ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫിനെ ഇംപീച്ച് ചെയ്യാന്‍ സെനറ്റിന്റെ അംഗീകാരം

Posted on: May 12, 2016 6:22 pm | Last updated: May 12, 2016 at 6:22 pm

dilmaബ്രസീലിയ: ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫിനെ പുറത്താക്കാനുള്ള ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റിന്റെ അംഗീകാരം. അധോസഭ നേരത്തെ തന്നെ ഇംപീച്ച്‌മെന്റ് പ്രമേയം അംഗീകരിച്ചിരുന്നു. ഇതോടെ ദില്‍മ റൂസഫ് സസ്‌പെന്‍ഷനിലായി. ഇംപീച്ച്‌മെന്റ് നടപടികള്‍ തീരുന്നത് വരെ ആറ് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. ഇംപീച്ച്‌മെന്റ് നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ദില്‍മ സുപ്രീം കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഹര്‍ജി കോടതി തള്ളി

ദില്‍മക്കെതിരായ നടപടി ആസൂത്രണം ചെയ്യുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന വൈസ് പ്രസിഡന്റ് മൈക്കള്‍ ടെമര്‍ താല്‍ക്കാലിക പ്രസിഡന്റാകും. 22നെതിരെ 55 വോട്ടുകള്‍ക്കാണ് ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്. ബഡ്ജറ്റുമായി ബന്ധപ്പെട്ട് ക്രമക്കേടും ചട്ടലംഘനവും നടത്തിയെന്ന് ആരോപിച്ചാണ് ഇംപീച്ച്‌മെന്റ് കൊണ്ടുവന്നത്. പുറത്താക്കല്‍ നടപടി പൂര്‍ത്തിയാക്കാന്‍ എതിര്‍കക്ഷികള്‍ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. മുന്‍ പ്രസിഡന്റ് ലുല ഡ സില്‍വയുടെ ഇടതു പാര്‍ട്ടിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടി നേതാവാണ് ദില്‍മ റൂസഫ്. മധ്യവലതുകക്ഷിയായ പി.എം.ഡി.ബി പാര്‍ട്ടി നേതാവാണ് ടെമര്‍. ഇംപീച്ച്‌മെന്റ് നടപടി തനിക്കെതിരായ ഗൂഢാലോചനയാണെന്ന് ദില്‍മ ആരോപിച്ചു. ദില്‍മയുടെ ഒദ്യോഗിക വസതിക്ക് മുന്നില്‍ പിനിതുനൂറ് കണക്കിന് പ്രവര്‍ത്തകര്‍ തടിച്ചുകൂടി. ആഗസ്റ്റില്‍ റിയോ ഡി ജനീറോയില്‍ ഒളിമ്പ്ക്‌സ് നടക്കാനിരിക്കെ സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികളില്‍ ഉഴലുകയാണ് ബ്രസീല്‍.