപ്പോള്‍ തൊട്ടടുത്ത ചായക്കടയുടെ അകത്ത് കയറി അദ്ദേഹം കുഴഞ്ഞുവീണു. മറ്റു രണ്ടുപേര്‍ ജീവന് വേണ്ടി കേണു. ഗുജറാത്ത് കലാപത്തില്‍ സംഘ്പരിവാര്‍ കാപാലികര്‍ കുതുബുദ്ദീന്‍ അന്‍സാരിയോട് കാണിച്ച ദയ പോലും ലീഗിന്റെ പാര്‍ട്ടിക്കൊലയാളികള്‍ ഈ മനുഷ്യരോട് കാണിച്ചില്ല.
ഈ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരെ കൊലയാളികള്‍ ആയുധം വീശി അകറ്റി. ആര്‍ക്കും ഒന്നും ചെയ്യാനായില്ല. ഇതിനിടെ കടയില്‍ കയറി രക്ഷപ്പെട്ട കുഞ്ഞുമുഹമ്മദിന് നേരെയായി കൊലയാളികളുടെ ശ്രദ്ധ. കടയുടമ വാതില്‍ തുറക്കാന്‍ കൂട്ടാക്കിയില്ല. അങ്ങനെ ആ ശ്രമം വിഫലമായി. വീണ്ടും റോഡിലേക്കിറങ്ങുമ്പോഴാണ് പാതി പ്രാണനുമായി നൂറുദ്ദീന്‍ വലിഞ്ഞിഴഞ്ഞ് അടുത്ത വീട്ടുപടിക്കലെത്തി ദാഹജലത്തിന് കേഴുന്നത് കണ്ടത്. തിരിച്ചുവന്ന സംഘം നൂറുദ്ദീനെ റോഡിലേക്ക് തന്നെ വലിച്ചിഴച്ച് വെള്ളം ചോദിച്ചതിനൊരാള്‍ കവച്ചുനിന്ന് വായില്‍ മൂത്രമൊഴിച്ചുകൊടുത്തു. പിന്നെ ഇരുമ്പ് ദണ്ഡ് കൊണ്ട് വായും മുഖവും അടിച്ചു തകര്‍ത്തു. നൂറുദ്ദീന്‍ അവിടെ തന്നെ മരിച്ചുവീണു.
എന്നിട്ടും കൊലയാളികളുടെ കലി അടങ്ങിയില്ല. മയ്യിത്തിനെ അടുത്ത വീടിന്റെ പിന്‍വശത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ഭേദ്യം ചെയ്തു. കണ്ണുകള്‍ ചൂഴ്ന്നു, കഴുത്തറുത്തു, മുഖം വികൃതമാക്കി. കൈകാലുകള്‍ വെട്ടിനുറുക്കി…. പോലീസ് എത്തുന്നു എന്നറിഞ്ഞപ്പോഴാണ് കൊലയാളികള്‍ പിന്തിരിഞ്ഞത്. കുഞ്ഞുഹംസയെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി വഴിയില്‍ അദ്ദേഹം മരിച്ചു. കുഞ്ഞുമുഹമ്മദിന് ജീവന്‍ തിരിച്ചുകിട്ടി. നൂറുദ്ദീന് എന്ത് സംഭവിച്ചു എന്ന് നിശ്ചയമില്ലായിരുന്നു. പോലീസ് വന്ന് വളരെ നേരം തിരഞ്ഞാണ് ഇരുട്ടില്‍ നിന്ന് വികൃതമായ മയ്യിത്ത് കണ്ടുകിട്ടിയത്. (തുടരും)

---- facebook comment plugin here -----

Latest