മെത്രാഷ് മൊബൈല്‍ ആപ്പില്‍ മലയാളമുള്‍പ്പെടെ ആറു ഭാഷകള്‍

Posted on: May 12, 2016 7:48 pm | Last updated: May 12, 2016 at 7:48 pm

methrash 2ദോഹ: ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കായുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍, മെത്രാഷ് രണ്ട് കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തി അപ്‌ഡേറ്റ് ചെയ്തു. മലയാളമുള്‍പ്പെടെ ഇപ്പോള്‍ ആറു ഭാഷകളില്‍ ആപ്പ് ഉപയോഗിക്കാം. മലയാളത്തിനു പുറമേ സ്പാനിഷ്, ഫ്രഞ്ച്, ഉറുദു ഭാഷകളാണ് പുതുതായി ചേര്‍ത്തവ. അറബിയിലും ഇംഗ്ലീഷിലുമായിരുന്നു നേരത്തേ ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നത്. കമ്യൂണിറ്റി പോലീസിംഗ്, ട്രാവല്‍ ബാന്‍ അന്വേഷണം, ലൊക്കേഷന്‍ അന്വേഷണം എന്നീ സേവനങ്ങളും പുതിയ വേര്‍ഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രാജ്യത്ത് കൂടുതലുള്ള പ്രവാസി സമൂഹത്തിന് ഉപയോഗയോഗ്യമാക്കുന്നതിനു വേണ്ടിയാണ് പുതിയ ഭാഷകള്‍ ഉള്‍പ്പെടുത്തിയതെന്നും ആറു ഭാഷകളിലും ആപ്പിന്റെ എല്ലാ സേവനങ്ങളും ഉപയോഗിക്കാനാകുമെന്നും ആഭ്യന്തര മന്ത്രാലയം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം അസിസ്റ്റന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുര്‍റഹ്മാന്‍ അല്‍ മാലികി പറഞ്ഞു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരു പോലെ ഉപയോഗിക്കാന്‍ കഴിയുന്ന വിധം കമ്യൂണിറ്റി പോലീസ് സേവനം ഉള്‍പ്പെടുത്തിയതും പ്രധാനമാണ്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, നിരോധിത വസ്തുക്കളുടെ വില്‍പ്പന, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍ പെടുമ്പോള്‍ നേരിട്ട് പോലീസില്‍ അറിയിക്കാന്‍ മെത്രാഷ് വഴി സാധിക്കും.
കുടുംബ തര്‍ക്കങ്ങള്‍, പെരുമാറ്റദൂഷ്യം, സാമൂഹിക സഹായം ആവശ്യമുള്ള ഘട്ടങ്ങള്‍ എന്നിവയും അറിയിക്കാം. കമ്യൂണിറ്റി പോലീസ് പ്രതിനിധികളെ ബോധവത്കരണത്തിന് ലഭിക്കുന്നതിനും കമ്പനികള്‍, വിദ്യാലയങ്ങള്‍, പരിപാടികളിലെ പങ്കാളിത്തം എന്നിവക്കു ക്ഷണിക്കുന്നതിനും ആപ്പ് ഉപയോഗിക്കാം. കേടുവന്ന റോഡുകള്‍, ട്രാഫിക് സൈന്‍ബോര്‍ഡുകള്‍, സിഗ്‌നലുകള്‍ പ്രവര്‍ത്തിക്കാതിരിക്കല്‍ തുടങ്ങിയ ഘട്ടങ്ങളിലും കമ്യൂണിറ്റി പോലീസിനെ അറിയിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
വ്യക്തികളും കമ്പനികളുമുള്‍പ്പെടെ 241,000 പേര്‍ ഇതിനകം മെത്രാഷ് രണ്ട് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. 120 ഓണ്‍ലൈന്‍ സേവനങ്ങളാണ് മെത്രാഷ് വഴി മന്ത്രാലയം നല്‍കുന്നത്. ഇതിനകം 180,000 റസിഡന്റ്‌സ് പെര്‍മിറ്റ് പുതുക്കല്‍, 140,000 വാഹന ഓണര്‍ഷിപ്പ് ട്രാന്‍സ്ഫര്‍, 25,000 ഫാന്‍സി വാഹന നമ്പര്‍ ട്രാന്‍സ്ഫര്‍, 15,000 ഇ ഗേറ്റ് ആക്ടിവേഷന്‍, 10,000 ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍ എന്നിവ മെത്രാഷ് വഴി പൂര്‍ത്തിയാക്കി.
ആന്‍ഡ്രോയ്ഡ്, ഐ ഒ എസ് പ്ലാറ്റ്‌ഫോമുകളിലാണ് മെത്രാഷ് ലഭ്യമാക്കിയിരിക്കുന്നത്. പണമയക്കല്‍ ഉള്‍പ്പെടെ സര്‍വീസ് സെന്ററുകള്‍ നേരിട്ട് സന്ദര്‍ശിക്കാതെ തന്നെ ലഭ്യമാകുന്ന രീതിയിലാണ് ഇലക്‌ട്രോണിക് സേവനങ്ങള്‍ നല്‍കുന്നത്. ഒന്നിലധികം ഡിവൈസുകളില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ട്.
ഖത്വര്‍ ഐഡിയും സ്മാര്‍ട്ട് കാര്‍ഡും ഉപയോഗിച്ച് മെത്രാഷ് ആക്ടിവേറ്റ് ചെയ്യാം. സേവന സഹായത്തിനു വേണ്ടി 24 മണിക്കൂര്‍ ഹെല്‍പ്പ് ലൈനും പ്രവര്‍ത്തിക്കുന്നു, നമ്പര്‍: 2342000.