ഹമദ് ബിന്‍ ഖലീഫ മെഡിക്കല്‍ സിറ്റി ഹോസ്പിറ്റലുകള്‍ പ്രവര്‍ത്തനസജ്ജം

Posted on: May 12, 2016 9:17 pm | Last updated: May 12, 2016 at 9:17 pm

ദോഹ: ഹമദ് ബിന്‍ ഖലീഫ മെഡിക്കല്‍ സിറ്റിയിലെ ആശുപത്രി കെട്ടിടങ്ങളുടെ നിര്‍മാണവും ഉപകരണ സജ്ജീകരണവും പൂര്‍ത്തിയായതായി അശ്ഗാല്‍ അറിയിച്ചു. മൂന്നു പ്രധാന കെട്ടിടങ്ങള്‍, ആംബുലേറ്ററി കെയര്‍ സെന്റര്‍, ഖത്വര്‍ റീഹാബിലിറ്റേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട്, വുമന്‍സ് വെല്‍നസ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ എന്നീ ആശുപത്രികളുടെ നിര്‍മാണമാണ് പൂര്‍ത്തിയായത്.
കെട്ടിടങ്ങളുടെ പരിശോധനയും ആശുപത്രികളില്‍ സജ്ജീകരിച്ച സാങ്കേതിക ഉപകരണങ്ങളുടെ കാര്യക്ഷമതാ പരിശോധനയും പരിശീലന പ്രവര്‍ത്തനവും കഴിഞ്ഞ ദിവസങ്ങളില്‍ നടത്തി. ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥരാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്. മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ആശുപത്രികളും സൗകര്യങ്ങളും അധികൃതര്‍ വിശദീകരിച്ചു. സെന്ററുകളില്‍ സജ്ജമാക്കിയ അത്യാധുനിക സൗകര്യങ്ങള്‍, സംവിധാനങ്ങള്‍ എന്നിവ അധികൃതര്‍ വിശദീകരിച്ചു. ബില്‍ഡിംഗ് പ്രൊജക്ട് മാനേജ്‌മെന്റ് വിഭാഗം ഹെല്‍ത്ത് പ്രോജക്ട് വിഭാഗം മേധാവി എന്‍ജിനീയര്‍ അബ്ദുല്‍ മുഹ്‌സിന്‍ ഹസന്‍ അല്‍ റാശിദ് ആശുപത്രികളിലെ സൗകര്യങ്ങള്‍ വിശദീകരിച്ചു.
രാജ്യത്തെ പ്രധാനപ്പെട്ട മൂന്ന് ആരോഗ്യസേവന കേന്ദ്രങ്ങളാണ് ഹമദ് ബിന്‍ ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ സജ്ജമായിരിക്കുന്നത്. ആകെ 227,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുണ്ട് മൂന്നു ആശുപത്രികള്‍ക്ക്. 559 ബെഡുകള്‍ക്കുള്ള ശേഷിയും. ലോകോത്തര നിലാവാരത്തിലും സവിശേഷതകളോടെയുമാണ് ആശുപത്രികള്‍ നിര്‍മിച്ചിരിക്കുന്നത്. മികച്ച സാമഗ്രികളാണ് നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്ന് അധികൃതര്‍ വിശദീകരിച്ചു. രോഗികള്‍ക്ക് ആയാസം സൃഷ്ടിക്കാത്തതും മാനസികവും ശാരീരികവുമായ ഉന്മേഷം നല്‍കുന്ന പെയിന്റുകളും നിറങ്ങളും രൂപകല്‍പ്പനയുമാണ് ഉപയോഗിച്ചത്. പ്രതിദിനം 8000 പേര്‍ക്ക് ഭക്ഷണമൊരുക്കാവുന്ന മെഡിക്കല്‍ സിറ്റിയിലെ പ്രധാന കിച്ചണും പദ്ധതിയുടെ ഭാഗമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഫാര്‍മസി റോബോട്ടിക് സിസ്റ്റവും ആശുപത്രി ഫാര്‍മസികളില്‍ സജ്ജമാക്കി.